കൊച്ചി വിമാനം വൈകി; യാത്രക്കാർ 22 മണിക്കൂർ വിമാനത്താവളത്തിൽ
text_fieldsവിമാനം വൈകിയതിനെ തുടർന്ന് ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ
ഷാർജ: ഷാർജയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് 19 മണിക്കുർ. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ച രാവിലെ 9.45നാണ് പറന്നത്. ഇതോടെ, 22 മണിക്കൂറോളം കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും അടക്കം വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു.
നിലത്തും കസേരയിലുമിരുന്നാണ് നേരം വെളുപ്പിച്ചത്. എയർ ഇന്ത്യയുടെ ഐ.എക്സ് 412 വിമാനമാണ് വൈകിയത്. 154 യാത്രക്കാരുണ്ടായിരുന്നു. പതിവുപോലെ സാങ്കേതിക തകരാർ എന്ന കാരണം പറഞ്ഞാണ് ഇക്കുറിയും വിമാനം വൈകിയത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടേണ്ട വിമാനത്തിൽ യാത്രചെയ്യാൻ ഉച്ചക്ക് 12ന് തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്ന് കൃത്യമായ വിവരം ലഭിക്കാതെവന്നതോടെ യാത്രക്കാർ ഇത് ചോദ്യംചെയ്തു. ഒരുമണിക്കൂർ കഴിഞ്ഞ് പുറപ്പെടുമെന്നാണ് ഓരോ തവണയും പറഞ്ഞത്. രണ്ടുമാസം പ്രായമായ കുഞ്ഞും പിതാവ് മരിച്ചതിനാൽ ഉടൻ നാട്ടിലെത്തേണ്ടയാളും വിമാനത്താവളത്തിലുണ്ടായിരുന്നു. രാവിലെ 8.25ന് പുറപ്പെടും എന്നായിരുന്നു ഒടുവിൽ കിട്ടിയ വിവരം. എന്നാൽ, ഈ സമയത്ത് യാത്രക്കാർ ഗേറ്റിൽ എത്തിയപ്പോൾ എയർ ഇന്ത്യ അധികൃതർ ആരുമുണ്ടായിരുന്നില്ല. 9.30ഓടെയാണ് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റിത്തുടങ്ങിയത്. 9.45ന് പറന്നുയർന്നു. അതേസമയം, 10 യാത്രക്കാരെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കയറ്റിയയച്ചു. എന്നാൽ, ഇവരുടെ ലഗേജ് കൊച്ചിയിലെത്തി ശേഖരിക്കേണ്ടിവരും. രാത്രിയിൽ കിട്ടിയ ഭക്ഷണം മാത്രമായിരുന്നു ഏക ആശ്വാസമെന്ന് യാത്രക്കാർ പറഞ്ഞു.
എയർ ഇന്ത്യ വിമാനം വൈകുന്നത് തുടർക്കഥയാവുകയാണ്. രണ്ട് മാസത്തിനിടെ പത്തോളം വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകിയത്. 38 മണിക്കൂർ വരെ വൈകിയ സംഭവം അടുത്തിടെയുണ്ടായിരുന്നു.
മടക്കയാത്രയും മുടങ്ങി
ഷാർജ: ഷാർജയിൽ തകരാറിലായ വിമാനം മടക്കയാത്രയിലും യാത്രക്കാരെ വലച്ചു. ശനിയാഴ്ച രാത്രി 10.20ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഷാർജയിലേക്കായിരുന്നു വിമാനത്തിന്റെ മടക്കയാത്ര. എന്നാൽ, ഈ വിമാനം ഞായറാഴ്ച രാവിലെ 7.25ന് പുറപ്പെടുമെന്നാണ് ഒടുവിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

