പുസ്തകങ്ങളുടെ കൂട്ടുകാരൻ കുഞ്ഞബ്ദുല്ല നാടണയുന്നു
text_fieldsകുഞ്ഞബ്ദുല്ല മാസ്റ്റർ
ഷാർജ: പുസ്തകങ്ങളുടെ കൂട്ടുകാരന് പുസ്തക നഗരിയിൽ തന്നെ ജോലി ചെയ്യാൻ അവസരമുണ്ടാവുക. അതും മനോഹരമായും ശാസ്ത്രീയമായും അടുക്കിവെച്ച പുസ്തകങ്ങൾക്കിടയിൽ തന്നെ 30 വർഷത്തോളം. വടകര പൈങ്ങോട്ടായി സ്വദേശി കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ ഷാർജ ഇന്ത്യൻ സ്കൂളിലെ ദീർഘമായ 30 വർഷത്തെ ലൈബ്രേറിയൻ ജോലിക്ക് വിരാമമിട്ട് നാട്ടിലേക്ക് പോവുകയാണ്. ഷാർജ മലയാളികൾക്കിടയിൽ മത-സാംസ്കാരിക- സാഹിത്യ ചർച്ചകളിലും ഇടപെടലുകളിലും കുഞ്ഞബ്ദുല്ല സർ എന്ന ഈ മാഷ് ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഒരാൾക്കും വിസ്മരിക്കാൻ കഴിയാത്ത പേരാണ്.
അക്ഷരനഗരിയിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ, പുസ്തകപ്രകാശനങ്ങൾ, മഹല്ല് - പ്രാദേശിക കൂട്ടായ്മകൾ ഇവക്കൊക്കെയും അർഥവത്തായ ആശയക്കൂട്ടും അകക്കാമ്പുള്ള അറിവുകളും നൽകി കുഞ്ഞബ്ദുല്ല മാഷ് ഉള്ളിലും പുറത്തും പരിസരത്തുമുണ്ടാവും. ഒരേ സമയം അബൂദബിയിലെ അൽബയാൻ യൂനിവേഴ്സിറ്റിയിലും ഷാർജ ഇന്ത്യൻ സ്കൂളിലും ലൈബ്രേറിയനായി ജോലി ലഭിച്ചപ്പോൾ മലയാളികൾ അക്ഷര സ്നേഹവുമായി കൂട്ടുകൂടിയ ഷാർജയിലെ ജോലിതന്നെ തിരഞ്ഞെടുത്തതും അക്കാരണം കൊണ്ടുതന്നെയായിരുന്നു.
ശാന്തപുരം ഇസ് ലാമിയ കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് മൂന്നാം റാങ്കോടെ പാസായി ഡിഗ്രി ബിരുദവും അതേ യൂനിവേഴ്സിറ്റിയിൽനിന്ന് ലൈബ്രറി സയൻസിൽ ബിരുദവും കൈമുതലാക്കി. 1997 ആഗസ്റ്റ് ഒമ്പതിന് ഷാർജയിൽ വിസിറ്റ് വിസയിലാണ് വന്നെത്തിയത്.
ജോലിക്കായുള്ള അന്വേഷണങ്ങളിൽ മുഖ്യപരിഗണന പുസ്തകങ്ങളുമായി ഏതെങ്കിലും നിലക്ക് പൊക്കിൾകൊടി ബന്ധമുള്ളതായിരിക്കണമെന്ന് കുഞ്ഞബ്ദുല്ലക്ക് ഒരേ നിർബന്ധം. മനസ്സിൽ ആ പ്രാർഥനയുമായി നടന്ന അലച്ചിലുകൾക്കൊടുവിലാണ് മേൽപറഞ്ഞ രണ്ട് അക്ഷരകേന്ദ്രങ്ങളിലും ജോലിക്ക് അവസരം ലഭിക്കുന്നത്.
ഷാർജ ഇന്ത്യൻ സ്കൂളിൽ 28 വർഷം ലൈബ്രേറിയനായി ജോലി നോക്കി. പുസ്തകക്കൂട്ടങ്ങൾക്കിടയിൽ കുഞ്ഞബ്ദുല്ല പലപ്പോഴായി കുറിച്ചുകൂട്ടിയ രചനകൾ പല പ്രസിദ്ധീകരണങ്ങളിലും വെളിച്ചംകണ്ടു. പ്രവാസത്തിന് ബൈ പറയുമ്പോൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം കുഞ്ഞബ്ദുല്ലയുടെ ഇടനെഞ്ചിൽ ഒരു വിരഹവേദനയായി അവശേഷിക്കുന്നു.
ജോലിയോടൊപ്പം മഹല്ല് - പ്രാദേശിക കൂട്ടായ്മകളിലും കുഞ്ഞബ്ദുല്ല നേതൃപരമായ പങ്കുവഹിച്ചു. പൈങ്ങോട്ടായി മഹല്ലിന്റെ യു.എ.ഇ കൂട്ടായ്മയായ മഹല്ല് കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്, മഹല്ലിന്റെ തന്നെ ഗ്ലോബൽ പ്ലാറ്റ്ഫോമായ പി.എം.ജി.സി.സി (ഗൾഫ് കോഓഡിനേഷൻ കമ്മിറ്റി) പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

