ഗസ്സയിൽ സഹായം എത്തിക്കാത്തത് നിരാശാജനകം -യു.എ.ഇ
text_fieldsലന നുസൈബ
ദുബൈ: ഗസ്സയിലെ ജനങ്ങൾ രക്ഷപ്പെടാൻ വഴിയില്ലാതെ ദുരിതത്തിലാണെന്നും അവർക്ക് മാനുഷിക സഹായമെത്തിക്കാൻ സാധിക്കാത്തത് നിരാശാജനകമാണെന്നും യു.എ.ഇ. സാധാരണക്കാർക്കെതിരായ അക്രമത്തെ അപലപിച്ച് റഷ്യ യു.എന്നിൽ അവതരിപ്പിച്ച പ്രമേയം തള്ളിയതിന് ശേഷമാണ് യു.എ.ഇയുടെ സ്ഥിരംപ്രതിനിധി ലന നുസൈബ നിലപാടറിയിച്ചത്. 10 ലക്ഷത്തിലധികം വരുന്ന ജനങ്ങളോട് ഒഴിഞ്ഞുപേകാൻ പറഞ്ഞത് നീതീകരിക്കാനാകാത്ത ആവശ്യമാണ്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പ് തന്നെ ഗസ്സ പ്രദേശം ജീവിക്കാൻ വളരെ പ്രയാസകരമായ മണ്ണായി തീർന്നിരുന്നു.
ഹമാസിന്റെ അക്രമത്തെ എല്ലാവരും അപലപിച്ചതാണ്. അതിവിടെ ഞങ്ങൾ ആവർത്തിക്കുകയാണ്. ഇപ്പോൾ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയെയോ ഗസ്സയെയോ ഹമാസ് പ്രതിനിധീകരിക്കുന്നില്ല -അവർ പ്രസ്താവനയിൽ പറഞ്ഞു.ജനുവരിയിൽ യു.എൻ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടി ഗസ്സയിലെ 13 ലക്ഷം ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായം ആവശ്യമുള്ളവരാണെന്ന് ലന നുസൈബ വിശദീകരിച്ചു.ദുരിതമനുഭവിക്കുന്നവരിൽ പകുതിയും കുട്ടികളാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മൂന്ന് യുദ്ധങ്ങൾ അവർ അനുഭവിച്ചു. അവിടെ കുട്ടികൾ പ്രതീക്ഷ നഷ്ടപ്പെട്ടവരായി കഴിയുകയാണ്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം ഉപരോധത്തിലാണിപ്പോൾ.
ഇന്ധനമോ വെള്ളമോ വൈദ്യുതിയോ മരുന്നോ ഇല്ലാതെ പ്രയാസത്തിലാണവർ. ഇവരോടാണ് ഒഴിഞ്ഞുപേകാൻ പറയുന്നതെന്നത് നീതീകരിക്കാനാവാത്ത ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കണം. രക്ഷാസമിതി ചുരുങ്ങിയ പക്ഷം സിവിലിയൻമാരെ സംരക്ഷിക്കാനുള്ള കാര്യത്തിനും ബന്ദികളെ മോചിപ്പിക്കുന്നതിലും മാനുഷിക സഹായം എത്തിക്കുന്നതിലും ഒരുമിച്ചു നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

