വിസ തട്ടിപ്പിനിരയായ കൊല്ലം സ്വദേശിക്ക് തുണയായി കെ.എം.സി.സി
text_fieldsനിസാർ കെ.എം.സി.സി കൊല്ലം ജില്ല കമ്മിറ്റി നേതാക്കൾക്കൊപ്പം
ഷാർജ: വിസ തട്ടിപ്പിനിരയായ കൊല്ലം സ്വദേശിക്ക് തുണയായി കെ.എം.സി.സി. 'ഗൾഫ് മാധ്യമം' വാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കെ.എം.സി.സി കൊല്ലം ജില്ല കമ്മിറ്റി നേതാക്കളായ തേവലക്കര ബാദുഷ, ഷബീർ പത്തനാപുരം, ഷാൻ എന്നിവരാണ് സഹായവുമായി രംഗത്തെത്തിയത്. ചവറ തേവലക്കര സ്വദേശി നിസാറാണ് തൊഴിൽതട്ടിപ്പിന് ഇരയായത്. നാട്ടുകാരനായ ഒരാൾ 90,000 രൂപ വാങ്ങി വിസിറ്റ് വിസയിൽ ദുബൈയിലെത്തിച്ച ശേഷം കബളിപ്പിക്കുകയായിരുന്നു.
ദുബൈയിലെത്തിയാൽ ഏജന്റ് താമസവും ജോലിയും നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ദുബൈയിലെത്തി വിളിച്ചപ്പോൾ ഏജന്റിന്റെ നമ്പർ പ്രവർത്തനരഹിതമാണെന്ന മറുപടിയാണ് ലഭിച്ചത്.
നാട്ടിലെ നമ്പറാണ് ഏജന്റ് വാട്സ്ആപ് നമ്പറായി ഉപയോഗിച്ചിരുന്നത്. അതിൽ മാത്രമേ ബന്ധപ്പെടാൻ കഴിയുമായിരുന്നുള്ളൂ.
ഏജന്റ് നിർദേശിച്ചതുപ്രകാരം പല ക്യാമ്പുകളിലായി മാറിമാറി താമസിച്ചു. ജോലിയെക്കുറിച്ച് ചോദിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു പതിവ്. പണം കൃത്യമായി അടക്കാതായതോടെ താമസസ്ഥലത്തുനിന്നും പുറത്താക്കി.
ഇപ്പോൾ നാട്ടുകാരുടെ സഹായത്തോടെ ഷാർജയിലും അജ്മാനിലും പലയിടങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. ഇത്തരത്തിൽ ദുരിതത്തിലായ നിസാറിന്റെ അവസ്ഥ കഴിഞ്ഞയാഴ്ചയാണ് 'ഗൾഫ് മാധ്യമം' വാർത്തയാക്കിയത്.
കെ.എം.സി.സി കൊല്ലം ജില്ല കമ്മിറ്റി ഭാരവാഹികൾ അദ്ദേഹത്തിന് താൽക്കാലിക അഭയവും ഭക്ഷണവും നൽകിയിട്ടുണ്ട്. അതോടൊപ്പം നിസാറിന് അനുയോജ്യമായ വരുമാന മാർഗം കണ്ടെത്താൻ എല്ലാ സഹായങ്ങളും നൽകുമെന്നും തട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കാൻ കെ.എം.സി.സി സഹായിക്കുമെന്നും നേതാക്കൾ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
മൂന്നുമക്കളുടെ പിതാവായ നിസാർ മുമ്പ് ഒമാനിൽ പ്രവാസിയായിരുന്നു. ജോലിക്കിടെ വാഹനാപകടത്തിൽ പരിക്കേറ്റതിനാൽ നാട്ടിലേക്ക് തിരിച്ചുപോയി. അവിടെ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികെയാണ് കോവിഡ് പ്രതിസന്ധി മൂലം പ്രാരബ്ധങ്ങൾ കൂടിയത്.
തുടർന്നാണ് പലയിടത്തുനിന്ന് കടം വാങ്ങി വീണ്ടും പ്രവാസിയാകാൻ തീരുമാനിച്ചതും കബളിപ്പിക്കപ്പെട്ടതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

