രക്തസാക്ഷികളെ സ്മരിച്ച് രാഷ്ട്രനേതാക്കൾ
text_fieldsദുബൈ: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ. രക്തസാക്ഷികളുടെ ഓർമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ പ്രതിജ്ഞയെടുത്തു.
സത്യത്തിെൻറ വീണ്ടെടുപ്പിനും രാഷ്ട്രത്തിെൻറ സംരക്ഷണത്തിനുമായി ജീവൻ ബലിയർപ്പിച്ച നമ്മുടെ കുട്ടികളെ എപ്പോഴും ഓർമിക്കണമെന്ന് യു.എ.ഇ സായുധസേന മാസികയായ 'നേഷൻ ഷീൽഡിന്' നൽകിയ പ്രസ്താവനയിൽ ശൈഖ് ഖലീഫ പറഞ്ഞു. നവംബർ 30 അഭിമാനത്തിെൻറ ദിനങ്ങളാണ്. രക്തസാക്ഷികളുടെ ത്യാഗങ്ങൾ അഭിമാനത്തിെൻറ മെഡലുകളാണ്.
അത് നമ്മുടെയും മക്കളുടെയും പേരക്കുട്ടികളുടെയും മാറിൽ അലങ്കാരമായി തുടരും. രക്തസാക്ഷികളുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും മുൻഗണന നൽകും. കരുത്തിെൻറയും അഭിമാനത്തിെൻറയും പ്രതീകമായി യു.എ.ഇ പതാക അവർ വാനിൽ പാറിപ്പറപ്പിച്ചു. ദൈവം നമ്മുടെ രാജ്യത്തിെൻറ സംരക്ഷണം കാത്തുസൂക്ഷിക്കുകയും രക്തസാക്ഷികളോട് കരുണ കാണിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ ജനതയുടെ മനസ്സിൽ രക്തസാക്ഷികൾ എന്നും ജീവനോടെയുണ്ടാവുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. നമ്മുടെ രാജ്യത്തെയും അതിെൻറ അന്തസ്സിനെയും പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനിടയിൽ കടമ നിർവഹിക്കുകയും പോരാടുകയും മരിക്കുകയും ചെയ്തവരെ ഇന്ന് സ്മരിക്കുന്നു. നമ്മുടെ എല്ലാ നേട്ടങ്ങളിലും ഓരോ വിജയത്തിലും അവരുടെ സാന്നിധ്യമുണ്ട്. നമ്മുടെ രക്തസാക്ഷികളുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്, അവർ എമിറാത്തി ജനതക്കിടയിൽ ദേശസ്നേഹത്തിെൻറ മൂല്യങ്ങൾ ഏകീകരിച്ച് നമ്മുടെ ഐക്യം ശക്തിപ്പെടുത്തി എന്നതാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിനിടയിൽ ഈ മനോഭാവം നമ്മുടെ മുൻനിര പോരാളികൾക്കിടയിൽ ഞാൻ കണ്ടു. സ്വർഗത്തിലെ നമ്മുടെ രക്തസാക്ഷികളെ അല്ലാഹു സ്വീകരിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾ കടന്നുപോകുംതോറും രക്തസാക്ഷികളുടെ മഹത്ത്വം വർധിക്കുന്നുവെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ പറഞ്ഞു.
അവർ നൽകിയ കാര്യങ്ങൾ രാഷ്ട്രം ഒരിക്കലും മറക്കില്ല. നമ്മുടെ പരമാധികാരം, കഴിവുകൾ, ആധികാരിക മൂല്യങ്ങൾ, ധാർമികത എന്നിവ പ്രതിരോധിക്കാനുള്ള മാതൃക എന്നും പിന്തുടരും. നമ്മുടെ സ്ഥാപകപിതാവായ ശൈഖ് സായിദിെൻറ ഉത്തമ തത്ത്വങ്ങളുടെ തുടർച്ചയാണത്. ദൈവം അദ്ദേഹത്തിെൻറ ആത്മാവിനോട് കരുണ കാണിക്കട്ടെ. ധീരരായ സായുധ സേനക്ക് എെൻറ സല്യൂട്ടും അഭിനന്ദനവും അർപ്പിക്കുന്നു. നമ്മുടെ അഭിമാനത്തിെൻറയും കരുത്തിെൻറയും സംരക്ഷണത്തിെൻറയും പ്രതീകമാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

