പാഠം ഒന്ന് സമാധാനം...
text_fieldsദുബൈ: ഒന്നര മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജ്യത്തെ സ്കൂളുകൾ, നഴ്സറികൾ, കിന്‍റർഗാർട്ടൻ, സർവകലാശാലകൾ തുടങ്ങിയ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും. ഏപ്രിൽ 15നാണ് ഇതു സംബന്ധിച്ച അറിയിപ്പ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടത്. ആദ്യ ഘട്ടത്തിൽ സ്കൂൾ ബസുകൾ താൽകാലികമായി സർവിസ് നടത്തില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സ്കൂൾ തുറക്കുന്ന ദിവസം മുതൽ തന്നെ ബസ് സർവിസുകളും പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്ലാസ് പഠനത്തോടൊപ്പം വിദൂര പഠന സൗകര്യങ്ങളും ഉൾപ്പെടുന്ന ഹൈബ്രിഡ് രീതികളും സ്കൂളുകൾക്ക് പിന്തുടരാനുള്ള അനുമതിയുണ്ട്. ഒരു ഇടവേളക്ക് ശേഷം വിദ്യാർഥികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങളെല്ലാം എല്ലാ സ്കൂളുകളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടികളെ സ്വീകരിക്കുന്നതിന് മുന്നോടിയായി രണ്ട് ദിവസം മുമ്പ് തന്നെ അധ്യാപകരും ജീവനക്കാരും സ്കൂളുകളിൽ ഹാജരാവുകയും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
കർശനമായ ആരോഗ്യ, സുരക്ഷ നിർദേശങ്ങൾ പാലിക്കുന്ന സ്കൂളുകൾക്കാണ് ക്ലാസ് പഠനത്തിന് അനുമതി നൽകിയിരിക്കുന്നതെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) വ്യക്തമാക്കി. സ്കൂളുകൾ യഥാസമയം പുറത്തിറക്കുന്ന നിർദേശങ്ങൾ പാലിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് കെ.എച്ച്.ഡി.എ അഭ്യർഥിച്ചു. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏർളി ചൈൽഡ്ഹുഡ് കേന്ദ്രങ്ങൾ ഏപ്രിൽ 16 മുതൽ ക്ലാസ് പഠനത്തിലേക്ക് തിരികെയെത്തിയിരുന്നു. ഈ സ്ഥാപനങ്ങൾക്കാണ് ക്ലാസ് പഠനത്തിന് മുൻഗണന നൽകുന്നതെങ്കിലും മറ്റുള്ളവക്ക് അംഗീകൃത നിയമം അനുസരിച്ച് വീട്ടിൽ തന്നെ ശിശുസംരക്ഷണം നൽകുന്നത് തുടരാമെന്നും കെ.എച്ച്.ഡി.എ അറിയിച്ചു.
അതേസമയം, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലെ അധ്യാപകരും ജീവനക്കാരും ഏപ്രിൽ 20 മുതൽ ക്യാമ്പസിലെത്തുമെങ്കിലും വസന്ത കാല ടേം പൂർത്തിയാകുന്നത്വരെ വിദ്യാർഥികൾ ഓൺലൈൻ പഠനം തുടരും. മിഡിൽസെക്സ് യൂനിവേഴ്സിറ്റി ദുബൈയും പൂർണമായും ഓൺലൈൻ പഠനം തുടരാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, യൂനിവേഴ്സിറ്റി ഓഫ് ദുബൈ തിങ്കളാഴ്ച മുതൽ ക്ലാസ് പഠനം ആരംഭിക്കും.
ഇന്ത്യൻ അസോസിയേഷന് കീഴിലെ സ്കൂളുകൾ ഇന്ന് തുറക്കും
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏപ്രിൽ 20 മുതൽ പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ (ഗേൾസ്, ബോയ്സ്), ഗൾഫ് റോസ് നഴ്സറി, അൽ ഇബ്തിസാമ സെൻറർ എന്നീ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളഴ്ച തുറക്കും. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ എത്തിച്ചേരുന്നതിൽ ചെറിയ കാലതാമസം ഉണ്ടായെങ്കിലും അതിനെ ഫലപ്രദമായി നേരിടാൻ അധ്യാപകർ പ്രത്യേക പാഠഭാഗങ്ങളുടെ ആസൂത്രണം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതോടെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും. ടെക്സ്റ്റ് ബുക്കുകളും നോട്ടുബുക്കുകളും റെക്കോഡ് ബുക്കുകളും ഉൾപ്പെടെയുള്ള പഠന കിറ്റുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഭൂരിഭാഗം രക്ഷിതാക്കളും സ്കൂളിലെത്തി കിറ്റുകൾ കൈപ്പറ്റി കഴിഞ്ഞു. ബാക്കിയുള്ള കുട്ടികൾക്കുള്ള കിറ്റുകൾ തിങ്കളാഴ്ച ക്ലാസുകളിൽ വിതരണം ചെയ്യും.
സ്കൂൾ ബസുകളുടെ ‘സ്റ്റോപ് സിഗ്നൽ’ മറികടക്കരുത്
അബൂദബി: തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ കർശനമായ ട്രാഫിക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അബൂദബി പൊലീസ്. സ്കൂൾ ബസുകളിലെ ‘സ്റ്റോപ്പ് സിഗ്നൽ’ മറികടന്നാൽ 1000 ദിർഹം പിഴയും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്‍റും അടയാളപ്പെടുത്തുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. സ്കൂൾ ബസുകളിൽ സ്റ്റോപ്പ് സിഗ്നൽ ഉയർന്ന് കഴിഞ്ഞാൽ റോഡിന്‍റെ ഇരു ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ എങ്ങനെയാണ് നിർത്തേണ്ടതെന്ന് കാണിക്കുന്ന വീഡിയോ പൊലീസ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുമുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിനായി സ്റ്റോപ്പ് സിഗ്നൽ ഉയർത്തിയ സ്കൂൾ ബസിൽ നിന്ന് ചുരുങ്ങിയത് അഞ്ച് മീറ്റർ അകലത്തിൽ വേണം മറ്റ് വാഹനങ്ങൾ നിർത്തിയിടാൻ.
പെയ്‌സ് ഗ്രൂപ് സ്‌കൂളുകൾ ഇന്ന് തുറക്കും
അജ്മാൻ: യു.എ.ഇ വിദ്യാഭ്യാസ റഗുലേറ്ററി അതോറിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് പെയ്‌സ് എജുക്കേഷന് കീഴിൽ അബൂദബി, ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന മുഴുവൻ സ്‌കൂളുകളും തിങ്കളാഴ്ച ക്ലാസ് പഠനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. എല്ലാ സ്കൂളുകളും വിദ്യാർഥികളുടെ സുരക്ഷക്ക് ആവശ്യമായ മുൻകരുതലുകളൊരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥി സുരക്ഷയിൽ പ്രത്യേക പരിശീലനവും നൽകിയിരുന്നു. പ്രതിബന്ധങ്ങൾക്കിടയിലും രാഷ്ട്രത്തേയും ജനങ്ങളേയും സമചിത്തതയോടെ മുന്നോട്ട് നയിച്ച ഇമാറാത്തിന്‍റെ നായകരെ പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്‌റാഹിം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

