കോഴിക്കോട് ഫെസ്റ്റ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ
text_fieldsഅബൂദബി: അബൂദബി കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കോഴിക്കോട് ഫെസ്റ്റ് ജനുവരി 4, 5 തീയതികളിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീടില്ലാതെ പ്രയാസപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത മുൻ പ്രവാസികൾക്ക് വീട് നിർമിച്ചു നൽകും. ഫെസ്റ്റിന്റെ ഭാഗമായി രണ്ടു ദിനങ്ങളിലായി നടക്കുന്ന പരിപാടികളിൽ നൂറിൽപരം കലാകാരന്മാർ അണിനിരക്കും.
വിവിധ മത നേതാക്കൾ പങ്കെടുക്കുന്ന സ്നേഹ സംഭാഷണം, ഒപ്പന, കോൽക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള കലാപരിപാടികൾ, റോയൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങൾ, കോഴിക്കോടൻ വിഭവങ്ങളുടെ 30 ഓളം സ്റ്റാളുകൾ, കൂടാതെ സന്ദർശകർക്ക് മെഗാ പ്രൈസ് ആയി കാറിന്റെ നറുക്കെടുപ്പും നടക്കും.
13ഓളം മണ്ഡലം കമ്മിറ്റികളും 36 പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളുമുള്ള കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബൈത്തുറഹ്മ, കോഴിക്കോട് മെഡിക്കൽ കോളജിൽ ഓപൺ ഹാർട്ട് തിയറ്റർ, സി.എച്ച് സെന്റർ തുടങ്ങിയവ നടത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ അബ്ദുല്ല ഫാറൂഖി, ജാഫർ തങ്ങൾ, സി.എച്ച്. അഷ്റഫ് നജാത്, മജീദ് അത്തോളി, അബ്ദുൽ ബാസിത് കായക്കണ്ടി, സി.പി. അഷ്റഫ്, ബഷീർ കപ്ലിക്കണ്ടി, ഉമേഷ്, ഷഹീർ ഫാറൂഖി എന്നിവർ പങ്കെടുത്തു.
