'ചുണ്ണാമ്പ് കല്ല് ശേഖരം' അംബരചുംബികളുടെ കരുത്ത്
text_fieldsയു.എ.ഇയുടെ സാമ്പത്തിക സ്രോതസിലേക്കുള്ള പുതു വഴിയായിരുന്നു റാസല്‍ഖൈമ ഹജ്ജാര്‍ മലനിരകളിലെ ചുണ്ണാമ്പ് കല്ല് ശേഖരം ഏറെ ഗുണമേന്മയുള്ളതാണെന്ന കണ്ടെത്തല്‍. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ സിമൻറ് നിര്‍മാണ കമ്പനിയായി 1972ല്‍ യൂനിയന്‍ സിമൻറ് കമ്പനി (യു.സി.സി) റാസല്‍ഖൈമ കോര്ക്വെയറില് സ്ഥാപിതമായി. വ്യാവസായിക മേഖലയുടെ സര്വ്വതോന്മുഖമായ വളര്‍ച്ചക്കൊപ്പം ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ക്ക് ഉപജീവന മാര്‍ഗമായും റാസല്‍ഖൈമയിലെ സിമൻറ് നിര്‍മാണ മേഖല മാറി. സഖര്‍ തുറമുഖത്തോട് ചേര്‍ന്നാണ് ഇവിടെ പ്രമുഖ സിമൻറ് നിര്‍മാണ ശാലകളുടെ പ്രവര്‍ത്തനം. ഇത് ആഭ്യന്തര വിപണിക്കൊപ്പം വിദേശ വിപണിയെയും ആകര്‍ഷിക്കുന്നതിന് സഹായിച്ചു.
യു.സി.സിയില്‍ 1975ലാണ് സിമൻറ് നിര്‍മാണം തുടങ്ങിയത്. ഹൈഡല്‍ ബര്‍ഗ് സിമൻറ് ഗ്രൂപ്പില്‍ അംഗങ്ങളായ നോര്സം എ.എസ് ആണ് ഇതിെൻറ ചുമതല വഹിച്ചത്. 1977-'79 കാലയളവില്‍ ഫാക്ടറി വിപുലീകരണം നടന്നു. 2006ലെ 'പ്ലാൻറ് 4' പ്രവര്‍ത്തന സജ്ജമായതോടെ യു.സി.സിയുടെ പദവി ഉയര്‍ന്നു. വര്‍ഷത്തില്‍ 4.2 മില്യന്‍ മെട്രിക് ടണ്‍ ഉല്പാദന ശേഷിയുള്ള കമ്പനിയുടെ വിജയത്തില്‍ തൊഴിലാളികളുടെ നിസ്വാര്‍ഥ സേവനവുമുണ്ടെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
2018 ജൂലൈ മുതല്‍ ഇന്ത്യൻ കമ്പനിയുടെ മേൽനോട്ടത്തിലാണ് യു.സി.സിയുടെ പ്രവര്‍ത്തനം.റാസല്‍ഖൈമയിലെ രണ്ടാമത്തെ വലിയ സിമൻറ് നിര്‍മാണ ശാല ഗള്‍ഫ് സിമൻറ് കമ്പനി (ജി.സി.സി) 1977ലാണ് സ്ഥാപിച്ചത്. 1982ല്‍ പ്രവര്‍ത്തനം തുടങ്ങി. വര്‍ഷത്തില്‍ 3.8 മില്യന്‍ ടണ്‍ ക്ളിങ്കര്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ശേഷി. 2002ല്‍ ഐ.എസ്.ഒ 14001 പാരിസ്ഥിതിക സാക്ഷ്യപത്രം നേടി. 1980ല്‍ സ്ഥാപിതമായ വൈറ്റ് സിമൻറ് കമ്പനിയുടെ ഉല്പന്നങ്ങള് ആഭ്യന്തര- ലോക വിപണിയില്‍ ഒരു പോലെ ഖ്യാതി നേടി. 5,00,000ലേറെ ടണ്‍ നിര്‍മാണ ശേഷിയുള്ള വൈറ്റ് സിമൻറ് നിര്‍മാണ ശാലയുടെ ആസ്ഥാനം സഖര്‍ പോര്‍ട്ടിന് സമീപമാണ്. ഷുഗര്‍, ഫെര്‍ട്ടിലൈസര്‍, പേപ്പര്‍ തുടങ്ങി വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ക്വിക്ക് ലൈം പൗഡര്‍, ക്വിക്ക് ലൈം ലംപ്സ്, ഹൈഡ്രേറ്റഡ് ലൈം പൗഡര്‍, ഡൊളോമിറ്റിക് ലൈം ലംപ്സ് തുടങ്ങിയവ വൈറ്റ് സിമൻറ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ നൂറ പുറത്തിറക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളാണ് ഇവയുടെ മുഖ്യ വിപണി.
9,60,000 ടണ്‍ ക്ലിങ്കര്‍ ഉല്പാദന ശേഷിയോടെ കോര്‍ക്വെയര്‍ വ്യവസായ മേഖലയില്‍ റാക് സിമൻറ് കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് റാസല്‍ഖൈമയിലെ സിമൻറ് നിര്‍മാണശാലകളുടെ പ്രവര്‍ത്തനം. ശേഖരണ സഞ്ചികള്‍ സ്ഥാപിച്ചാണ് കമ്പനികള്‍ മലിനീകരണം നിയന്ത്രിക്കുന്നത്. ശേഖരണ സഞ്ചികളുടെ എണ്ണം വര്‍ധിപ്പിച്ച് പൊടി തിരികെ നിര്‍മാണ യന്ത്രത്തിലേക്ക് തിരികെയെത്തിക്കുന്നതിലൂടെയാണ് ഈ മേഖലയില്‍ മലിനീകരണ തോത് കുറക്കുന്നത്.
റാക് അല്‍ ഗൈല്‍ വ്യവസായ മേഖലയില്‍ ഇന്ത്യയുടെ പെന്ന സിമൻറ് ഇന്ഡസ്ട്രീസിെൻറ നേതൃത്വത്തില്‍ സ്ഥാപിച്ച പയനീര്‍ സിമൻറ് നിര്‍മാണശാല പ്രവര്‍ത്തിക്കുന്നു. 2004ല്‍ സ്ഥാപിച്ച പയനീര്‍ ഫാക്ടറിയില്‍ പോര്ട്ട്ലാൻറ്സ് സിമൻറ് ഉല്പാദിപ്പിക്കുന്നു. ഒമാന്‍ റേസട്ട് (raysut) സിമൻറ് കമ്പനിയുടെ ഉപസ്ഥാപനമായാണ് കമ്പനിയുടെ നിലവിലെ പ്രവര്‍ത്തനം. 2006ലാണ് ഇവിടെ ഉല്പാദനം തുടങ്ങിയത്. ഫുജൈറക്ക് കീഴില്‍ ആദിത്യ ബിര്‍ളയുടെ സ്റ്റാര്‍ സിമൻറ്, ജെ.കെ സിമൻറ്, ലഫാര്‍ജ് സിമൻറ് തുടങ്ങിയവയുടെ ഉല്പാദനം നടക്കുന്നതും റാസല്‍ഖൈമയിലെ ഹജ്ജാര്‍ മലനിരകളോട് ചേര്‍ന്ന് അല്‍ ഗൈല്‍ പ്രദേശത്താണ്.
കോര്ക്വെയറിലെ സ്റ്റീവൻറോക്കില് നിന്നാണ് സിമൻറ് നിര്‍മാണ ശാലകളിലേക്കുള്ള ലൈംസ്റ്റോണുകള് എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രഷ്ഡ് റോക്ക് ഉല്പാദകരില് മുന്‍ നിരയിലാണ് സ്റ്റീവന്‍ റോക്കിെൻറ സ്ഥാനം. 1967ല്‍ ജര്‍മന്‍ കമ്പനിയുടെ സഹകരണത്തോടെ അന്നത്തെ ഭരണാധിപനായ ശൈഖ് സഖര്‍ ആല് ഖാസിമിയാണ് സ്റ്റീവന്‍ റോക്ക് സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്. സ്റ്റീല്‍, കെമിക്കല്‍, ഗ്ലാസ്, ഖനന വ്യവസായ മേഖലകള്‍ക്കും സ്റ്റീവന്‍ റോക്ക് ലൈംസ്റ്റോണുകളും അനുബന്ധ ഉല്പന്നങ്ങളും എത്തിക്കുന്നു. കോര്‍ക്വെയര്‍, അല്‍ ഗൈല്‍, കദ്റ എന്നിവിടങ്ങളിലാണ് സ്റ്റീവന്‍ റോക്കിെൻറ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

