മുതലകളെ കാണാം; ‘ക്രോക്കഡൈൽ പാർക്ക്’ 18ന് തുറക്കും
text_fieldsദുബൈ ക്രോക്കഡൈൽ പാർക്ക്
ദുബൈ: വിവിധയിനം മുതലകളെ അടുത്തുനിന്ന് കാണാൻ അവസരമൊരുക്കുന്ന ദുബൈയിലെ ‘ക്രോക്കഡൈൽ പാർക്ക്’ ഏപ്രിൽ 18ന് തുറക്കും. പെരുന്നാളിന് മുമ്പായി സഞ്ചാരികൾക്കും താമസക്കാർക്കുമായി തുറക്കുന്ന പാർക്കിൽ ആഫ്രിക്കൻ മേഖലയിൽ കണ്ടുവരുന്ന 250 നൈൽ മുതലകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
മുതലകൾക്ക് മാത്രമായുള്ള മിഡിലീസ്റ്റിലെ ആദ്യത്തെ വന്യജീവി സംരക്ഷണ സൗകര്യമാണിത്.20,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സംവിധാനം മുഷ്രിഫ് പാർക്കിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ മുതലകൾ ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ നിലനിൽപിന് അനുയോജ്യമായ നിരവധി സംവിധാനങ്ങളാണ് പാർക്കിൽ സജ്ജീകരിച്ചിട്ടുള്ളത്.
വർഷം മുഴുവൻ കാലാവസ്ഥ ബാധിക്കാത്ത രീതിയിലുള്ള വെള്ളമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ആഫ്രിക്കൻ ലേക്-തീം അക്വേറിയം, വലിയ ഔട്ട്ഡോർ ലാൻഡ്സ്കേപ് ഏരിയ എന്നിവ പാർക്കിന്റെ ഭാഗമാണ്. വെള്ളത്തിന് മുകളിൽ നിന്നും അടിയിൽ നിന്നും കാഴ്ചകൾ കാണാനുള്ള അവസരം സന്ദർശകർക്കുണ്ടാകും. ആഫ്രിക്കൻ അന്തരീക്ഷത്തിൽ ഒരുക്കിയ ഭക്ഷണശാലകളും പാർക്കിന്റെ പ്രത്യേകതയാണ്.
മുതലകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിവിധ സംവിധാനങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിൽ നിന്ന് എത്തുന്നവർക്ക് പ്രത്യേകം ക്യൂറേറ്റ് ചെയ്ത സെഷനുകളും വിദഗ്ധ ഗൈഡുകളുടെ സഹായവും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് 95 ദിർഹവും മൂന്ന് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 75 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ പാർക്കിന്റെ പ്രവേശന കവാടത്തിൽ നിന്ന് ലഭിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പാർക്ക് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

