അബൂദബിയിലെ ഭൂമി വിൽപന; ഏകീകൃത കരാര്‍ ജൂലൈ മൂന്നു മുതല്‍ നിലവില്‍ വരും
text_fieldsഅബൂദബി: എമിറേറ്റിലെ വികസിത മേഖലകളില്‍ ഭൂമി വില്‍ക്കുന്നതിന് അബൂദബി നഗര, ഗതാഗത വകുപ്പ് പുതിയ ഏകീകൃത കരാര്‍ മാതൃക കൊണ്ടുവന്നു. ജൂലൈ മൂന്നു മുതൽ പ്രാബല്യം. നിക്ഷേപകരും ഡെവലപ്പര്‍മാരുമായുള്ള വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന നടപടി ലഘൂകരിക്കുന്നതിനുമാണ് ഏകീകൃത കരാർ മാതൃക പുറത്തിറക്കുന്നത്. നിർമാതാവും നിക്ഷേപകരും തമ്മിലുള്ള വിൽപന കരാറായാണ് ഇത് പ്രവര്‍ത്തിക്കുക. ഇരു കക്ഷികളുടെയും അവകാശങ്ങളും ബാധ്യതകളുമാണ് കരാറിലുണ്ടാവുക.
വസ്തുവിന്റെ വിശദവിവരം, പദ്ധതിയുടെ പ്രത്യേകതകള്‍, പൂര്‍ത്തീകരണ തീയതി, പണം അടക്കുന്നതിന്റെ വിശദാംശം എന്നിവയും ഇതിലുണ്ടാകും. റിയല്‍ എസ്റ്റേറ്റ് വിപണിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഏകീകൃത വിൽപന കരാര്‍ അവതരിപ്പിച്ചതെന്ന് അബൂദബി നഗര, ഗതാഗത വകുപ്പിലെ റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അദീബ് അല്‍ അഫീഫി പറഞ്ഞു. അറബിക്, ഇംഗ്ലീഷ് ഭാഷയിലാണ് കരാര്‍ മാതൃക തയാറാക്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുക, മുനിസിപ്പല്‍ രേഖകളുമായി വസ്തുവിവരം ഒത്തുചേരുക, കരാറിലെ കക്ഷികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പുവരുത്തുക തുടങ്ങി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് പുതിയ കരാര്‍ മാതൃകയെന്നും നഗര, ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞവര്‍ഷം 71 ബില്യൺ ദിര്‍ഹമിന്റെ ഇടപാടാണ് നടന്നത്. 14,958 ഇടപാടുകളിലൂടെയാണ് 71.5 ബില്യൺ ദിര്‍ഹം റിയല്‍ എസ്റ്റേറ്റ് മേഖലയിലെത്തിയത്. കോവിഡ് വ്യാപനവേളയിലും ഗുണകരമായ വളര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായത്. ആകെ ഇടപാടില്‍ 18.2 ബില്യൺ ദിര്‍ഹം 7262 വിൽപനകളിലൂടെയാണ് ലഭിച്ചത്. 7696 ഒറ്റ ഇടപാടിലൂടെയാണ് ബാക്കിയുള്ള 53.3 ബില്യൺ ദിര്‍ഹം മേഖലയിലെത്തിയത്. യാസ് ദ്വീപില്‍ 4.1 ബില്യൺ ദിര്‍ഹമിന്റെയും അല്‍ റീം ദ്വീപില്‍ 3.2 ബില്യൺ ദിര്‍ഹമിന്റെയും സഅദിയാത്ത് ദ്വീപില്‍ 2.5 ബില്യൺ ദിര്‍ഹമിന്റെയും ഫോറസ്റ്റ് ബെല്‍റ്റ് അല്‍ ജര്‍ഫ് പ്രോജക്ടില്‍ 1.1 ബില്യൺ ദിര്‍ഹമിന്റെയും ഖലീഫ സിറ്റിയില്‍ 915 ദശലക്ഷം ദിര്‍ഹമിന്റെയും ഇടപാടുകള്‍ നടന്നു. ഈ വര്‍ഷം ഇതിലും മികച്ച വളര്‍ച്ച ഈ മേഖലയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനും തുടക്കംകുറിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍, വ്യാജ ഏജന്റുമാര്‍, നിലവിലില്ലാത്ത പദ്ധതികളും ഓഫറുകളും മുതലായവ പുതിയ പ്ലാറ്റ്ഫോം നടപ്പാക്കലിലൂടെ ഇല്ലാതാക്കാന്‍ കഴിയും. www.DARI.ae എന്ന വെബ്സൈറ്റോ അല്ലെങ്കില്‍ DARI ആപ്പോ ഡൗണ്‍ലോഡ് ചെയ്താൽ മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ അംഗീകാരമുള്ള പ്രോജക്ടുകളും പാട്ടത്തിനും വിൽപനക്കുള്ള വസ്തുവകകളും കാണാം.
അബൂദബിയില്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ വില്ക്കാനുള്ളവരെല്ലാം ഈ പ്ലാറ്റ്ഫോമിലുണ്ടാവും. ഫ്ലാറ്റോ മറ്റോ വാങ്ങാന്‍ ആഗ്രഹമുള്ള താമസക്കാര്‍ വെബ്സൈറ്റോ ആപ്പോ സന്ദര്‍ശിച്ചാല്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും അവരെ ബന്ധപ്പെടാനും സാധിക്കും. ഇടനിലക്കാരുടെ ആവശ്യമില്ലാതെതന്നെ ഇഷ്ടമുള്ള പ്രോപ്പര്‍ട്ടി തിരഞ്ഞെടുക്കാനുള്ള അവസരവും ഇതിലൂടെ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

