കൊച്ചി വിമാനം 24 മണിക്കൂർ വൈകി; പ്രതിഷേധവുമായി യാത്രക്കാർ
text_fieldsഎയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ
ഷാർജ: യാത്രക്കാരെ വലക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പതിവ് തുടരുന്നു. തിങ്കളാഴ്ച ഷാർജയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 24 മണിക്കൂർ വൈകിയാണ് പറന്നത്. ഇതിനിടയിൽ രണ്ടു മണിക്കൂറോളം വിമാനത്തിനുള്ളിൽ കയറ്റി ഇരുത്തുകയും തിരിച്ചിറക്കുകയും ചെയ്തു. യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സാങ്കേതിക തകരാർ എന്ന സ്ഥിരം ന്യായംപറഞ്ഞ് അധികൃതർ ഒഴിവാകുകയായിരുന്നു. കഴുത്തറുപ്പൻ നിരക്ക് നൽകി യാത്രക്കൊരുങ്ങിയവർക്കാണ് ഈ ദുരിതം.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഷാർജ വിമാനത്താവളത്തിൽനിന്ന് യാത്ര ചെയ്യാനാണ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ, സമയം രാത്രി 12ലേക്ക് മാറ്റിയതായി അറിയിച്ച് വൈകി മെസേജ് ലഭിച്ചു. ഇതു ശ്രദ്ധിക്കാതെ യാത്രക്കാരിൽ നല്ലൊരു ശതമാനവും ഉച്ചക്ക് രണ്ടിനുതന്നെ എയർപോർട്ടിൽ എത്തി. രാത്രി 12ന് എങ്കിലും പുറപ്പെടുമെന്ന ആശ്വാസത്തിൽ ക്ഷമയോടെ യാത്രക്കാർ കാത്തിരുന്നെങ്കിലും 12 ആയിട്ടും വിവരമൊന്നും ലഭിച്ചില്ല. പുലർച്ച 2.30ഓടെ എല്ലാവരെയും വിമാനത്തിൽ കയറ്റി.
എന്നാൽ, രണ്ട് മണിക്കൂറോളം വിമാനത്തിൽ ഇരുത്തിയശേഷം വീണ്ടും യാത്രക്കാരെ തിരിച്ചിറക്കി ലോബിയിലേക്ക് മാറ്റി. സാങ്കേതിക തകരാറാണെന്ന വാദം ആവർത്തിച്ച അവർ ഉച്ചക്ക് 12ന് വിമാനം പുറപ്പെടും എന്ന് അറിയിച്ചു. എന്നാൽ, ഈ സമയമായിട്ടും വിമാനം പറന്നില്ല. യാത്രക്കാർ പലതവണ പ്രതിഷേധം അറിയിച്ചെങ്കിലും അധികൃതരിൽ നിന്ന് വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. ഒടുവിൽ വൈകുന്നേരം 5.15ഓടെയാണ് വിമാനം പുറപ്പെട്ടത്.
പ്രായമായവരും കുട്ടികളും അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലെത്തേണ്ടവരും വിമാനത്തിലുണ്ടായിരുന്നു. നാട്ടിലേക്ക് 1700 ദിർഹമിന്‍റെ മുകളിലാണ് (34,000 രൂപ) യാത്രാനിരക്ക്. ഉയർന്ന നിരക്ക് നൽകി നാട്ടിലേക്ക് പോകുമ്പോഴും ദുരിതത്തിനു മാത്രം കുറവില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസവും എയർ ഇന്ത്യ വിമാനം 30 മണിക്കൂറോളം വൈകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

