കഞ്ചാവ് കടത്ത്: യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ
text_fieldsദുബൈ: കഞ്ചാവ് കൈവശംവെക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ അറബ് വംശജനായ യുവാവിന് ദുബൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിക്ക് മയക്കുമരുന്ന് കടത്താൻ അപ്പാർട്ട്മെന്റ് നൽകുന്നതുൾപ്പെടെ സഹായം ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ മറ്റ് രണ്ടുപേരെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. പ്രതിയുടെ അതേ രാജ്യക്കാരായിരുന്നു ഇരുവരും. ഒരേ അപ്പാർട്ടുമെന്റിലായിരുന്നു ഇവരുടെയും താമസം.
ഈ വർഷം ഏപ്രിലിലാണ് പ്രതിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വിഭാഗം അറസ്റ്റുചെയ്യുന്നത്. കഞ്ചാവ് വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഉപഭോക്താവിന്റെ വേഷത്തിൽ എത്തിയ പൊലീസിന് 100 ദിർഹത്തിന് കഞ്ചാവ് വിൽപന നടത്താൻ ഒരുങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ആയുർവേദ ഉൽപന്നങ്ങളും അധികൃതർ പിടിച്ചെടുത്തിരുന്നു.
ഫോറൻസിക് പരിശോധനയിൽ ഇത് 61 ഗ്രാം കഞ്ചാവാണെന്ന് തെളിഞ്ഞു. അൽ സത്വയിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഇയാളുടെ താമസം. പരിശോധനയിൽ ഇദ്ദേഹത്തോടൊപ്പം താമസിച്ചവരാണ് പിടിയിലായത്. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് സൂക്ഷിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. വിശദ അന്വേഷണത്തിൽ ഇയാൾ വിൽപനക്കാരനാണെന്ന് വ്യക്തമാവുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

