ലൈൻ നിയന്ത്രണം; ഷാർജയിൽ 30,000 നിയമലംഘനങ്ങൾ
text_fieldsഷാർജ: എമിറേറ്റിലെ റോഡുകളിൽ പുതിയ ലൈൻ നിയന്ത്രണം പ്രാബല്യത്തിൽ വന്നശേഷം 30,000 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുചക്രവാഹനങ്ങൾ, ഡെലിവറി ബൈക്കുകൾ, ബസുകൾ, ഹെവി വാഹനങ്ങൾ എന്നിവർക്ക് പ്രധാന റോഡുകളിലെ ചില ലൈനുകളിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്.
വ്യത്യസ്തതരം വാഹനങ്ങൾക്ക് വേണ്ടി നിശ്ചയിച്ച ലൈനുകളും റൂട്ടുകളും പാലിക്കുന്നതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് നിയമലംഘനങ്ങൾക്ക് പ്രധാന കാരണമെന്ന് പൊലീസ് അറിയിച്ചു. നിയമം ലംഘിച്ച ഹെവി വാഹനങ്ങൾക്ക് 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ. ട്രാഫിക് സിഗ്നലുകൾ പാലിക്കാത്തവർക്ക് 500 ദിർഹവും പിഴ ചുമത്തും.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മുഴുവൻ റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് വേണ്ടിയും സ്മാർട്ട് റഡാറുകൾ, നൂതന കാമകൾ, ട്രാഫിക് പട്രോളിങ് എന്നിവ ഉപയോഗിച്ച് നിരീക്ഷണം തുടരുമെന്നും ഷാർജ പൊലീസ് മുന്നറിയിപ്പു നൽകി. ഇരുചക്രവാഹനങ്ങൾ, ബസ് ഡ്രൈവർമാർ, ഹെവി വാഹന ഡ്രൈവർമാർ തുടങ്ങിയവർ നിയമങ്ങൾ പാലിക്കണമെന്നും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വാഹന ഗതാഗതം സുഗമാക്കുന്നതിനും എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും ഇത് സഹായകമാണെന്നും ഷാർജ പൊലീസ് അറിയിച്ചു. പുതിയ നിയമപ്രകാരം പ്രധാന ഹൈവേകളിലെ ഏറ്റവും വലത്തേ അറ്റത്തുള്ള ലൈനുകൾ ഹെവി വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. ഇരുചക്രവാഹനങ്ങൾ ഏറ്റവും ഇടത്തേ അറ്റത്തുള്ള ലൈനുകളിൽ വാഹനമോടിക്കാൻ പാടില്ല. നാലുവരി പാതകളിൽ ഏറ്റവും വലതുഭാഗത്തുള്ള രണ്ട് ലൈനുകൾ ഉപയോഗിക്കാം. മൂന്നുവരി പാതകളിൽ മധ്യത്തിലുള്ളതോ വലത് ലൈനോ ഉപയോഗിക്കുന്നതിനും വിലക്കില്ല. രണ്ട് വരി പാതകളിൽ വലത് ലൈനുകളും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

