നിയമ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു
text_fieldsറാക് കമ്യൂണിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നിയമബോധവത്കരണ ശിൽപശാല
റാസല്‍ഖൈമ: സമൂഹസംരക്ഷണ പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നിയബോധവത്കരണ ശിൽപശാല സംഘടിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. റാക് അമേരിക്കന്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ 150ഓളം വിദ്യാര്‍ഥികള്‍ പങ്കാളികളായി. റാക് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങ് കമ്യൂണിറ്റി പൊലീസ് മേധാവി ലഫ്. കേണല്‍ റാശിദ് സഈദ് ബല്ഹൂണ് ഉദ്ഘാടനം ചെയ്തു.
വിവിധ കമ്യൂണിറ്റികളോടൊപ്പം സഹവാസവും സാമൂഹിക സമാധാനവും വളര്‍ത്തുക, വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മില്‍ സംവാദ ചാനലുകള്‍ സൃഷ്ടിക്കുക, പ്രാദേശിക നിയമങ്ങളെയും സാമൂഹിക ഐക്യവുമായി ബന്ധപ്പെട്ട അവകാശങ്ങളെയുംകുറിച്ച ബോധവത്കരണം ശക്തിപ്പെടുത്തുക, സ്നേഹം, സഹിഷ്ണുത, പരസ്പരബഹുമാനം, സഹകരണം, മാനവിക-മതമൂല്യങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാക്കുക തുടങ്ങിയവയാണ് സംരംഭത്തിന്റെ ലക്ഷ്യങ്ങളെന്ന് റാശിദ് സഈദ് പറഞ്ഞു.
കമ്യൂണിറ്റി അവയര്‍നെസ് അഡ്മനിസ്ട്രേഷനിലെ സീനിയര്‍ അസി. ഡോ. അഹമ്മദ് മുഹമ്മദ് അല്സഹാരി അല്‍ശഹി ബോധവത്കരണ പ്രഭാഷണം നടത്തി. സഹിഷ്ണുതയും സമാധാനപരമായ സഹവാസവും കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ശില്പശാല ആഹ്വാനംചെയ്തു. ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന പൊലീസ് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക, സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതികൂല പ്രവണതകള്‍ക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളും അധികൃതര്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. സന്തോഷവും ജീവിതനിലവാരവും ഉറപ്പാക്കുന്നതിന് ഇത്തരം പരിപാടികള്‍ എമിറേറ്റില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

