കുഞ്ഞുകൈകളുടെ വലിയ വരകൾ ലോകം കാണട്ടെ...
text_fieldsഷാർജ: ഓരോ കുട്ടികളും കലാകാരന്മാരാണെന്ന് പറഞ്ഞത് പ്രശസ്ത ചിത്രകാരൻ പാബ്ലോ പികാസോയാണ്. അത് കണ്ടെത്തുന്നതിലാണ് മാതാപിതാക്കളുടെ വിജയം. നിങ്ങളുടെ മക്കളിലും കലാകാരൻമാരും കലാകാരികളും ഒളിഞ്ഞിരിപ്പുണ്ടാകും. അത് ചെറുതാകട്ടെ, വലുതാകട്ടെ, അവരുടെ കലാവിരുതുകൾ പുറത്തെടുക്കാനും പ്രോത്സാഹനമേകാനും അവസരമൊരുക്കുകയാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരള.
മേയ് 19, 20, 21 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിനോദ, സാംസ്കാരിക, വാണിജ്യ മേളയായ ‘കമോൺ കേരള’യിൽ ഇത്തവണ കൊച്ചു കൂട്ടുകാർക്കും ഇമ്മിണി ബല്യ അവസരമുണ്ടാകും. ‘ലിറ്റിൽ ആർട്ടിസ്റ്റ്’എന്ന തത്സമയ ചിത്രരചന മത്സരത്തിലൂടെ കൊച്ചുകുട്ടികളിലെ പ്രതിഭകളെ കലയുടെ ലോകത്തേക്ക് കൈപിടിച്ചിറക്കുകയാണ് ‘ഗൾഫ് മാധ്യമം’. ഷാർജ എക്സ്പോ സെന്ററിലെ വിശാലമായ ഹാളാണ് ഇതിനായി ഒരുക്കുന്നത്.
രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടക്കുക. ‘കമോൺ കേരള’യുടെ ഉദ്ഘാടന ദിവസമായ മേയ് 19ന് ഉച്ചക്ക് 2.30 മുതൽ വൈകീട്ട് നാലുവരെ ജൂനിയർ വിഭാഗം മത്സരം അരങ്ങേറും. നാലു മുതൽ ഏഴ് വയസ്സ് വരെയുള്ളവർക്കാണ് ഈ മത്സരം.രണ്ടാംദിനമായ ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ സീനിയർ വിഭാഗം മത്സരം നടക്കും. എട്ടു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളായിരിക്കും ഇതിൽ പങ്കെടുക്കുക. കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാനുള്ള വേദികൂടിയാണ് ലിറ്റിൽ ആർട്ടിസ്റ്റ്. വരകളുടെ ലോകത്തെ പുതിയ പ്രതിഭകളെ കണ്ടെത്തുക എന്നത് മാത്രമല്ല, കുട്ടികൾക്ക് പ്രോത്സാഹനം നൽകുക എന്നതും ലക്ഷ്യമിട്ടാണ് ലിറ്റിൽ ആർട്ടിസ്റ്റ് സംഘടിപ്പിക്കുന്നത്. സൗജന്യമായി രജിസ്റ്റർ ചെയ്ത് മത്സരത്തിന്റെ ഭാഗമാകാം.
ചിത്രരചനക്കെത്തുന്ന കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ദിവസം മുഴുവൻ ഉല്ലസിക്കാനും സമ്മാനങ്ങൾ വാരിയെടുക്കാനുമുള്ള വിവിധ പരിപാടികളും കമോൺ കേരളയിലുണ്ടാകും. രാവിലെ 10 മുതൽ രാത്രി 10 വരെ അൺലിമിറ്റഡ് ആഘോഷങ്ങളാണ് കമോൺ കേരളയിൽ ഒരുക്കിയിരിക്കുന്നത്.
കല്ലുവും മാത്തുവും വിളയാടുന്ന മച്ചാൻസ് ഇൻ ഷാർജ, പാചക വിദഗ്ധരെ കണ്ടെത്തുന്ന ഡസർട്ട് മാസ്റ്റർ, മാജിക് വർക് ഷോപ്, ഫാമിലി ഗെയിം ഷോ, മാണി പോളും പേളി മാണിയും അവതരിപ്പിക്കുന്ന പേളി പോൾ ഷോ, പാട്ടുപാടി സമ്മാനം സ്വന്തമാക്കാവുന്ന സിങ് ആൻഡ് വിൻ തുടങ്ങിയവയെല്ലാം കുടുംബങ്ങളെ ആഘോഷത്തിമിർപ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പരിപാടികളാണ്. വാരാന്ത്യ അവധി ദിനങ്ങൾ പൂർണമായും കമോൺ കേരള വേദിയിൽ അടിച്ചുപൊളിക്കാനുള്ള സർവ സന്നാഹങ്ങളുമായാണ് അഞ്ചാം സീസൺ അരങ്ങിലെത്തുന്നത്.
കഴിഞ്ഞ വർഷം ഓണാഘോഷത്തോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ ലിറ്റിൽ ആർട്ടിസ്റ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത്. ഇതിന്റെ വിജയമാണ് കമോൺ കേരളയിലും ലിറ്റിൽ ആർട്ടിസ്റ്റ് മത്സരം ഏർപ്പെടുത്താൻ ‘ഗൾഫ് മാധ്യമ’ത്തിന് പ്രചോദനം പകർന്നത്. https://cokuae.com/littleartist വെബ്സൈറ്റിലൂടെ ചുരുക്കം നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് 042521071, 0504851700 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

