ദേശീയദിന ആഘോഷങ്ങൾക്കിടെ നിയമലംഘനം: ദുബൈയിൽ 74 വാഹനങ്ങൾ പിടിയിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ വാഹനങ്ങൾ
ദുബൈ: 54ാമത് ദേശീയദിന ആഘോഷങ്ങൾക്കിടെ എമിറേറ്റിലെ വിവിധയിടങ്ങളിൽ നിയമലംഘനം നടത്തിയ 49 കാറുകളും 25 ഇരുചക്ര വാഹനങ്ങളും ദുബൈ പൊലീസ് പിടികൂടി. അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തിയ വാഹനങ്ങളാണ് പിടിയിലായത്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ കേസിൽ 3,153 പേർക്ക് പിഴ ചുമത്തുകയും ചെയ്തതതായി ദുബൈ പൊലീസ് വാർത്തകുറിപ്പിൽ അറിയിച്ചു.
റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, അഭ്യാസ പ്രകടങ്ങൾ, മത്സരയോട്ടം എന്നിവയിലൂടെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള അവസരമായാണ് ചിലർ ദേശീയ ആഘോഷ വേളകളെ ഉപയോഗിക്കുന്നതെന്ന് ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. ഇത്തരം നടപടികൾ യു.എ.ഇ സമൂഹത്തിന്‍റെ മൂല്യങ്ങളെയോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദേശീയ മനോഭാവങ്ങളേയോ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ആഘോഷ സമയങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പൊലീസ് നേരത്തെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഒരു വിഭാഗം ആളുകൾ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെ ശക്തമായ നടപടികളിലേക്ക് കടന്നത്.
ഇത്തരം പ്രവൃത്തികൾ ഗുരുതരമായ അപകടങ്ങൾക്കും പൊതു, സ്വകാര്യ ആസ്തികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. യുവതലമുറയെ ഇത്തരം പ്രവൃത്തികളിൽനിന്ന് തടയുന്നതിൽ കുടുംബങ്ങൾക്കും വലിയ പങ്കുണ്ട്. പൊതുജനങ്ങളെ അപകടത്തിലാക്കുകയും സമൂഹത്തിന്‍റെ ആഘോഷങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കില്ല.
ആഘോഷപരിപാടികളിൽ രക്ഷിതാക്കൾ കുട്ടികളെ നിരീക്ഷിക്കണം. നിരീക്ഷണമില്ലാതെ കുട്ടികളെ തെരുവുകളിൽ അലയാൻ വിടുന്നതും വാഹനങ്ങൾക്കും കാൽനടക്കാർക്കും നേരെ സ്പ്രെ അടിക്കുന്നതുൾപ്പെടെയുള്ള സ്വഭാവ രീതികൾ അപകടവും എമിറേറ്റിന്‍റെ പരിഷ്കൃത മുഖത്തെ മോശമാക്കുന്നതുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

