അമുസ്ലിംകൾക്ക് വിൽപത്രം രജിസ്റ്റർ ചെയ്യാൻ പുതിയ നിയമം
text_fieldsദുബൈ: അമുസ്ലിം പ്രവാസികൾക്ക് വിൽപത്രവും പിന്തുടർച്ചാവകാശ പത്രികയുമൊക്കെ രജിസ്റ്റർ ചെയ്യുന്നതിന് കൂടുതൽ നിയമസംരക്ഷണം നൽകുന്ന നിയമം ചൊവ്വാഴ്ച നിലവിൽവന്നു. ദീർഘകാലമായി ദുബൈയിൽ താമസിക്കുന്നവർക്കാണ് ഇതിെൻറ പ്രയോജനം കിട്ടുക. ഇതനുസരിച്ച് അമുസ്ലിം പ്രവാസികൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇംഗ്ലീഷിൽ തയാറാക്കുന്ന വിൽപത്രങ്ങളും മറ്റും രജിസ്റ്റർ ചെയ്യാം. ഇത്തരത്തിലുള്ള നിയമം കഴിഞ്ഞ മേയിൽ അബൂദബിയിൽ നടപ്പാക്കിയിരുന്നു. മുസ്ലിംകൾക്ക് ശരീഅത്ത് നിയമമായിരിക്കും ബാധകം.
15 ാം നമ്പറിലുള്ള നിയമം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുറപ്പെടുവിച്ചത്. ദുബൈയിൽ നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് പുതിയ നിയമം. ദുബൈ കോടതികളിലും ദുബൈ ഇൻറർനാഷനൽ ഫൈനാൻഷ്യൽ സെൻറർ കോടതികളിലും ഇൗ നിയമം ബാധകമായിരിക്കും.
മുസ്ലിം ഇതര പ്രവാസികൾക്ക് വിൽപത്രം തയാറാക്കാൻ പല വഴികൾ ഉണ്ട്. പ്രവാസിയുടെ മാതൃരാജ്യത്തെ നിയമം അനുസരിച്ച് പത്രം തയാറാക്കാം. ഇത് ആ രാജ്യത്തിെൻറ എംബസിയും യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തണം. 2250 ദിർഹം അടച്ചാൽ ദുബൈ കോടതികളിലെ പബ്ലിക് നോട്ടറികളും തയാറാക്കി നൽകും. ദുബൈ ഇൻറർനാഷനൽ ഫൈനാൻഷ്യൽ സെൻററിൽ രജിസ്റ്റർ ചെയ്ത ലീഗൽ കൺസൾട്ടൻറുമാർക്കും ഇത് തയാറാക്കാം.
2500 ദിർഹം മുതൽ 5000 ദിർഹം വരെ ആയിരിക്കും ഇതിനുള്ള ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
