കഴിഞ്ഞ വർഷം 13,000 സമ്പന്നർകൂടി രാജ്യത്തെത്തി
text_fieldsദുബൈ: കഴിഞ്ഞ വർഷം 13,000 സമ്പന്നർകൂടി രാജ്യത്ത് എത്തിച്ചേർന്നതായി യു.ബി.എസ് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട്. ഇതോടെ യു.എ.ഇയിലെ ആകെ സമ്പന്നരുടെ എണ്ണം 2,40,343 ആയെന്നാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ ആകെ സമ്പത്തിൽ 2.88 ട്രില്ല്യൺ ദിർഹം ഇവരുടെ കൈവശമാണുള്ളത്. കഴിഞ്ഞ വർഷം മാത്രം 5.8 ശതമാനം വളർച്ചയാണ് സമ്പന്നൻമാരുടെ എണ്ണത്തിൽ രാജ്യത്തുണ്ടായത്. റിപ്പോർട്ട് പ്രകാരം ഇക്കാര്യത്തിൽ തുർക്കിയക്ക് ശേഷം ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന രാജ്യമാണ് യു.എ.ഇ. തുർക്കിയ 8.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
യു.എ.ഇയിലെ ജനസംഖ്യ കഴിഞ്ഞ വർഷം 3.8 ലക്ഷം വർധിച്ചതായാണ് വേൾഡോ മീറ്റേഴ്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് പുതുതായി രാജ്യത്തെത്തിയ ജനസംഖ്യയിൽ 30 പേരിൽ ഒരാൾ ലക്ഷാധിപതിയാണെന്ന് കണക്കാക്കപ്പെടുന്നു. ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം യു.എ.ഇയിലെ മൊത്തം സമ്പത്തിന്റെ 62 ശതമാനത്തോളം സാമ്പത്തിക ആസ്തികളാണ്. അതേസമയം, റിയൽ എസ്റ്റേറ്റ്, ഭൂമി തുടങ്ങിയ സാമ്പത്തികേതര ആസ്തികൾ ഏകദേശം 48 ശതമാനമാണ്. യു.എ.ഇയിലെ ഒരു മുതിർന്ന വ്യക്തിയുടെ ശരാശരി സമ്പത്ത് 1,47,663 ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്.
പശ്ചിമേഷ്യൻ മേഖലയിൽ ഏകദേശം 3,40,000 ലക്ഷാധിപതികളുമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ യു.എ.ഇയും പിന്നാലെ 1,86,000 സമ്പന്നരുമായി ഇസ്രായേലുമാണുള്ളത്. ആഗോളതലത്തിൽ വ്യക്തിയുടെ ശരാശരി സമ്പത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്വിറ്റ്സർലൻഡാണ്. മുതിർന്ന ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് സ്വിറ്റ്സർലൻഡിൽ 6,87,166 ഡോളറാണ്. പിന്നാലെ യു.എസ്, ഹോങ്കോങ്, ലക്സംബർഗ്, ആസ്ട്രേലിയ എന്നിവയാണുള്ളത്. 2024ൽ ആഗോള സമ്പത്ത് 4.6 ശതമാനം വർധിച്ചതായാണ് സ്വിസ് ബാങ്കിന്റെ പഠനം സൂചിപ്പിക്കുന്നത്. 2023ൽ 4.2 ശതമാനം വളർച്ചയുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

