ഷാര്‍ജയില്‍ കൊയ്ത്ത് പാട്ടിന്‍ ഈണത്തില്‍ വിളവെടുപ്പ്
text_fieldsഷാര്‍ജ: ചിത്തിരമാതം പിറന്നേ, ചെമ്പാവിന്‍ കതിര്‍ വിളഞ്ഞേ, മാവേലിക്കരി പാടങ്ങളും കൊയ്യുവാന്‍ പരുവമായേ.... ഷാര്‍ജ മന്‍സൂറയിലെ സുധീഷ് ഗുരുവായൂരിെൻറ പൊന്നാര്യന്‍ പാടത്ത് നിന്ന് കൊയ്ത്തരിവാളിൻ താളത്തില്‍ നിന്ന് അലയടിക്കുകയാണ് കേരളത്തിന് പോലും അന്യമായിരിക്കുന്ന കൊയ്ത്ത് പാട്ട്. തലയില്‍ തോര്‍ത്ത് കെട്ടി, കഴുത്തില്‍ ചരടുമാല അണിഞ്ഞ് തനിനാടന്‍ വേഷത്തില്‍ സ്ത്രീകളും വിദ്യാര്‍ഥിനികളും, തലയില്‍ പാള തൊപ്പി വെച്ച് മുണ്ടും ബനിയനും അണിഞ്ഞ് പുരുഷന്‍മാരും കൊയ്ത്ത് ഉത്സവത്തില്‍ അണിനിരന്നു. ഈണത്തില്‍ പാട്ടുപാടി കറ്റ കെട്ടി, തലയില്‍ വെച്ച് താളത്തില്‍ ചുവട് വെച്ച് കൊയ്ത്ത് മുന്നേറുമ്പോള്‍ പ്രദേശമാകെ മൂത്ത് വിളഞ്ഞ ഉമനെല്ലിെന്റയും വൈക്കോലിെൻറയും മണം പരന്നു. കൊയ്ത്ത് കണ്ട് കുട്ടികള്‍ ഊഞ്ഞാലാടി തിമര്‍ത്തു. പാടവകത്തെ ആര്യവേപ്പിന്‍ കൊമ്പത്തിരുന്ന് തുന്നാരം കിളികള്‍ പാടി. കൊയ്തെടുത്ത നെല്ല് മെതിക്കാന്‍ തീര്‍ത്ത കളത്തിനും തനിനാടന്‍ ചന്തം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീമും ജ. സെക്രട്ടറി ബിജു സോമനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. കൊയ്യാനുള്ള അരിവാളും പാള തൊപ്പിയും നാട്ടില്‍ നിന്ന് വരുത്തുകയായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. നെല്ല് കുത്തി അരിയാക്കി സുഹൃത്തുക്കളെ വിളിച്ച് സദ്യ നടത്താനാണ് പരിപാടി. വൈക്കോല്‍ പാടത്ത് തന്നെ കിടക്കും. അടുത്ത കൃഷിക്ക് മണ്ണ് പാകപ്പെടുത്താന്‍ ഇത് വളരെ നല്ലതാണ്.
എന്നാല്‍ അടുത്ത കൃഷിക്ക് ഉമക്ക് പകരം നവരയാണ് (ഞവര) കൃഷി ചെയ്യുക. ഞവരക്ക് ഒൗഷധഗുണം കൂടുതലാണ്. ജൈവവളരീതിയിലുള്ള കൃഷി രീതിയാണ് നവര നെല്ലിെൻറ ഒൗഷധഗുണം നിലനിര്‍ത്തുന്നത്. താഴ്ച്ചയുള്ള പാടത്തെക്കാള്‍ ഗുണമേന്‍മയുള്ള നെല്ല് വിളയുന്നത് പറമ്പിലും ഉയര്‍ന്ന വയലുകളിലുമാണ്. അത് കൊണ്ട് ഉമയെക്കാളും ഇതാകും മന്‍സൂറയിലെ പാടത്തിന് ഉത്തമം. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് നവരയുടേത്. കതിരു വരുന്നത് മുന്‍പ് തന്നെ വീണു പോകുന്നവ. എന്നാല്‍ ജൈവകൃഷി രീതിയിലൂടെ ഇതിന് പരിഹാരം കാണാനാകും. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75^-90 ദിവസം കൊണ്ട് വിളവെടുക്കാനാകുമെന്ന് സുധീഷ് പറഞ്ഞു.
ഭക്ഷണാവശ്യത്തിന് പുറമെ നവര നെല്ല് പല രോഗങ്ങള്‍ക്കും ഉത്തമ ഒൗഷധമാണ്. നവര അരി വെന്ത ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് വാത രോഗിക്ക് ആശ്വാസം നൽകും.പല ലേഹ്യങ്ങളിലും നവര പ്രധാന ചേരുവയാണ് രാഖി സുധീഷ് പറഞ്ഞു. പ്രവാസ ലോകത്ത് ജനിച്ച് വളര്‍ന്ന കുട്ടികള്‍ക്ക് പുതിയ കാഴ്ച്ചയായിരുന്നു കൊയ്ത്ത്. എന്നാല്‍ ഒരു മടിയും കൂടാതെ തനി നാടന്‍ വേഷത്തിലാണ് വിദ്യാര്‍ഥിനികള്‍ പാടത്തിറങ്ങിയത്. പാടത്തെ ചെളിയില്‍ കാല് തെന്നുന്നതൊന്നും അവര്‍ക്ക് പ്രശ്നമായില്ല. പാടത്താകെ ചിത്രശലഭങ്ങളും പാറി പറന്നപ്പോള്‍ കൊയ്ത്തിന് ചന്തം കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
