അറിയാം, പഠിക്കാം, ആസ്വദിക്കാം...
text_fieldsഷാർജ: ആട്ടവും പാട്ടും മാത്രമല്ല, അറിവുകൾ പകർന്നു നൽകുന്ന വേദി കൂടിയായിരിക്കും ‘ഗൾഫ് മാധ്യമം’ കമോൺ കേരള അഞ്ചാം സീസൺ. സുന്ദരീ സുന്ദരൻമാരായി മേക്ക് ഓവർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ‘ആർട്ട് ഓഫ് ഗ്രൂമിങ്’, മാജിക്കിന്റെ ചെപ്പടിവിദ്യകൾ പകർന്നു നൽകുന്ന ‘മാജിക് വർക്ഷോപ്പ്’, പാചക കലയുടെ പുതുപാഠങ്ങൾ പഠിപ്പിക്കുന്ന ഷെഫ് മാസ്റ്റർ, ഇന്റീരിയർ ഡിസൈനിങ്ങിൽ അഭിരുചി വളർത്താൻ ‘സ്പേസ് ക്രാഫ്റ്റ് വർക്ഷോപ്പ്’ തുടങ്ങിയവ ആനന്ദത്തിനൊപ്പം അറിവും പകരും. യുവതലമുറ ആഗ്രഹിക്കുന്ന അറിവുകളും കഴിവുകളും ഇവിടെനിന്ന് സ്വായത്തമാക്കാം.
ബിസിനസിലായാലും ജോലിയിലായാലും യുവത്വത്തിന്റെ കരിയർ വളർച്ചയിലെ പ്രധാന ഘടകമാണ് സ്മാർട്ടാകുക എന്നത്. സ്മാർട്നെസ് വിലയിരുത്തുന്നതിൽ മുഖ്യഘടകമാണ് സൗന്ദര്യം. മുഖവും നിറവുമല്ല ഈ സൗന്ദര്യം നിശ്ചിയിക്കുന്നത്. മറിച്ച്, ശരീര ഭാഷയും സംസാരവും നടപ്പും പെരുമാറ്റവുമെല്ലാമാണ് ഒരാളിലെ സൗന്ദര്യത്തെ വേർതിരിച്ചുനിർത്തുന്നത്. ഈ സൗന്ദര്യത്തിലേക്കുള്ള മേക്ക് ഓവർ എങ്ങിനെയാവണമെന്ന് പഠിപ്പിക്കുകയാണ് കമോൺ കേരളയിലെ ആർട്ട് ഓഫ് ഗ്രൂമിങ്. വ്യക്തിത്വ വികസനത്തിനുതകുന്ന ഉപദേശങ്ങളും നിർദേശങ്ങളും ഇവിടെ ലഭിക്കുന്നതിനൊപ്പം പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റുകളിൽ നിന്ന് മേക്ക് അപ്പ് ടിപ്സുകളും സ്വന്തമാക്കാം.
മാജിക് പഠിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കുട്ടിക്കാലത്ത് ഒരു മാജിക്കെങ്കിലും കാണിക്കാത്തവരുമുണ്ടാകില്ല. കുട്ടികളിൽ മാജിക് അഭിരുചി വളർത്താൻ ലക്ഷ്യമിട്ട് കമോൺ കേരളയിൽ നടക്കുന്ന വർക്ഷോപ്പ് പ്രശസ്ത മജീഷ്യൻ രാജമൂർത്തി നയിക്കും. മായാജാലത്തിന്റെ ചെപ്പടി വിദ്യകൾ പകർന്നു നൽകുന്നതിനൊപ്പം ഈ രംഗത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നതായിരിക്കും വർക്ഷോപ്പ്. രസകരമായ മാജിക്കിലൂടെ രാജമൂർത്തി കുട്ടികളെയും കുടുംബങ്ങളെയും കൈയിലെടുക്കും.
വീട് പണിയുമ്പോഴും ഓഫിസ് സ്ഥാപിക്കുമ്പോഴും രൂപകൽപനയെ കുറിച്ച് ഓരോരുത്തർക്കും തങ്ങളുടേതായ കാഴ്ചപ്പാടുണ്ടാകും. ഈ കാഴ്ചപ്പാടുകൾക്കപ്പുറമായിരിക്കും ഇന്റീരിയർ ഡിസൈനർമാരുടെ ആശയങ്ങൾ. ഇന്റീരിയർ ഡിസൈനിങ്ങിൽ അഭിരുചി വളർത്താൻ ലക്ഷ്യമിട്ട് ‘സ്പേസ് ക്രാഫ്റ്റ്’ എന്ന പേരിൽ ശിൽപശാല നടക്കും. ഇന്റീരിയർ ഡിസൈനർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, സ്വന്തം വീടും തൊഴിലിടവും മനോഹരമാക്കാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം.
പാചകവുമായി ബന്ധപ്പെട്ട എന്ത് സംശയമുണ്ടെങ്കിലും ‘മാസ്റ്റർ ഷെഫ്’ എന്ന പരിപാടിയിലൂടെ ഷെഫ് പിള്ളയോട് ചോദിക്കാം. ലൈവ് കുക്കിങ് ക്ലാസും ടിപ്സുകളുമായാണ് പിള്ള കമോൺ കേരളയിലെത്തുന്നത്. ഭക്ഷണ മേഖലയിൽ ബിസിനസ് നടത്തുന്നവർക്കും പുതുസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഉപദേശങ്ങൾ പ്രിയപ്പെട്ട ഷെഫിൽ നിന്ന് നേരിട്ടറിയാം. സാമൂഹിക മാധ്യമങ്ങളിലെ താരം കൂടിയായ ഷെഫ് പിള്ളയുടെ വൈറൽ രുചികൾ ആസ്വദിച്ചറിയാനും അതേകുറിച്ച് പഠിക്കാനും പരീക്ഷണം നടത്താനുമുള്ള വഴികൾ കമോൺ കേരളയുടെ ഷെഫ് മാസ്റ്റർ പരിപാടിയിലുണ്ടാകും. തത്സമയ പാചക പരീക്ഷണങ്ങളും കണ്ടറിയാം. ഫുഡ് വ്ലോഗർ ബാസിമും പിള്ളക്കൊപ്പമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

