സന്ദർശകർ വരട്ടെ; സ്വീകരിക്കാൻ തയാർ
text_fieldsഎക്സ്പോ 2020യുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ദുബൈയിൽ ചേർന്ന 173 രാജ്യങ്ങളുടെ യോഗം
ദുബൈ: എക്സ്പോയിലേക്ക് സന്ദർശകർക്ക് ആശങ്കകളില്ലാതെ കടന്നുവരാമെന്ന് എക്സ്പോ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ റീം അൽ ഹാഷിമി. എക്സ്പോ ഒക്ടോബർ ഒന്നിന് തന്നെ തുടങ്ങുമെന്നും റദ്ദാക്കില്ലെന്നും അവർ പറഞ്ഞു. എക്സ്പോ ഒരുക്കങ്ങളുടെ വിലയിരുത്തലിനായി ചേർന്ന ലോകരാജ്യങ്ങളുടെ സമ്മേളനത്തിെൻറ സമാപന ദിവസം സംസാരിക്കുകയായിരുന്നു അവർ. എക്സ്പോയിലേക്ക് 150 ദിവസം മാത്രം ബാക്കി നിൽക്കെ ചേർന്ന യോഗത്തിൽ 173 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
അടുത്ത അഞ്ച് മാസത്തിനുള്ളിൽ ചിത്രം മാറുമെന്നും സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നും റീം അൽ ഹാഷിമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്ത് വർഷമായി ഞങ്ങൾ ഇതിനായുള്ള പ്രവർത്തനത്തിലാണ്. ഇക്കുറി എക്സ്പോ മുടങ്ങില്ല. ഒരുപാട് പേരുടെ സ്വപ്നമാണിത്. വാക്സിന് പ്രോൽസാഹനം നൽകും. എങ്കിലും നിർബന്ധമാക്കില്ല. നിലവിൽ വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. എക്സ്പോയിലെ മുഴുവൻ ജീവനക്കാർക്കും നിർബന്ധിത വാക്സിനേഷൻ ഉണ്ടാവും. സന്ദർശകർക്ക് കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കും. ഇത് കൂടുതൽ സുരക്ഷക്ക് ഉറപ്പാക്കും. 173 രാജ്യങ്ങളുടെ പ്രതിനിധികൾ സംബന്ധിച്ച ഈ ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവരും പലതവണ പരിശോധനക്ക് വിധേയരായവരാണ്. വിമാനത്താവളത്തിലും ഉച്ചകോടിയുടെ വേദിയിലുമെല്ലാം അവരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. പരിശോധന പ്രധാന ഘടകമാണെങ്കിലും ഇത് എല്ലാത്തിനും പരിഹാരമല്ല.
മാസ്കൂം സാമൂഹിക അകലവും പ്രധാനമാണ്. ഇത് നടപ്പാക്കാൻ നടപടികളുണ്ടാവുമെന്നും അവർ കൂട്ടിചേർത്തു. എക്സ്പോയിലെ വിദേശരാജ്യ പ്രതിനിധികളിൽ നല്ലൊരു ഭാഗവും മാസങ്ങളായി യു.എ.ഇയിൽ ഉണ്ടെന്നും ഇവർക്ക് വാക്സിൻ ഉറപ്പാക്കുമെന്നും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 190 രാജ്യങ്ങളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. ഇവരുമായി യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രിയും എക്സ്പാ കമ്മീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

