ലിമോ സർവിസ് ചൈനീസ് ഇലക്ട്രിക് വാഹനം നിരത്തിലിറക്കുന്നു
text_fieldsദുബൈ ടാക്സി കോർപറേഷൻ പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കിയ ചൈനീസ്
ഇലക്ട്രിക് വാഹനം
ദുബൈ: ചൈനീസ് നിർമിത ഇലക്ട്രിക് വാഹനമായ സ്കൈവെൽ നിരത്തിലിറക്കാനൊരുങ്ങി ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി). ലിമോ സർവിസായി ഇറക്കാനാണ് തീരുമാനം. വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങി. മൂന്ന് മാസത്തെ പരീക്ഷണകാലയളവിൽ ദുബൈ റോഡിലുള്ള വാഹനത്തിന്റെ പ്രകടനം ഉൾപ്പെടെ വിലയിരുത്തും.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഡി.ടി.സിയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ ടാക്സികൾ നിരത്തിലിറക്കുന്നത്. സ്കൈവെൽ ഇ.ടി-5 എസ്.യു.വിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങിയത്. 40 മിനിറ്റ് കൊണ്ട് 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഒരുതവണ പൂർണമായും ചാർജ് ചെയ്താൽ 520 കിലോമീറ്റർ വരെ ഓടാനുള്ള ശേഷിയുണ്ടാകും.
2050ഓടെ കാർബൺ ബഹിർഗമനമില്ലാത്ത ഗതാഗതം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്ന ദുബൈയുടെ നയത്തെ പിന്തുണക്കാനാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡി.ടി.സി ചീഫ് എക്സിക്യൂട്ടിവ് മൻസൂർ അൽ ഫലാസി പറഞ്ഞു. ഓരോവർഷവും 70 വാഹനങ്ങളെങ്കിലും ഇത്തരത്തിൽ നിരത്തിലിറക്കുന്നുണ്ട്. എല്ലാ ടാക്സികളും 2027ഓടെ പരിസ്ഥിതിസൗഹൃദമാക്കുമെന്ന് ആർ.ടി.എ അറിയിച്ചിരുന്നു. ഇതിൽ ഹൈബ്രിഡ് (ഇന്ധനവും വൈദ്യുതിയും) ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

