ആദ്യം കാൽനടക്കാർ പോകട്ടെ; അല്ലെങ്കിൽ 'ഹാദിർ' പിടികൂടും
text_fieldsഅബൂദബി: പെഡസ്ട്രിയൻ ക്രോസിങ്ങിൽ കാൽനടക്കാർക്ക് മുൻഗണന നൽകാത്ത വാഹനങ്ങളെ പിടിക്കാൻ അബൂദബിയിൽ നിർമിതബുദ്ധിയോടുകൂടിയ റഡാറുകൾ പ്രവർത്തനാരംഭിച്ചു. 'ഹാദിർ' എന്നു പേരിട്ട പുതിയ സംവിധാനം നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് സന്ദേശമയക്കും. നിയമലംഘനം തുടർന്നാൽ പിടിവീഴും.
'ഹാദിർ' എന്നാൽ ജാഗ്രതപാലിക്കുക എന്നാണ് അർഥം. പെഡസ്ട്രിയൻ ക്രോസിങ്ങിലൂടെ കടന്നുപോകുന്ന കാൽനടക്കാരുടെ കാര്യത്തിൽ ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഈ റഡാർ സംവിധാനം നിയമംലംഘിച്ച വാഹനങ്ങളുടെ ചിത്രം പകർത്തും. ക്രോസിങ്ങിൽ കാൽനടക്കാർ പ്രവേശിച്ചാൽ അവർ പൂർണമായും കടന്നുപോയതിനുശേഷം മാത്രമേ വാഹനം മുന്നോട്ടെടുക്കാൻ പാടുള്ളൂ. ഇതിൽ വീഴ്ച വരുത്തുന്നത് തിരിച്ചറിഞ്ഞാണ് ഹാദിർ പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വാഹന ഉടമകൾക്ക് നിയമലംഘനം സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം നൽകും.
ഇത്തരം വീഴ്ചകൾ തിരുത്താനാണ് മുന്നറിയിപ്പ്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഹാദിർ സ്കൂൾ മേഖലകൾ, വാണിജ്യ മേഖലയിൽ എന്നിവിടങ്ങളിൽ വ്യാപിപ്പിക്കാനാണ് തീരുമാനം.
പെഡസ്ട്രിയൻ ക്രോസിങ്ങിൽ കാൽനടക്കാർക്ക് മുൻഗണന നൽകാതിരുന്നാൽ 500 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ. കാൽനടയാത്രികർ ഏറെയുള്ള സ്കൂളുകൾ സ്ഥിതിചെയ്യുന്ന മേഖലയിൽ കൂടുതൽ റഡാറുകൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

