കോഴിക്കോട്ടുകാരുടെ രുചിമിടുക്കിന് ആഗോള പ്രീതി
text_fieldsദുബൈ: ലോകനഗരത്തിലെ ആഗോള സാംസ്കാരിക വിനോദ,വില്‍പ്പന മേളയുടെ ഉത്സവപറമ്പില്‍ വൈവിധ്യങ്ങളുടെ രുചികൂട്ടുമായി നിറഞ്ഞുനില്‍ക്കുന്നത് കോഴിക്കോട്ടുകാര്‍. പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണങ്ങളുമായി എത്തിയിരിക്കുന്നത് കോഴിക്കോട്ടുകാരായ ഇക്ബാലും റഫീഖും ഫൈസലും. 19 ഭക്ഷണ ശാലകളാണ് ഇക്ബാലിന്‍െറ നേതൃത്വത്തില്‍ ‘ഗ്ളോബല്‍ വില്ളേജി’ല്‍ പ്രവര്‍ത്തിക്കുന്നത്. വാരാന്ത്യദിനങ്ങള്‍ ഇവിടെ കച്ചവടത്തിന്‍െറ പൊടിപൂരമാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ സന്ദര്‍ശകര്‍ ഇവരുടെ കറക്കുചായക്കും സമോവര്‍ ചായക്കും ദോശ,ഇഡലി, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍, തായ്ലന്‍റ് പഴങ്ങള്‍ എന്നിവക്കെല്ലാമായി തിരക്ക്കൂട്ടുന്നു. വലിയ തുക വാടക നല്‍കി ഓണ്‍ലൈന്‍ ടെന്‍ഡറിലൂടെയാണ് ഇവര്‍ ഭക്ഷണശാലകളുടെ നടത്തിപ്പ് അവകാശം നേടിയെടുത്തത്.
നാട്ടില്‍ കെട്ടിട നിര്‍മാണ വസ്തുക്കളുടെ ബിസിനസ് നടത്തിയിരുന്നു ബാലുശ്ശേരി സ്വദേശി ഇക്ബാലാണ് ഏഴു വര്‍ഷം മുമ്പ് കരിമ്പ് ജ്യൂസ്കടയുമായി ഗ്ളോബല്‍ വില്ളേജില്‍ ആദ്യമത്തെുന്നത്്. മൂന്നാം വര്‍ഷം തായ്ലന്‍റ് പഴവര്‍ഗങ്ങള്‍ മുറിച്ചുവില്‍ക്കുന്ന കടയിലേക്ക് മാറി. ഇപ്പോള്‍ അഞ്ചു വര്‍ഷമായി ‘ഗ്ളോബല്‍ വില്ളേജിലെ പ്രധാന വിഭവമാണ് തായ് ഫ്രൂട്ട്സ്. ഇത്തവണ എട്ടു പഴവര്‍ഗ കടകള്‍ ഇക്ബാല്‍ മാത്രം ഇവിടെ നടത്തുന്നു. ഇതില്‍ നാലെണ്ണം കിഴക്കന്‍ യൂറോപ്പ്, റഷ്യ, തായ്ലന്‍റ്, ഖത്തര്‍ പവലിയനുകളിലാണ്. സ്വന്തം ജീവനക്കാരെ അയച്ചാണ് തായ്ലന്‍റില്‍ നിന്ന് പഴങ്ങള്‍ വാങ്ങുന്നത്. ദിവസവും വിമാനത്തില്‍ തായ്ലന്‍റില്‍ നിന്നുകൊണ്ടുവരുന്ന പഴങ്ങളാണ് മുറിച്ച പാക്ചെയ്ത് വില്‍ക്കുന്നത്. മാങ്ങ,ചക്ക, ചുകന്ന പേരക്ക, തണ്ണിമത്തന്‍, മാങ്കോസ്റ്റിന്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ക്ക് പാക്കറ്റിന് 15 ദിര്‍ഹമാണ് വില. രുചിയേറെയുള്ള ചുവന്ന പേരക്കക്കും മാങ്ങക്കുമാണ് ആവശ്യക്കാര്‍ കൂടുതല്‍. അറബികളും യുറോപ്യന്മാരുമെല്ലാം വാങ്ങാനത്തെുന്നു. ഇത്തവണ കേരളത്തില്‍ നിന്ന് ഇളനീരും വില്‍പ്പനക്കത്തെിച്ചിട്ടുണ്ട്.
ഗ്ളോബല്‍ വില്ളേജില്‍ ഇത്തവണ ആദ്യമായി തത്സമയ പാചകം നടത്തുന്ന തട്ടുകടകള്‍ അനുവദിച്ചപ്പോള്‍ അത് ഇക്ബാലും റഫീഖും ഫൈസലുമടങ്ങുന്ന സംഘത്തിനാണ് ലഭിച്ചത്. അങ്ങനെയാണ് ദോശയും വടയും പാനിപൂരിയും ബേല്‍പുരിയും പഴംപൊരിയും ഉന്നക്കായയുമെല്ലാം ദുബൈ മേള നഗരിയില്‍ വായില്‍ വെള്ളമൂറും ഗന്ധം പരത്താന്‍ തുടങ്ങിയത്്. നാലു കിയോസ്ക്കുകള്‍ കറക്ക് ചായക്ക് വേണ്ടി മാത്രമാണ്.ഇതാദ്യമായി കേരള സ്റ്റൈല്‍ സമോവര്‍ ചായയും ലോകത്തിന് മുന്നിലത്തെുന്നു.
രണ്ടു കടകളിലാണ് സമോവറില്‍ തിളപ്പിച്ച വെള്ളവും പാലും ചേര്‍ത്ത് തേയിലയിട്ട അരിപ്പയിലൂടെ അടിച്ചാറ്റുന്ന ചായ ലഭിക്കുക. ഏതാണ്ടെല്ലാ രാജ്യക്കാരും നാലു ദിര്‍ഹം നല്‍കി ഈ ചായ കുടിക്കാനത്തെുന്നു. കറക്ക് ചായ വെള്ളിയാഴ്ചകളില്‍ 10,000 കപ്പ് വരെ വില്‍ക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്ക് മാത്രമായ ചാട്ട് കോര്‍ണറുകളുമുണ്ട്. പാനിപുരിക്കും ബോല്‍പുരിക്കും സമൂസക്കുമെല്ലാം അറബികള്‍ വരെ ക്യൂ നില്‍ക്കുന്ന കാഴ്ചയാണ്.
ആറു മാസത്തെ കച്ചവടത്തിനായി മൊത്തം 95 തൊഴിലാളികളെയും ഇവര്‍ ദുബൈയിലത്തെിച്ചു. കൂടുതലും കോഴിക്കോട്ടുകാര്‍ തന്നെ. 25 വിദേശികളുമുണ്ട്. 65 ജീവനക്കാര്‍ തായ് പഴവര്‍ഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഏപ്രിലില്‍ മേളക്ക് തിരശ്ശീല വീഴുന്നതോടെ ഇവരില്‍ ഭൂരിഭാഗവും മടങ്ങിപ്പോകും. ഇക്ബാലും 12 ഓളം ജീവനക്കാരും ഇവിടത്തെുടരും. ദുബൈയില്‍ വരാനിരിക്കുന്ന വേനല്‍മേളയിലും മറ്റും ഇവരുടെ സാന്നിധ്യമുണ്ടാകും. ഒമാനിലും മേയില്‍ ഒരു മേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഇക്ബാല്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
അതിന് പുറമെ ‘ആഗോള ഗ്രാമത്തിലെ ഏക സൂപ്പര്‍മാര്‍ക്കറ്റും ഇക്ബാലും അഷിം തങ്ങളും ചേര്‍ന്നാണ് നടത്തുന്നത്.