സയാമീസ് ഇരട്ടകൾക്ക് പുതുജീവൻ നൽകി കെ.എച്ച്.യു.എച്ച് ഡോക്ടർമാർ
text_fieldsതാൻസനിയയിലെ സയാമീസ് ഇരട്ടകൾ ശസ്ത്രക്രിയക്ക് മുമ്പ്
മനാമ: ശരീരം ഒട്ടിച്ചേർന്നനിലയിൽ ജനിച്ച താൻസനിയയിലെ ഇരട്ട പെൺകുട്ടികളെ വേർപെടുത്തുന്നതിൽ കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർക്ക് വിജയം.
കൺസൽട്ടന്‍റ് പീഡിയാട്രിക് സർജൻ പ്രഫ. മാർട്ടിൻ കോർബലിയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി എന്നീ മേഖലകളിലെ അഞ്ച് വിദഗ്ധർ തുടർച്ചയായി എട്ട് മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ഓപറേഷനിലൂടെയാണ് കുട്ടികൾക്ക് പുതുജീവൻ നൽകിയത്.
കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലും ഐറിഷ് ചൈൽഡ് ലൈഫ് എന്ന ചാരിറ്റി സൊസൈറ്റിയും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഹോസ്പിറ്റൽ കമാൻഡർ മേജർ ജനറൽ ഡോ. ശൈഖ് സൽമാൻ ബിൻ അതിയത്തുള്ള ആൽ ഖലീഫ പറഞ്ഞു. 2012 മുതൽ താൻസനിയയിലെയും വിയറ്റ്‌നാമിലെയും പാവപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഐറിഷ് ചൈൽഡ് ലൈഫ്. സയാമീസ് ഇരട്ടകളുടെ ജീവൻ രക്ഷിക്കാനുള്ള അഭ്യർഥന സ്വീകരിച്ച കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റൽ അധികൃതർ വിദഗ്ധ ശസ്ത്രക്രിയസംഘത്തെ താൻസനിയയിലെ മുഹിമ്പിലി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
വേർപിരിക്കൽ പ്രക്രിയയിൽ നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടെങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. കുട്ടികളുടെ കരളും വാരിയെല്ലും കൂടിച്ചേർന്നിരുന്നതിനാൽ അതിസങ്കീർണമായ ഓപറേഷനുകളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നതെന്ന് ഡോ. ശൈഖ് സൽമാൻ ബിൻ അതിയത്തുള്ള ആൽ ഖലീഫ പറഞ്ഞു.