കോവിഡ്: അബൂദബിയിൽ നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsദുബൈ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ അബൂദബിയിലെ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ 24ഓടെ എല്ലാ നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കുമെന്ന പ്രചാരണം തുടരുന്നതിനിടെയാണ് ഇളവുകൾ മാത്രം വരുത്തി നിയന്ത്രണങ്ങൾ തുടരാൻ അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി തീരുമാനിച്ചത്.
ക്വാറൻറീൻ അടക്കം നടപടിക്രമങ്ങളിൽ ഇളവ് വരുത്തിയെങ്കിലും അബൂദബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് പരിശോധന തുടരും. നേരത്തെ ടെസ്റ്റ് നടത്തി 48 മണിക്കൂറിനകം പ്രവേശിക്കണമെന്ന നിബന്ധനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ടെസ്റ്റ് കഴിഞ്ഞ് 72 മണിക്കൂറിനകം പ്രവേശിക്കാം.
മറ്റു എമിറേറ്റുകളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ എത്തുന്നവർ പ്രവേശിച്ചു കഴിഞ്ഞാൽ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനയിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ ആറ് ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ ആറാം ദിവസവും 12 ദിവസത്തിൽ കൂടുതൽ തങ്ങുകയാണെങ്കിൽ 12-ാം ദിവസവും ടെസ്റ്റ് നടത്തിയാൽ മതി.
കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമില്ലെന്ന പ്രഖ്യാപനവുമുണ്ട്. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ 10 ദിവസം ക്വാറൻറീനിൽ കഴിയണം. നേരത്തെ ഇതു 14 ദിവസമായിരുന്നു. കോവിഡ് സമ്പർക്കമുള്ളവർക്കും ഇനി മുതൽ 10 ദിവസത്തെ ക്വാറൻറീൻ മതി. ഇത്തരക്കാർ എട്ടാം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ 10 ദിവസത്തെ ക്വാറൻറീൻ മതി. ദേശീയ വാക്സിനേഷൻ പ്രോഗ്രാമിലെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി, മെബൈൽ ആപ്പിൽ ഗോൾഡൻ സ്റ്റാർ മാർക്ക് ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഇവരെ നേരത്തെ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

