പടച്ചവനേ, പരലോകത്തെങ്കിലും ഈ പ്രവാസിക്ക് സമാധാനം നൽകണേ
text_fieldsകൊറോണക്കിടെ നാളെ നാട്ടിലേക്ക് വരുന്ന വിമാനത്തിലെ പ്രവാസിക്ക് നേരെ ക്യാമറ തിരിക്കുന്നവരുടെയും ഭീകരവാദിയെ പോലെ കാണുന്നവരുടെയും അറിവിലേക്ക് ഒരു പ്രവാസിയുടെ കഥ ശൊല്ലട്ടുമാ? മിനിഞ്ഞാന്ന് അബൂദബിയിൽ മരണപ്പെട്ട ഒരു മനുഷ്യനെക്കുറിച്ചാണിത്. കുണ്ടംകുഴിയിലെ മുഹമ്മദ് കുഞ്ഞി ഹാജിയെ കുറിച്ച്.
കാഞ്ഞങ്ങാട് കൊത്തിക്കാലിലെ എറമു-ആയിശ ദമ്പതികളുടെ ആറ് മക്കളിൽ ഏക ആൺതരിയായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജിക്ക. മാതാപിതാക്കൾ ഇപ്പോഴും കല്ലടകുറ്റി ഗ്രാമത്തിൽ ജീവിച്ചിരിപ്പുണ്ട്. 45 വർഷം മുമ്പ് ഗൾഫിലെത്തിയ ഹാജിക്കാക്ക് ഒമ്പത് മക്കളാണ്. ആറ് പേരും പെൺമക്കൾ. അഞ്ച് സഹോദരിമാരാണെന്ന് മുകളിൽ പറഞ്ഞിട്ടുമുണ്ട്.
മരണ സമയത്ത് ഹാജിക്കാെൻറ പ്രായം 64. വാടകവീട്ടിലാണ് ഇന്നും താമസം. സ്വന്തമായി നിർമിക്കുന്ന വീടിെൻറ ജോലികൾ തറയിലാണ്. ചെറുകിട കച്ചവടങ്ങൾ പലതും ചെയ്തു, ഒന്നും പച്ചപിടിച്ചില്ല. ഇതിനിടെ പ്രിയപ്പെട്ടവരുടെ എല്ലാ കാര്യങ്ങളും നോക്കണം. മറ്റുള്ളവരുടെ കീഴിൽ ജോലിചെയ്യുന്ന ബുദ്ധിമുട്ട് കാരണം അവസാന കാലത്ത് ഒരു ടാക്സി പിക്കപ്പ് വാങ്ങി. മരിക്കുന്ന തിങ്കളാഴ്ച ഉച്ചവരെ ആ പിക്കപ്പുമായി നഗരത്തിൽ ഓടി. മരണ വിവരമറിഞ്ഞ് അൽഫലാഹ് സ്ട്രീറ്റിൽ പോയപ്പോൾ ആരാണെന്ന് അന്വേഷിച്ചു നോക്കി, ആൾക്കൂട്ടത്തിനിടെ 21 വയസ്സായ മൂത്ത മകൻ പൊട്ടിക്കരയുന്നു.

ആശ്വസിപ്പിച്ച് മകനെ വാഹനത്തിൽ ഇരുത്തി മോർച്ചറിയിൽ കൊണ്ടുപോകവെ ബാപ്പാെൻറ ഫോട്ടോ ഒന്ന് ചോദിച്ചു. മൊബൈലിൽ നിന്ന് കാണിച്ചപ്പോൾഒന്ന് ഞെട്ടി. ഒരു മാസം മുമ്പ് റൂമിലേക്ക് ഫ്രിഡ്ജും സാധനങ്ങളും കൊണ്ടുവന്ന പിക്കപ്പ് ഉടമ മുഹമ്മദ് കുഞ്ഞി ഹാജിക്ക. യാത്രയിൽ രസകരമായ കുറെ കഥകൾ പറഞ്ഞു തന്ന പച്ച മനുഷ്യൻ. പിന്നീട് മറ്റൊരു ട്രിപ്പും കൊടുത്തു. അബൂദബിയിലെ പ്രശസ്തനായ ഡോക്ടർ ത്വാഹയുടെയും, നഗരത്തിൽ ബാങ്ക് വിളിക്കുന്ന മലയാളി ഇമാം നസീം ബാഖവിയെയും കുറിച്ച് ഒരുപാട് നൻമയുടെ കഥകൾ പറഞ്ഞു. എ.പി വിഭാഗം സമസ്തയുടെ അടിയുറച്ച പ്രവർത്തകനായിരുന്നു. പേരോട് ഉസ്താദിെൻറ പഴയ ഡ്രൈവറും. മൂന്ന് പെൺമക്കളെ ഇനിയും കെട്ടിക്കാനുണ്ട്. കടങ്ങൾ പലതും ബാക്കിയുണ്ട്. നല്ലൊരു ജോലിയില്ലാത്ത മകൻ ഇവിടെ അബൂദബിയിലുണ്ട്...
നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്നലെ രാത്രി പത്ത് മണിയോടെ ബനിയാസ് ഖബർസ്ഥാനിൽ അദ്ദേഹത്തിെൻറ മയ്യത്ത് മറവ് ചെയ്ത് മൂന്നുപിടി മണ്ണ് വാരിയിടുമ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു, കണ്ണീർ വാർത്തു. 25 വർഷം മുമ്പ് നാലാം മാസത്തിൽ മരണപ്പെട്ട് ഇതേ ഖബർസ്ഥാനിൽ മറവ് ചെയ്ത അഷറഫ് എന്ന പിഞ്ചുമോൻ അന്തിയുറങ്ങുന്ന ബനിയാസ് ഖബറിലാണ് പിതാവിെൻറയും മടക്കമില്ലാത്ത യാത്ര. ആഗ്രഹങ്ങൾ പലതും ബാക്കിയാക്കി, ജീവിതകാലം എല്ലാവർക്കും മെഴുകുതിരിയായി, അന്ത്യയാത്രയെങ്കിലും ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്കും പിഞ്ചു മക്കൾക്കും കാണാനാവാതെ നാലര പതിറ്റാണ്ട് മരുഭൂമിയിൽ ഉരുകിയൊലിച്ച പാവം പ്രവാസി ജീവൻ അണഞ്ഞു പോയിരിക്കുന്നു.
വരും ലോകത്തെങ്കിലും അദ്ദേഹത്തിന് കഷ്ടതകളുണ്ടാവാതിരിക്കെട്ട എന്ന് ഇൗ പുണ്യമാസത്തിൽ ആത്മാർഥമായി പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
