ലൈവ് സ്ട്രീമിങ്ങിനിടെ മോശം ഉള്ളടക്കം പ്രചരിപ്പിച്ചു; രണ്ടുപേർക്കെതിരെ നിയമനടപടി
text_fieldsഅബൂദബി: സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിങ്ങിനിടെ യു.എ.ഇയുടെ സംസ്‌കാരത്തെയും സാമൂഹിക മൂല്യങ്ങളെയും അവഹേളിക്കുന്ന രീതിയിൽ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ യു.എ.ഇ നാഷനൽ മീഡിയ അതോറിറ്റി (എൻ.എം.എ) നിയമനടപടി സ്വീകരിച്ചു. ഇതിൽ ഒരാളുടെ പബ്ലിസിറ്റി പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. യു.എ.ഇയുടെ ദേശീയ വ്യക്തിത്വത്തിനും പാരമ്പര്യത്തിനും നിരക്കാത്തതും, പൊതു മൂല്യങ്ങളെ അധിക്ഷേപിക്കുന്നതുമായ ഉള്ളടക്കമാണ് ഇവർ ലൈവ് സ്ട്രീമിങ്ങിലൂടെ പങ്കുവെച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
കർശന നിലപാടുമായി അതോറിറ്റി
കൂടുതൽ വ്യൂസും ലൈക്കും നേടുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് ഒരുതരത്തിലും അനുവദിക്കില്ലെന്ന് നാഷനൽ മീഡിയ അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതോ, ദേശീയ തത്വങ്ങളെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതോ ആയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും.
മുന്നറിയിപ്പുമായി നിയമവിദഗ്ധർ
സാധാരണയായി ഇടുന്ന ഒരു പോസ്റ്റോ കമന്റോ യു.എ.ഇയുടെ മാധ്യമ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അത് വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യു.എ.ഇയിൽ സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ വഴിയുള്ള അപകീർത്തിപ്പെടുത്തലുകൾക്കും കടുത്ത ശിക്ഷയാണ് ലഭിക്കുക.
അഞ്ചുലക്ഷം ദിർഹം വരെ പിഴയും, തടവുശിക്ഷയും, പ്രവാസികളാണെങ്കിൽ നാടുകടത്തലും ഇതിൽ ഉൾപ്പെടുന്നു. യു.എ.ഇയിലെ ‘മീഡിയ റെഗുലേഷൻ ലോ’, ‘കംബാറ്റിങ് റൂമേഴ്‌സ് ആൻഡ് സൈബർക്രൈംസ് ലോ’ എന്നീ പ്രധാന നിയമങ്ങളാണ് ഓൺലൈൻ ഉള്ളടക്കങ്ങളെയും മാധ്യമപ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്.
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
- വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുക.
- സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കുക.
- ദേശീയ ഐക്യം നിലനിർത്തുക.
- ഭരണസംവിധാനത്തെയും നിയമങ്ങളെയും ബഹുമാനിക്കുക.
- വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കുക.
- വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതിരിക്കുക.
- വ്യക്തിഗത സ്വകാര്യത മാനിച്ച് നിയമപരമായ ചട്ടക്കൂടുകൾ പാലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

