വംശനാശം നേരിടുന്ന ജീവികളുടെ വിൽപന നിയന്ത്രിക്കാൻ നിയമം
text_fieldsദുബൈ: വംശനാശം നേരിടുന്ന ജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വിൽപന നിയന്ത്രിക്കുന്നതിന് യു.എ.ഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ. നിയമം ലംഘിച്ചാൽ നാലു വർഷം വരെ തടവും 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. ബുധനാഴ്ച ചേർന്ന ഫെഡറൽ നാഷനൽ കൗൺസിൽ നിയമത്തിന് അംഗീകാരം നൽകി. ഫ്രീ സോൺ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ കര, സമുദ്ര, വ്യോമ അതിർത്തികളിലും നിയമം നടപ്പാക്കും. പുതിയ നിയമമനുസരിച്ച്, ദേശീയ ഭരണ അതോറിറ്റിയുടെ അനുമതിയില്ലെങ്കിൽ പട്ടികയിൽ ഉൾപ്പെട്ട ഏത് ജീവി വർഗത്തിന്റെയും മാതൃകകളുടെയും കയറ്റുമതി, ഇറക്കുമതി, പുനർകയറ്റുമതി എന്നിവ നിയമവിരുദ്ധമായിരിക്കും.
ഇത്തരം ജീവജാലങ്ങളുടെ വിപണനത്തിനും കൈമാറ്റത്തിനും ആവശ്യമായ രേഖകളെയും നടപടി ക്രമങ്ങളെയും കുറിച്ചും നിയമം നിർവചിക്കുന്നുണ്ട്. ഇതുപ്രകാരം അതോറിറ്റിയുടെ ലൈസൻസ് നിർബന്ധമാണ്. അനുബന്ധം ഒന്നിലുൾപ്പെട്ട ഇനങ്ങളുടെ ഇറക്കുമതിക്കും ലൈസൻസ് വേണം. അനുബന്ധം രണ്ടിലോ മൂന്നിലോ ഉൾപ്പെട്ടതാണെങ്കിൽ നിർമിക്കുന്ന രാജ്യത്തുനിന്നുള്ള കയറ്റുമതി അല്ലെങ്കിൽ പുനർ-കയറ്റുമതി പെർമിറ്റുകൾ നേടിയിരിക്കണം. ട്രാൻസിറ്റ് ഷിപ്പ്മെന്റുകൾക്ക്, കയറ്റുമതി, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ രേഖകൾ വേണം. ആവശ്യം എന്താണെന്നതും വ്യക്തമാക്കണം. കടലിൽനിന്ന് കണ്ടെത്തുന്ന ഇനങ്ങൾക്കും പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമാണ്.
അനുമതിയില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രേഖകൾ ഹാജരാക്കിയാൽ സർട്ടിഫിക്കറ്റ് റദ്ദുചെയ്യാനും നിയമനടപടി സ്വീകരിക്കുന്നതിനും ഇടയാക്കും. അനുബന്ധം ഒന്നിൽപെട്ട ഇനങ്ങൾ അനുമതിയില്ലാതെ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്താൽ രണ്ട് ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴക്കും നാലു വർഷം വരെ തടവുശിക്ഷക്കും കാരണമാകും.
അനുബന്ധം രണ്ട്, മൂന്ന് എന്നിവയിൽ ഉൾപ്പെടുന്ന ഇനങ്ങളുടെ വ്യാപാരലംഘനത്തിന് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കും. ഇനങ്ങളുടെ പരസ്യം മുൻകൂർ അനുമതിയില്ലാതെ നൽകുകയോ കൈവശംവെക്കുകയോ ചെയ്താൽ ഒരു വർഷം തടവും എട്ടു ലക്ഷം ദിർഹം പിഴയും ലഭിക്കും. പെർമിറ്റ് നേടുന്നതിന് തെറ്റായ രേഖകൾ സമർപ്പിച്ചാൽ ആറു മാസം മുതൽ രണ്ട് വർഷം വരെ തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

