രാജ്യത്ത് തൊഴിൽ നിയമലംഘനങ്ങൾ കുറയുന്നു
text_fieldsദുബൈ: പരിശോധനകളും നിയമനടപടികളും ശക്തമാക്കിയതോടെ രാജ്യത്ത് തൊഴിൽ നിയമലംഘനങ്ങളിൽ വലിയ രീതിയിൽ കുറവ് രേഖപ്പെടുത്തിയതായി മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. കഴിഞ്ഞ വർഷം തൊഴിൽ നിയമലംഘനങ്ങളിൽ സംഭവിച്ചത് 13 ശതമാനത്തിന്‍റെ കുറവാണ്. അതോടൊപ്പം നിയമം പാലിക്കുന്നതിൽ 34 ശതമാനത്തിന്‍റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.
തൊഴിൽ വിപണിയിൽ നിർമിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യ അധിഷ്ഠിതമായ ഭരണ സംവിധാനങ്ങളുടെ സ്വാധീനം വർധിച്ചുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കർശനമായ മേൽനോട്ടവും നിയമം നടപ്പിലാക്കലുമാണ് സ്വകാര്യ മേഖലയിൽ നിയമ ലംഘനം കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷം സ്വകാര്യ മേഖലകളിൽ 695,000 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് പരിശോധനകളിൽ നാല് ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നടത്തിയ 3000ത്തിലധികം സംയുക്ത ക്യാമ്പയ്നുകളുടെ പിന്തുണയോടെയാണ് സംരംഭം നടപ്പിലാക്കിയത്.
നൂതനമായ ഡിജിറ്റൽ ഉപകരണങ്ങൾ, ഡാറ്റ അധിഷ്ഠിത റിസ്ക് ഇൻഡികേറ്ററുകൾ എന്നിവ ഉപയോഗിച്ച് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള മേഖലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്നാൽ, പരിശോധനകളുടെ അളവ് കൂടിയെങ്കിലും നിയമലംഘനങ്ങളുടെ എണ്ണം കുറവാണ്. ബിസിനസ് സ്ഥാപനങ്ങൾക്കിടയിൽ നിയമം അനുസരിക്കുന്നതിലേക്കുള്ള മാറ്റമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വദേശി വത്കരണ നയങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിലും വ്യാജ സ്വദേശിവത്കരണ നിയമനങ്ങളിലും 62 ശതമാനത്തിന്‍റെ കുറവും സംഭവിച്ചിട്ടുണ്ട്. കൂടാതെ തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ ആരോഗ്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളും ഗണ്യമായി കുറഞ്ഞു. തൊഴിലാളികളുടെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 30 ശതമാനത്തിന്‍റെ കുറവും രേഖപ്പെടുത്തി. ഇത് തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുന്നതിന്‍റെ സൂചനയാണ്.
കഴിഞ്ഞ വർഷം 2,600 നിയമലംഘന കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറിയത്. വേതനം നൽകാതിരിക്കൽ, വൈകൽ, സാധുവായ പെർമിറ്റില്ലാതെ ജോലി ചെയ്യൽ, വ്യാജ സ്വദേശിവത്കരണ നടപടികൾ, തൊഴിലാളികൾക്ക് അംഗീകൃതമായ രീതിലുള്ള താമസ സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് നിയമനടപടികൾക്കായി കൈമാറിയത്. അതേസമയം, രാജ്യത്തെ തൊഴിൽശക്തിയുടെ വളർച്ച 12.4 ശതമാനത്തിലെത്തിയിട്ടുണ്ട്. 2025ൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണത്തിൽ 7.8 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

