ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന വെബ്സൈറ്റുകൾ കണ്ടെത്താൻ ലാബ്
text_fieldsദുബൈ: മറ്റുള്ളവർ രൂപപ്പെടുത്തിയ കലാപരവും സർഗാത്മകവുമായ സൃഷ്ടികൾ മോഷ്ടിക്കുന്നവരെ പിടികൂടാൻ പുതിയ സംവിധാനവുമായി യു.എ.ഇ. ബൗദ്ധിക സ്വത്തവകാശവും സർഗാത്മക പ്രവർത്തനങ്ങളും നിയമവിരുദ്ധമായി കൈയടക്കുന്ന വെബ്സൈറ്റുകളെ കണ്ടെത്താനും ബ്ലോക്ക് ചെയ്യാനുമായി ദുബൈ മീഡിയ സിറ്റിയിലാണ് ലാബ് ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയവും സ്പാനിഷ് ദേശീയ പ്രഫഷനൽ ഫുട്ബാൾ ലീഗായ ‘ലാ ലിഗ’യും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
‘ലാ ലിഗ’യിലെ ആന്റി പൈറസി ലാബിന് സമാനമായ ലാബാണ് ധാരണ പ്രകാരം മൂന്നുവർഷത്തിനകം ദുബൈയിൽ സജ്ജമാക്കുക. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഓഡിയോ, വിഡിയോ ഉള്ളടക്കങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗമാണ് ലാബ് വഴി കണ്ടെത്തുക.
രാജ്യത്തെ ടെലിക്കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി ആൻഡ് ഡിജിറ്റൽ ഗവൺമെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയമവിരുദ്ധമായി ഉപയോഗിക്കുന്ന ഓഡിയോ വിഷ്വൽ ഉള്ളടക്കം കണ്ടെത്താനും വിശകലനം ചെയ്യാനും നീക്കം ചെയ്യാനും ലാബ് അത്യാധുനിക സാങ്കേതിക, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കും. സർഗാത്മക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുമുള്ള നയങ്ങൾ രൂപവത്കരിക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന സാഹചര്യത്തിലാണ് ലാബിന്റെ ആസ്ഥാനമായി ദുബൈ തിരഞ്ഞെടുക്കപ്പെട്ടത്.
പകർപ്പവകാശം സംബന്ധിച്ച 2021ലെ ഫെഡറൽ നിയമപ്രകാരം സാഹിത്യം, കല, ശാസ്ത്രം എന്നീ മേഖലകളിലെ ഏതൊരു മൗലിക സൃഷ്ടിയും ബൗദ്ധിക സൃഷ്ടിയായാണ് തരംതിരിച്ചിട്ടുള്ളത്. ഇവയുടെ പകർപ്പവകാശം ലംഘിക്കപ്പെട്ടാൽ സംരക്ഷിക്കപ്പെടുമെന്ന് നിയമം വ്യക്തമാക്കിയിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾക്കെതിരെ യു.എ.ഇ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ‘ഇൻസ്റ്റാബ്ലോക്’ എന്ന സംരംഭത്തിലൂടെ, ഈ വർഷം റമദാനിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിൽ പകർപ്പവകാശം ലംഘിച്ച 1,117 വെബ്സൈറ്റുകൾ സാമ്പത്തിക മന്ത്രാലയം ബ്ലോക്ക് ചെയ്തിരുന്നു.
മികച്ച ആഗോള രീതികളനുസരിച്ച് ബൗദ്ധിക സ്വത്തവകാശങ്ങളെ ലംഘിക്കുന്ന വെബ്സൈറ്റുകൾ തടയുന്നതിനുള്ള ചട്ടക്കൂടുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഫെബ്രുവരിയിൽ ആരംഭിച്ച മന്ത്രാലയത്തിന്റെ ‘ഇൻസ്റ്റാബ്ലോക്ക്’ സംരംഭത്തിന് ഈ പുതിയ പദ്ധതി കരുത്ത് പകരുമെന്നും സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ അഹമ്മദ് അൽ സാലിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

