മേഖലയിലെ ഏറ്റവും വലിയ ഇ.വി ചാര്‍ജിങ് സ്റ്റേഷൻ തുറന്നു
text_fieldsസൈഹ് ശുഐബിൽ തുറന്ന സൂപ്പര്‍ഫാസ്റ്റ് ഇ.വി ചാര്‍ജിങ് സ്റ്റേഷൻ
അബൂദബി: മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ഫാസ്റ്റ് ഇ.വി ചാര്‍ജിങ് സ്റ്റേഷൻ തുറന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍. ഇ 11 ഹൈവേയില്‍ സൈഹ് ശുഐബിലാണ് ചാര്‍ജിങ് സ്റ്റേഷന് ആരംഭിച്ചത്. എമിറേറ്റിലെ ഏറ്റവും തിരക്കേറിയ അന്തര്‍ എമിറേറ്റ് ഇടനാഴിയാണ് സൈഹ് ശുഐബ്. 60 സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തെ ആറാമത്തെ വലിയ സൂപ്പർഫാസ്റ്റ് ഇലക്ട്രിക് വാഹന ചാർജിങ് ഹബാണിതെന്നും അധികൃതർ വ്യക്തമാക്കി.
ചാര്ജിങ്ങിനായെത്തുന്ന വാഹനങ്ങളുടെ നീണ്ട വരികള്‍ ഒഴിവാക്കുന്നതിനായാണ് ഇത്രയധികം ചാര്‍ജറുകള്‍ ഒരു സ്റ്റേഷനില്‍ അധികൃതര്‍ സജ്ജമാക്കിയിരിക്കുന്നത്. സാധാരണ ഒരു ചാര്‍ജിങ് സ്റ്റേഷനില്‍ അഞ്ചോ ആറോ ചാര്‍ജറുകളാണ് ഉണ്ടാവാറുള്ളതെന്നും എന്നാല്‍ സൈഹ് ശുഐബിലെ സ്റ്റേഷന് ഒരു ചാര്‍ജിങ് ഹബായാണ് തീര്‍ത്തിരിക്കുന്നതെന്നും അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ജാക്വിലിന് എല്‍ബോഗ്ദാദി പറഞ്ഞു. യു.എ.ഇയുടെ പ്രധാന ഹൈവേ ഇടനാഴികള്‍ വൈദ്യുതീകരിക്കുകയെന്ന അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ഇലക്ട്രിക് ചാര്‍ജിങ് ഹബ്. ഹൈവേകളില്‍ മതിയായ ചാര്‍ജിങ് സ്റ്റേഷനുകളില്ല എന്നതാണ് ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിക്കുന്നതില്‍നിന്ന് നിരവധി പേരെ തടയുകയും രണ്ടാമതൊരു കാറായി മാത്രം ഇലക്ട്രിക് വാഹനങ്ങളെ കരുതാന്‍ ഉണ്ടാവുന്ന പ്രധാന കാരണമെന്നും ജാക്വിലിന് പറഞ്ഞു. എന്നാല്‍, പ്രധാന ഹൈവേയില്‍ വലിയൊരു ചാര്‍ജിങ് ഹബ് തന്നെ ആരംഭിച്ചിട്ടുള്ളതിനാല്‍ ഇനി മുതല്‍ ആത്മവിശ്വാസത്തോടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ പ്രതിദിനം നൂറിലേറെ വാഹനങ്ങളാണ് ഇവിടെ ചാര്ജിങ്ങിനെത്തുന്നത്. അതേസമയം, സൈഹ് ശുഐബിലെ നിലവിലെ ചാര്‍ജിങ് സ്റ്റേഷനു നേരെ എതിര്‍വശത്ത് രണ്ടാമത് ചാര്‍ജിങ് സ്റ്റേഷന് തുറക്കാനും അഡ്നോക് പദ്ധതിയുണ്ട്.
എതിര്‍ദിശയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ചാര്‍ജിങ് എളുപ്പമാക്കുന്നതിനാണ് ഇത്. ഇതോടെ അബൂദബി-ദുബൈ എമിറേറ്റുകളിലേക്ക് വന്നുപോവുന്നവര്ക്ക് ചാര്‍ജിങ് സൗകര്യപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

