‘അഭിമാനാർച്ചന’; പതാകദിനത്തിലെ പ്രസിഡന്‍റിന്‍റെ വിശിഷ്ടാതിഥികളിൽ കോട്ടയം സ്വദേശിനി അർച്ചനയും
text_fieldsദുബൈ: യു.എ.ഇ ദേശീയ പതാകദിനത്തിൽ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ വിശിഷ്ടാതിഥിയായി പങ്കെടുത്തവരിൽ കോട്ടയം സ്വദേശിനി അർച്ചന തോമസ് ഷീലയും. പ്രസിഡന്‍റ് നേരിട്ട് ഹസ്തദാനം നൽകി അഭിനന്ദിച്ചതിന്‍റെ ആഹ്ലാദത്തിലാണ് അബൂദബിയിൽ എഞ്ചിനീയറായ ഈ മലയാളി യുവതി.
ചൊവ്വാഴ്ച അബൂദബി ഖസ്ർ അൽ ഹുസ്നിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡന്‍റ് പതാക ഉയർത്തുമ്പോൾ 55 പേരാണ് വിശിഷ്ടാതിഥികളായി ആ സവിശേഷ മുഹൂർത്തത്തിന് സാക്ഷികളാകാൻ ക്ഷണിക്കപ്പെട്ടത്. രാജ്യം 55 വയസ് പിന്നിടുന്നതിന്‍റെ ഭാഗമായാണ് വിവിധ രംഗങ്ങളിൽ മികച്ച സംഭാവന നൽകിയ 55 പേരെ പതാക ഉയർത്തൽ ചടങ്ങിൽ അതിഥികളായി പങ്കെടുപ്പിച്ചത്. അതിലൊരാളായിരുന്നു അബൂദബിയിലെ ജലവൈദ്യുതി സ്ഥാപനമായ താഖയിലെ എഞ്ചിനീയർ അർച്ചന തോമസ്.
ഗൾഫിൽ ജനിച്ചുവളർന്ന അർച്ചന 15 വർഷമായി യു.എ.ഇയിലുണ്ട്. സ്കൂൾ, കോളജ് പഠനമെല്ലാം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്. മാതാപിതാക്കളായ തോമസ് എബ്രഹാം, ഷീലാമ്മ തോമസ് സഹോദരങ്ങളായ ആതിര, അതുൽ എന്നിവർക്കൊപ്പമാണ് താമസം. ഒരു വർഷം മുമ്പാണ് താഖയിലെ ജലവിതരണ വിഭാഗത്തിൽ സ്റ്റ്ട്രാറ്റജി ആൻഡ് പെർഫോമൻസ് എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചത്.
‘ദൈവം നൽകിയ ഈ അവസരത്തിൽ വളരെ സന്തോഷം. യു.എ.ഇയിൽ എല്ലാവരും എമിറാത്തികളാണെന്ന യു.എ.ഇ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തിന്‍റെ സാക്ഷ്യമാണ് ഈ അംഗീകാരമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെക്കാൾ അർഹതയുള്ളവരും പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിനുവേണ്ടി രാപ്പകൽ അധ്വാനിച്ചവുമായ ഒരുപാടുപേർ വേറെയുമുണ്ട്. ഈ അംഗീകാരം രാജ്യത്തിന്‍റെ പുരോഗതിക്കുവേണ്ടി കഠിനാധ്വാനം ചെയ്യാൻ എല്ലാവർക്കും പ്രചോദനമാകുമെന്ന് പ്രത്യാശിക്കുന്നു. ദൈവം ഈ രാജ്യത്തെയും ഇവിടുത്തെ ഭരണനേതാക്കളെയും എക്കാലവും സംരക്ഷിക്കട്ടെ’ -അർച്ചന ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത 55 വിശിഷ്ടാതിഥികളിൽ ഫുജൈറയിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷംജ മുജീബ് മുഹമ്മദും ഉണ്ടായിരുന്നു.

