ദുബൈയിൽ ഭൂമി ഏറ്റെടുക്കലും സംയുക്ത സംരംഭങ്ങളും വൻ കുതിപ്പിലേക്ക്
text_fieldsസുകേഷ് ഗോവിന്ദൻ,
സി.ഇ.ഒ, ടെൻഎക്സ് പ്രോപ്പർട്ടീസ് എൽ.എൽ.സി
ലോകത്തെ ഏറ്റവും സജീവമായ റിയൽ എസ്റ്റേറ്റ് വിപണിയെന്ന നിലയിലുള്ള ദുബൈയുടെ മുന്നേറ്റം വൻകുതിപ്പിലേക്ക് നീങ്ങുകയാണ്. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ നിക്ഷേപകർ നഗരത്തിൽ സാന്നിധ്യമറിയിക്കുന്നതിന് മത്സരിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷങ്ങളിൽ ഭൂമി ആവശ്യം വർധിക്കും. നഗര മേഖലകൾ വികസിക്കുന്നതും പ്ലോട്ടുകൾ പരിമിതമായതും കാരണമായി പ്രധാന സ്ഥലങ്ങളിലെ ഭൂമിക്ക് മൂല്യം വർധിച്ചിട്ടുണ്ട്. ഇതോടെ ദുബൈയിൽ ഭൂമി എന്നത് റിയൽ എസ്റ്റേറ്റ് ആസ്തി മാത്രമല്ല, വളരെ പ്രധാനപ്പെട്ടൊരു നിക്ഷേപമായി മാറിയിട്ടുണ്ട്. ഇതുവഴി ഭാവിയിൽ വളർച്ച കൈവരിക്കാനും വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയിൽ ദീർഘകാലത്തേക്ക് സ്ഥിരത കൈവരിക്കാനും സാധിക്കും.
വിപണിയിലെ പ്രധാന പുതുപ്രവണതകളിലൊന്ന് ഭൂവുടമകളും ഡെവലപ്പർമാരും തമ്മിലുള്ള സംയുക്ത സംരംഭങ്ങളാണ് (ജെ.വി). രണ്ടുകൂട്ടർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ ഈ രീതി തെരഞ്ഞെടുക്കുന്നവർ ഏറെയാണ്. ഇതുവഴി വലിയ മുൻകൂർ മൂലധന നിക്ഷേപമില്ലാതെ ഭൂവുടമകൾക്ക് അവരുടെ സ്വത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. അതേസമയം, ഭൂമി ഏറ്റെടുക്കലിന്റെ ചെലവില്ലാതെ ഡെവലപ്പർമാർക്ക് മികച്ച സ്ഥലങ്ങൾ ലഭിക്കുകയും ചെയ്യും. ഇത് പദ്ധതി പൂർത്തീകരണം വേഗത്തിലാക്കുകയും, കൂടുതൽ വൈവിധ്യമാർന്ന റിയൽ എസ്റ്റേറ്റ് മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുമാണ്. പ്രത്യേകിച്ച് റെസിഡൻഷ്യൽ, കമേഴ്ഷ്യൽ, മിക്സഡ്-ഉപയോഗ പദ്ധതികളുടെ അടിത്തറയായി ജെ.വി മോഡൽ അതിവേഗം മാറുന്നുണ്ട്. നിക്ഷേപകർക്കും സംരംഭകർക്കും പ്രഫഷനലുകൾക്കും ഗോൾഡൻ വിസ ലഭിക്കുന്നത് ഇതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതാണ്.
100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം, വഴക്കമുള്ള സ്വത്ത് നിയമങ്ങൾ, കാര്യക്ഷമമായ റെഗുലേറ്ററി പ്രക്രിയകൾ തുടങ്ങിയ മറ്റു നിക്ഷേപക സൗഹൃദ നയങ്ങളും ചേരുന്നതോടെ ദുബൈയിൽ ആഗോള നിക്ഷേപകർ വർധിക്കുകയാണ്. നിലവിൽ ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ വാട്ടർഫ്രണ്ട് പദ്ധതികൾ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.
ദുബൈ മാരിടൈം സിറ്റി പോലുള്ള പ്രദേശങ്ങൾക്കും മറ്റു പ്രധാന വാട്ടർഫ്രണ്ട് പദ്ധതികൾക്കും വലിയരീതിയിൽ ആവശ്യക്കാരുണ്ട്. ഇവിടങ്ങളിൽ ആഡംബര ജീവിതസാഹചര്യമുള്ളതോടൊപ്പം നിക്ഷേപത്തിന് ഉയർന്ന വരുമാനവും ലഭിക്കുന്നുണ്ട്. പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത സംരംഭങ്ങൾ വരുംവർഷങ്ങളിൽ ആധിപത്യം സ്ഥാപിക്കും.
ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള നിക്ഷേപകരുടെ ഒഴുക്കാണ് നിക്ഷേപത്തിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി. വിദേശ നിക്ഷേപകരിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്. ദുബൈയിൽ അവസരം കാണുന്ന ചൈനീസ്, റഷ്യൻ പൗരന്മാരാണ് തൊട്ടുപിന്നിലുള്ളത്. വർധിച്ചുവരുന്ന ഭൂമി ആവശ്യകത, ആഗോള ഡെവലപ്പർമാരുടെ കടന്നുവരവ്, നിക്ഷേപക സൗഹൃദ പരിഷ്കാരങ്ങൾ എന്നിവ കാരണമായി ലോകത്തിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് വിപണികളിൽ ഒന്നായി ദുബൈ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

