തൊഴിൽ നിയമലംഘനം; യു.എ.ഇയിൽ 5,400ലേറെ കമ്പനികൾക്ക് പിഴയിട്ടു
text_fieldsദുബൈ: ഈ വർഷം ആദ്യ ആറുമാസത്തിൽ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 5,400ലേറെ കമ്പനികൾക്ക് പിഴയിട്ടു. ഇക്കാലയളവിൽ 2.85ലക്ഷം പരിശോധനകളാണ് മന്ത്രാലയം രാജ്യത്ത് നടത്തിയിട്ടുള്ളത്. തൊഴിൽ വിപണിയിലെ നിയമങ്ങളും നിർശേദങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധനകൾ നടന്നത്.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ കുറ്റങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരിക്കുകയാണ്. ശമ്പളം നൽകാതിരിക്കുകയോ വൈകുകയോ ചെയ്യുക, വ്യാജ സ്വദേശിവൽകരണം, ലൈസൻസിന് പുറത്തുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്, അംഗീകൃത കരാറില്ലാതെ ജീവനക്കാരെ രജിസ്റ്റർ ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഫീൽഡ് പരിശോധനയിലും ഡിജിറ്റൽ മോണിറ്ററിങ് സംവിധാനം വഴിയുമാണ് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും തൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള പരിശോധനകൾ കാര്യക്ഷമതയും സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കുന്നതാണെന്ന് പ്രസ്താവനയിൽ വിശദീകരിച്ചു.
ഈ വർഷം ആദ്യ ആറുമാസ കാലയളവിൽ 405 വ്യാജ സ്വദേശിവൽകരണ നിയമനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനത്തിന്‍റെ തോതനുസരിച്ച് പിഴ മുതൽ ഉപരോധം വരെയുള്ള നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സ്ഥാപനങ്ങൾ നിയമനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജീവനക്കാരെ തെറ്റായി തരംതിരിക്കുന്നതോ, അല്ലെങ്കിൽ ജോലിയില്ലാതെ ഇമാറാത്തികളെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതോ ആയ സാഹചര്യങ്ങളെയാണ് വ്യാജ സ്വദേശിവൽകരണമെന്ന് സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഈ രീതി ദുർബലപ്പെടുത്തുന്നതിനാലാണ് വ്യാജ നിയമങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

