കണ്ണൂരുകാരുടെ സംഗമത്തിന് നാളെ കൊടിയേറ്റം
text_fieldsകെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അംഗങ്ങൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ
ദുബൈ: യു.എ.ഇയിലെ കണ്ണൂരുകാരുടെ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി. കണ്ണൂർ മഹോത്സവം എന്ന പേരിൽ നടക്കുന്ന മെഗാ ഇവന്‍റ് നവംബർ 19, 20 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാട്ടിലെയും ഗൾഫിലെയും പ്രമുഖ ബ്രാൻഡുകളുടെയും സേവന ദാതാക്കളുടെയും സ്റ്റാളുകൾ വഴി നിരവധി ഓഫറുകളും ഡിസ്‌കൗണ്ട് വൗച്ചറുകളും ലഭ്യമാകും. പ്രവേശനം സൗജന്യം.ശനിയാഴ്ച രാവിലെ 10.30ന് ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഉവൈസി മഹോത്സവം ഉദ്ഘാടനം ചെയ്യും.. 19ന് വൈകീട്ട് ആറുമുതൽ വനിത സമ്മേളനം. ഇന്തോ-അറബ് സാംസ്കാരിക സന്ധ്യയിൽ സംഗീതവിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന മുഖ്യധാരാ-പ്രാദേശിക സംഘടനകളുടെ സൗഹൃദസംഗമത്തിൽ ഗൾഫിലെ വിവിധ ഡിപ്പാർട്ട്മെന്‍റ് മേധാവികളും നോർക്ക പ്രതിനിധികളും സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അലുംനി-കാമ്പസ് മീറ്റ്.
വൈകീട്ട് നാലിന് നടക്കുന്ന ബിസിനസ് കോൺക്ലേവിൽ മോട്ടിവേഷൻ സ്പീക്കറും തിരുവനന്തപുരത്തെ മാജിക്കൽ സയൻസ് അക്കാദമി ചെയർമാനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. എം.കെ. മുനീർ എം.എൽ.എ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, ഗൾഫിലെയും നാട്ടിലെയും സംരംഭക സാരഥികൾ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് ആറുമുതൽ നടക്കുന്ന സമാപന സാംസ്‌കാരിക സംഗമത്തിൽ ഡോ. എം.കെ. മുനീ൪, ചലച്ചിത്രതാരം അനു സിതാര, രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ, ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുക്കും.
കണ്ണൂർ ശരീഫ്, നാരായണി ഗോപൻ, അക്ബർ ഖാൻ, വേദമിത്ര, ക്രിസ്റ്റകല എന്നിവർ നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ 25 ശതമാനം ഇളവ് ലഭിക്കാവുന്ന പ്രിവിലേജ് കാർഡുകൾ ലഭിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.കെ. ഇസ്മായിൽ, ഫസ്റ്റ് ഷിപ്പിങ് മാനേജിങ് ഡയറക്ടർ ജമീൽ മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റയീസ് തലശ്ശേരി, കോഓഡിനേറ്റർ റഹ്ദാദ് മൂഴിക്കര, ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ടി.പി. അബ്ബാസ് ഹാജി, ട്രഷറർ കെ.വി. ഇസ്മായിൽ, പ്രചാരണ സമിതി ചെയർമാൻ റഫീഖ് കല്ലിക്കണ്ടി, പി.വി. മുഈനുദ്ദീൻ, പി.വി. ഇസ്മായിൽ, സമീ൪ വേങ്ങാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

