Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightകിടുക്കി...കിർഗിസ്​താൻ

കിടുക്കി...കിർഗിസ്​താൻ

text_fields
bookmark_border
കിടുക്കി...കിർഗിസ്​താൻ
cancel
camera_alt

ലേഖകനും കുടുംബവും ബിഷ്​ക്കെക്കിൽ സഞ്ചാരിയായ വ്ലാദിമിർ നെസിനൊപ്പം 

ഒരല്പം മുഷിഞ്ഞ വസ്ത്രങ്ങൾ, മുതുകത്ത് തൂക്കിയിരിക്കുന്ന നരച്ചു തുടങ്ങിയ തടിച്ച ബാഗ് തോളിലൂടെ സ്ട്രാപ്പിട്ടു മുറുക്കി സുരക്ഷിതമായി വച്ചിരിക്കുന്നു. നന്നേ നരച്ച താടിയും മുടിയും എല്ലാം കണ്ടാൽ പ്രായം ഏതാണ്ട് എൺപതിനോട് അടുത്തു തോന്നുമെങ്കിലും ബലിഷ്ഠമായ കുറുകിയ ശരീരം.

അബൂദബിയിൽ നിന്നും കിർഗിസ്ഥാനിലെ ബിഷ്കെക്കിലേക്ക് വിമാനത്തിലേക്ക് കയറുന്നതിനു മുമ്പ്​ യാത്രക്കാർ വിശ്രമിക്കുന്ന ബോർഡിങ്​ ഗേറ്റിലെ കസേരയിലൊന്നിലിഇ ഇരിക്കുകയാണ്​ അദ്ദേഹം. വരുന്ന യാത്രക്കാരെയെല്ലാം പുഞ്ചിരിയോടെ നോക്കുന്ന ആ മനുഷ്യനെ തെല്ലൊരു കൗതുകത്തോടെയാണ് ഞാൻ വീക്ഷിച്ചത്. കാഴ്ചയിൽ, ചിത്രങ്ങളിൽ കണ്ടിരിക്കുന്ന നമ്മുടെ ശ്രീനാരായണഗുരുവിനോട് സാദൃശ്യം തോന്നും. എയർപോർട്ടിനുള്ളിൽ ഒരു ചെരുപ്പ്പോലും ഇടാതെയിരിക്കുന്ന ആളെ മറ്റു യാത്രക്കാരിൽനിന്ന്​ പലതുകൊണ്ടും വ്യത്യസ്തനാക്കുന്നത് കൊണ്ടാണ് പെട്ടെന്ന് ശ്രദ്ധിക്കാൻ കാരണം. അൽപം കഴിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യയെന്നു തോന്നുന്ന ഒരു സ്ത്രീയും കൂടെയിരിക്കുന്നത്​ കണ്ടു. രണ്ടുപേരുടെയും മുഖത്ത് തെളിഞ്ഞുനിൽക്കുന്ന ഉന്മേഷഭാവം.

കിർഗിസ്​താനിലെ അല ആർച്ച നാഷനൽ പാർക്ക്​

വിമാനത്താവളത്തിലെ പളപളപ്പൻ കാഴ്ചകളിൽനിന്ന്​ വ്യത്യസ്തരായ അവരെ ഒട്ടുമിക്ക യാത്രക്കാരും തെല്ലൊരു മതിപ്പില്ലായ്മയോടെയാണ് നോക്കുന്നതെന്ന് എനിക്ക് തോന്നി. ഒന്ന് പരിചയപ്പെടാം എന്നു കരുതി അദ്ദേഹത്തിന്‍റെ അടുത്തു ചെന്ന്​ ഞാൻ സ്വയം പരിചയപ്പെടുത്തി. അപ്പൂപ്പന്‍റെ പേര് വ്ലാദിമിർ നെസിൻ. പഴയ സോവിയറ്റ് യൂനിയനിൽ ഉൾപ്പെട്ടിരുന്ന, ഇന്നൊരു സ്വതന്ത്ര രാജ്യമായ ബെലാറസ് ആണ് സ്വദേശം. അമ്മൂമ്മയും അതീവ സൗഹൃദപരമായി തോന്നി. വെറോണിക്ക. കാനഡയാണ് അവരുടെ സ്വദേശം.

ഞങ്ങൾ ഇപ്പോൾ ബിഷ്‌ക്കെക്കിലേക്കു പോവുകയാണെന്നും ഇനി നാലഞ്ച് ദിവസം കിർഗിസ്താനിലെ ചില കാഴ്ചകളിലേക്ക് പോകുമെന്നും എല്ലാം പറഞ്ഞപ്പോൾ അപ്പൂപ്പനും അങ്ങോട്ടുതന്നെ എന്ന് പറഞ്ഞു. അപ്പൂപ്പൻ അവിടെ എത്ര ദിവസം എന്നു തീരുമാനിച്ചിട്ടില്ലത്രെ. അതിലൊരു കൗതുകവും ആവേശവും തോന്നി. മുൻകൂട്ടി നിശ്ചയിക്കാതെ എത്ര ദിവസങ്ങളെന്നു തീരുമാനിക്കാതെ കാഴ്ചകൾ കണ്ടൊരു യാത്ര. അതിന്‍റെ രസം ഒന്നു വേറെത്തന്നെയാണ്. കഴിഞ്ഞ വർഷം ഇന്ത്യ മുഴുവൻ ചുറ്റിക്കാണാൻ പോയപ്പോൾ ആ രീതി ഞാനും പരീക്ഷിച്ചു നോക്കിയിരുന്നു. അതെക്കുറിച്ചെല്ലാം ഞങ്ങൾ സംസാരിച്ചങ്ങനെയിരുന്നു.

ഇടക്ക് എപ്പോഴോ ഫ്ലൈറ്റ് പുറപ്പെടാൻ തയാറായിട്ടുണ്ടെന്നും, യാത്രക്കാർ റെഡിയായി ഇരിക്കണമെന്നും അനൗൺസ്മെന്‍റ്​ വന്നു. യാത്രക്കാരെല്ലാം ഫ്ലൈറ്റിലേക്ക് പോകുന്നതിന് മുമ്പ്, കിർഗിസ്ഥാനിൽ എത്തിയാൽ ഞങ്ങൾ എവിടെയാണ് താമസിക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത് എന്നെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പൂപ്പൻ എവിടെയാണ് താമസിക്കുന്നത് എന്ന ചോദ്യത്തിന് അതിശയകരമായിരുന്നു മറുപടി. ‘ഇന്ന് രാത്രി ചെന്നിറങ്ങി കഴിഞ്ഞ് എയർപോർട്ടിൽ തന്നെ കഴിയും. നാളെ മുതൽ ആ രാജ്യത്തു ആരെയെങ്കിലുമൊക്കെ പരിചയപ്പെടും. താമസിക്കാൻ അവരിൽ ആരുടെയും വീട് ഒന്നും കിട്ടിയില്ലെങ്കിൽ ഞങ്ങളുടെ കൈയിൽ ടെന്‍റ്​ ഉണ്ട്​. അതിൽ താമസിക്കും’ -കേട്ടപ്പോൾ സത്യത്തിൽ കണ്ണുതള്ളിപ്പോയി.

വിമാനത്തിലേക്ക് കയറാൻ ക്യൂവിൽ നിൽക്കാൻ പുറപ്പെടും മുമ്പ് നിസ്സംഗ ഭാവത്തിൽ അദ്ദേഹം പറഞ്ഞു... എന്നെപ്പറ്റി കൂടുതലറിയാൻ നീ ഗൂഗിളിൽ എന്‍റെ പേര് ടൈപ്പ് ചെയ്താൽ മതി.

വിമാനം കൃത്യസമയത്തു തന്നെ പുറപ്പെട്ടു. അബൂദബിയിൽ നിന്നും പറന്നുയർന്ന വിമാനം ഇറാനും അഫ്‌ഗാനിസ്ഥാനും തജിക്കിസ്ഥാനും ഉസ്ബക്കിസ്ഥാനുമെല്ലാം പിന്നിട്ട് നാലര മണിക്കൂറിനുശേഷം ബിഷ്‌ക്കെക്കിലെ മനാസ് ഇന്‍റർനാഷനൽ എയർപോർട്ടിൽ പറന്നിറങ്ങി. യു.എസ് വിസയുണ്ടെങ്കിൽ കിർഗിസ്താനിൽ വിസ ഫ്രീ ആയി പ്രവേശിക്കാം. പക്ഷേ, ഇമിഗ്രേഷൻ ഓഫിസറുമായി സംസാരിച്ചപ്പോൾ ആ മാർഗം അടഞ്ഞു. പണി പാളി. ഞങ്ങളെ തിരിച്ചു വിട്ടു. യുഎസ് വിസയ്ക്ക് വാലിഡിറ്റി ഉണ്ടെങ്കിലും പഴയ പാസ്പോർട്ടിൽ പതിച്ചിരിക്കുന്നത് കൊണ്ട് രാജ്യത്ത് പ്രവേശനം അനുവദിക്കാനാവില്ലത്രേ. മറ്റൊരു മാർഗം യു.എ.ഇ വിസയുള്ളതുകൊണ്ട് കിർഗിസ്ഥാനിൽ വിസ ഓൺ അറൈവൽ ലഭ്യമാകും. എങ്കിൽ അത് നോക്കാം എന്ന് കരുതി.

യു.എ.ഇയിൽനിന്ന്​ ധാരാളം യാത്രക്കാർ ഇപ്പോൾ കിർഗിസ്താനിൽ എത്തുന്നത് കൊണ്ട് വിസ ഓൺ അറൈവൽ ക്യു കുറച്ചധികം നീണ്ടതാകും. അതുകൊണ്ട് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മൂന്ന് മണിക്കൂറെങ്കിലും എയർപോർട്ടിൽ വെയ്​റ്റ് ചെയ്യേണ്ടി വരും എന്നുള്ള രീതിയിൽ യാത്രയെ പ്ലാൻ ചെയ്താൽ നന്നായിരിക്കും. കൂടാതെ അവിടെ കറൻസി സ്വീകരിക്കില്ല. കാർഡ് ഉപയോഗിച്ചേ പേമെന്‍റ്​ സാധ്യമാകൂ. 50 യുഎസ് ഡോളറാണ് വിസ ചാർജ്.

ഓഷ്​ ബസാർ

മറ്റൊരു മാർഗം, മിനിമം ഒരു 15 ദിവസമെങ്കിലും മുൻകൂട്ടി യാത്രയെ കാണുകയാണെങ്കിൽ ഓൺലൈനിൽ ഇ-വിസ എടുത്തു പോയാൽ എമിഗ്രേഷനിൽ സമയം ലാഭിക്കാം. ബിഷ്കെക്ക് വിമാനത്താവളത്തിൽ വിസക്കായി ക്യൂവിൽ നിൽക്കുമ്പോൾ അവിടുത്തെ ഫ്രീ വൈഫൈ കണക്ട് ചെയ്ത് നെറ്റിൽ കാണാൻ പോകേണ്ട സ്ഥലങ്ങളെപ്പറ്റി പരതിക്കൊണ്ടിരുന്നു. മുൻപ് കണ്ട അപ്പൂപ്പന്‍റെ പേര് കൗതുകത്തിന് ഗൂഗിളിൽ സെർച്ച് ചെയ്തു. ഞെട്ടിപ്പോയി അദ്ദേഹത്തിന്‍റെ ചരിത്രം കണ്ടപ്പോൾ.

കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി നഗ്നപാദനായി, ഹിച്ച്ഹൈക്കിങ്​ ചെയ്തും കാൽനടയായും, 150ലേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രശസ്തനായ ഒരു റഷ്യൻ സഞ്ചാരിയായിരുന്നു അദ്ദേഹം. അപ്പൂപ്പനെ കൂടുതൽ അടുത്തറിയാനും അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കാനും പറ്റിയില്ലല്ലോ എന്നെല്ലാം ഓർത്തിരിക്കുമ്പോളാണ് വിസ അപ്രൂവലായ വിളി കൗണ്ടറിൽ നിന്നും വന്നത്.

ഇമിഗ്രേഷൻ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു. എയർപോർട്ടിനുള്ളിലെ ഒരു കടയിൽ നിന്നും സിം കാർഡ് വാങ്ങാനായി നിന്നപ്പോഴാണ് പഴയ അപ്പൂപ്പൻ അവിടെ ഒരു കടയുടെ മുന്നിൽ കടക്കാരനുമായി സംസാരിച്ചു കൊണ്ടുനിൽക്കുന്നത് കണ്ടത്. ഞങ്ങൾക്ക് വിസ എടുക്കാൻ താമസം വന്നതു കൊണ്ട് അപ്പൂപ്പനൊക്കെ നേരത്തെ പുറത്തിറങ്ങി. അമ്മൂമ്മയാണെങ്കിൽ അവിടെത്തന്നെ ഒരു ചെയറിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്. രാത്രി ഏറെ വൈകി എങ്കിലും യാത്രകളെക്കുറിച്ച് എല്ലാം ഞങ്ങൾ ഒരുപാട് സംസാരിച്ചു. കുട്ടികൾക്ക് ഉറക്കം കലശലായപ്പോൾ യാത്ര പറഞ്ഞ് എയർപോർട്ടിൽനിന്ന്​ പുറത്തിറങ്ങി. എയർപോർട്ടിൽനിന്ന്​ ടാക്സിയിൽ ഏതാണ്ട് ഒരു മണിക്കൂർ എടുക്കും നഗരത്തിലെത്താൻ. ടാക്സിക്ക് ഏകദേശം 1000 കിർഗിസ് സോം ആണ് ചാർജ്. ഇന്ത്യൻ രൂപയുടെ ഏകദേശം തുല്യമാണ് കിർഗിസ്ഥാൻ സോമിന്‍റെ മൂല്യം.

ശീതകാലം വസന്തത്തിനു വഴിമാറുന്ന സമയമായിരുന്നിട്ടുപോലും രാവിലെ ഹോട്ടലിൽനിന്ന് ഇറങ്ങുമ്പോൾ സുഖമുള്ളൊരു തണുപ്പ്. ബിഷ്‌ക്കെക്ക് നഗരത്തിൽ നിന്നും തെക്കോട്ട് ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ കിർഗിസ്താനിലെ ടിയാൻഷാൻ പർവതനിരകളുടെ ഭാഗമായ അല ആർച്ച നാഷനൽ പാർക്കിന്‍റെ പ്രവേശന കവാടത്തിൽ എത്തിച്ചേരാം. പൊതുവെ അങ്ങോട്ടൊന്നും പബ്ലിക് ട്രാൻസ്പോർട്ട് ലഭ്യമല്ലാത്തതുകൊണ്ട് ഇന്‍റർനെറ്റിലൂടെ പരിചയപ്പെട്ട ഒരു സുഹൃത്തുമായാണ് ഇന്നത്തെ യാത്ര.

നഗരം പിന്നിട്ടതോടെ ഭൂപ്രകൃതിയിൽ സാരമായ മാറ്റം കണ്ടുതുടങ്ങി. ചുറ്റുമുള്ള പർവതങ്ങളിൽ ഹിമധവളിമ! ഇന്ന് രാത്രി അല ആർച്ച ദേശീയോദ്യാനത്തിലെ ഒരു കോട്ടേജിലാണ് താമസിക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത്. അവിടെ ഒന്നും വാങ്ങാൻ കിട്ടാത്തതുകൊണ്ട് രാത്രിയിലേക്കുള്ള ഭക്ഷണം ഉൾപ്പെടെ എല്ലാം വഴിയിൽ നിന്നും വാങ്ങിയിട്ട് വേണം പോകാൻ. മലകളിൽ കൂടുതൽ ഉയരത്തിലേക്ക് പോകുന്തോറും തണുപ്പിന്‍റെ കാഠിന്യവും കൂടി വന്നു.

ബിഷ്​ക്കെക്കിലെ അല ടൂ ചത്വരം

പാർക്കിനുള്ളിൽ ചെറുതും വലുതുമായ ഇരുപതിലധികം ഹിമാനികളും, അമ്പതോളം പർവതശിഖരങ്ങളും ഉണ്ട്. ഉദ്യാനത്തിൽ ഐസ് ഉരുകുന്ന വെള്ളത്തിൽനിന്ന് ഉദ്ഭവിക്കുന്ന രണ്ട് കുഞ്ഞ് നദികൾ. അഡ്‍ജിനും, അക്-സായിയും. അല ആർച്ചയുടെ പ്രധാന കാഴ്ചകളിലേക്ക് എല്ലാം പോയി. ആകെ ഒരു മഞ്ഞുമയം. മരങ്ങളിലും ചെടികളിലും എല്ലാം പഞ്ഞിക്കെട്ടുകൾ കണക്കെ മഞ്ഞ്​. മനോഹരമായ കാഴ്ചകൾ തന്നെ എവിടെയും. ഒരുദിവസം മുഴവൻ നടന്നു കാണാൻ ഉള്ള കാഴ്ചകൾ.

അല ആർച്ചയിലെ രാത്രി കാഴ്ചയും ചെറിയ മഞ്ഞുവീഴ്ചയും പുതിയ അനുഭവമായിരുന്നു. രാത്രി മുഴുവൻ പെയ്ത മഞ്ഞ് രാവിലെയായപ്പോഴേക്കും കോട്ടേജിന് ചുറ്റും വെളുത്ത പരവതാനി തീർത്തു. കിർഗിസ്ഥാനിൽ നമുക്ക് നന്നായി ഇഷ്ടപ്പെടുന്നതും വിലക്കുറവിൽ കിട്ടുന്നതുമായ ഭക്ഷണവിഭവമാണ് ‘കട്ടമ്മ’. നമ്മുടെ പൊറോട്ടക്ക്​ പഫ്സിൽ ഉണ്ടായ മോൻ! അതീവ സ്വാദിഷ്ടവും എന്നാൽ ഏറ്റവും വിലക്കുറവുമുള്ള ഒരു കിർഗിസ് നാടൻ കടി.

സെൻട്രൽ ഏഷ്യയുടെ സ്വിറ്റ്സർലൻഡാണ് കിർഗിസ്താൻ എന്ന് വേണമെങ്കിൽ പറയാം. 1991ൽ സോവിയറ്റ് യൂനിയൻ ശിഥിലമായപ്പോൾ സ്വതന്ത്രമായ രാജ്യം. ബിഷ്‌ക്കെക്ക് ആണ് രാജ്യതലസ്ഥാനവും ഏറ്റവും വലിയ സിറ്റിയും. നഗരക്കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് 1984ൽ നിർമിതമായ അല ടൂ ചത്വരം. നാൽപതോളം കിർഗിസ് ഗോത്രങ്ങളെ ഐക്യപ്പെടുത്തുന്നതിൽ മുഖ്യനായ, കിർഗിസ് ഇതിഹാസനായകൻ മനാസിന്‍റെ അശ്വാരൂഢനായ വലിയ പ്രതിമ സ്ക്വയറിൽ.

കൂറ്റൻ ദേശീയ പതാകക്ക് താഴെ ഓരോ മണിക്കൂർ ഇടവിട്ട് കിർഗിസ് സേനാംഗങ്ങളുടെ ആചാരപരമായ ഡ്യൂട്ടി മാറ്റം കൗതുകകരം തന്നെ. മരങ്ങൾ നിറഞ്ഞ വലിയ ഒരു ഉദ്യാനം പോലെയുള്ള പ്രദേശമാണ് തലസ്ഥാനനഗരിയുടെ ഹൃദയഭാഗം. ഒട്ടുമിക്ക സോവിയറ്റ് നഗരങ്ങളെപ്പോലെ തന്നെ വളരെ വീതിയേറിയ റോഡുകൾ. റോഡുകൾക്കിരുപുറവും ഒരുനിര മരങ്ങളാൽ വേർതിരിച്ചെന്നവണ്ണം കല്ലുവിരിച്ച നടവഴികൾ. മരങ്ങളും, പുൽത്തകിടിയും, ചെറുചെടികളും വളരുന്ന നഗരമധ്യത്തിലെ പാൻഫിലോ പാർക്ക് കുട്ടികൾക്ക് എന്ന പോലെ മുതിർന്നവരേയും ഹഠാദാകർഷിക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിലെ സോവിയറ്റ് യൂനിയന്‍റെ വിജയസ്മാരകമായ വിക്ടറി മോണ്യുമെന്‍റ്​ മറ്റൊരു കാഴ്ച. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മൂന്ന് ആർച്ചുകൾ. അതിനുതാഴെ പ്രതീകാത്മകമായ ഒരു റഷ്യൻ സ്ത്രീ ശില്പം. അതിന് മുന്നിൽ 1984 മുതൽ അണയാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു കെടാവിളക്ക്. വിളക്കിന് ചുറ്റും വാടാമലരുകൾ. സ്മാരകത്തിന് ചുറ്റുമായി വളരെ വിസ്തൃതമായ വിക്ടറി സ്ക്വയർ മൈതാനം. കിർഗിസ് സ്റ്റേറ്റ് സർക്കസ് എന്ന റഷ്യൻ സർക്കസിന്‍റെ സ്ഥിരം വേദി പക്ഷേ ചില അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ അവിടെ പ്രവേശനം സാധ്യമായില്ല.

തുർക്കിയുടെ സമ്മാനമായി 2018ൽ രാഷ്ട്രത്തിന് സമർപ്പിച്ച ബിഷ്‌ക്കെക്ക് സെൻട്രൽ മോസ്ക് ഓട്ടോമൻ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. മധ്യേഷ്യയിലെ വലിയ മസ്ജിദുകളിൽ ഒന്നാണ് സെൻട്രൽ മോസ്‌ക്‌. ധാരാളം ചരിത്രമന്ദിരങ്ങളും നമുക്ക് നഗരത്തിൽ കാണാം. സിറ്റി ഹാൾ, സ്റ്റേറ്റ് ഹിസ്റ്ററി മ്യൂസിയം, നാഷനൽ ഹിസ്റ്ററി ഓഫ് ഫൈൻ ആർട്സ്, ഡ്രാമ തിയേറ്റർ തുടങ്ങി ഒട്ടനവധി ആർക്കിടെക്ചർ ഗരിമ നിലനിർത്തുന്ന സോവിയറ്റ്കാല മന്ദിരങ്ങൾ.

ബിഷ്​ക്കെക്കിൽ നിന്നും ചുങ്കുർചക് എന്ന ഹിൽ സ്റ്റേഷനിലേക്കുള്ള യാത്ര അതീവ ഹൃദ്യമായി തോന്നി. യാത്രയിലുടനീളം വെളുത്ത മഞ്ഞുമലകൾ. അവിടെയുള്ള 'സുപാര' എന്ന ഭക്ഷണശാല രുചികരമായ തനത് കിർഗിസ് വിഭവങ്ങളുടെ കലവറ മാത്രമല്ല, കിർഗിസ് ചരിത്രവും, പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വിധത്തിൽ റെസ്റ്റോറന്‍റിനെ മൊത്തത്തിൽ അലങ്കരിച്ചിരിക്കുന്നു. അവിടെ നിന്നും തടിയിൽ നിർമിച്ച പടവുകളിലൂടെ മലമുകളിലേക്ക് ഐസിനിടയിലൂടെ നടന്നുകയറാം. മലമുകളിൽനിന്നും ചുറ്റുമുള്ള കാഴ്ച വേറിട്ട ഒരു അനുഭവം തന്നെ. ധാരാളം കേബിൾ കാറുകളും കുതിരസവാരികളും തുടങ്ങി ഒരു ടിപ്പിക്കൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലുള്ള എല്ലാം തന്നെ കുടുംബമായി ചുങ്കുർചക്കിൽ ആസ്വദിക്കാം.

ഉപ്പു തൊട്ട് കർപ്പൂരം വരെ ലഭിക്കും എന്ന മട്ടിലുള്ള ബിഷ്കെക്കിലെ 'ഓഷ് ബസാർ' എന്ന ചന്ത വലുപ്പം കൊണ്ടും ജനബാഹുല്യം കൊണ്ടും സമ്പന്നമാണ്. കിർഗിസ് ജനങ്ങളുടെ നിത്യജീവിതത്തിലെ വ്യാപാര കാഴ്ചകൾ. അവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഒരു പരിച്ഛേദം തന്നെയാണ്​ ബസാറിൽ.

ബുരാന ടവർ

വടക്കൻ കിർഗിസ്താനിലെ ച്യൂയ് താഴ്‌വരയിലെ ഒരു വലിയ നിർമിതിയാണ് ബുരാന ടവർ. ബിഷ്കെക്കിൽ നിന്നും കസാഖിസ്താന്‍റെ അതിർത്തിയിലൂടെ കിഴക്കോട്ട്​ നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാൽ, 11-ാം നൂറ്റാണ്ടിൽ നിർമിച്ച ഈ മിനാരത്തിൽ എത്താം. എൺപതടിയോളം ഉയരമുള്ള, മധ്യേഷ്യയിലെ തന്നെ ഏറ്റവും പഴയ വാസ്തുവിദ്യ നിർമാണങ്ങളിൽ ഒന്നായ ബുറാന ടവർ, ചരിത്രം ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച സമ്മാനിക്കുന്നു.

വളരെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം എന്നുള്ളതുകൊണ്ട്, ഇനിയും വരണമെന്ന് തോന്നിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് കിർഗിസ്താൻ. പുതിയ കാഴ്ചകളെല്ലാം ഇനിയുള്ള വരവിൽ കാണാമെന്ന പ്രതീക്ഷയോടെ കിർഗിസ്താനോട് യാത്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KyrgyzstangulfnewsEmaratbeatsgulfnewsmalayalam
News Summary - Kyrgyzstan
Next Story