ദുബൈയിൽ കാണാതായ കോഴിക്കോട് സ്വദേശി ശുചിമുറിയിൽ മരിച്ചനിലയിൽ
text_fieldsദുബൈ: ദുബൈയിൽ കാണാതായ കോഴിക്കോട് സ്വദേശിയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52) ആണ് മരിച്ചത്.
ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്നുകാണിച്ച് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസ സ്ഥലത്തെ ശുചിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്. ഖത്തറിലായിരുന്ന സഞ്ജയ് അടുത്തിടെയാണ് സന്ദർശക വിസയിൽ ദുബൈയിൽ എത്തിയത്. ബർദുബൈയിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
ദുബൈയിൽ മറ്റു ബന്ധുക്കളില്ലാത്തതിനാൽ നാട്ടിൽനിന്ന് സഹോദരി സന്ധ്യയും ഭർത്താവ് വേണുഗോപാലും ബുധനാഴ്ച ദുബൈയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പിതാവ്: പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ്: പരേതയായ ഉമ മേനോൻ. അവിവാഹിതനാണ്. സംസ്കാരം ദുബൈയിൽ.