ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 27 മുതൽ
text_fieldsഖോർഫക്കാൻ: വ്യത്യസ്ത മാമ്പഴങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ഖോർഫക്കാനിലെ മാമ്പഴോത്സവം ജൂൺ 27 മുതൽ. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഖോർഫക്കാൻ മുനിസിപ്പൽ കൗൺസിലുമായും ഖോർഫക്കാൻ സിറ്റി മുനിസിപ്പാലിറ്റിയുമായും സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. എക്സ്പോ ഖോർഫക്കാനിൽ ജൂൺ 29 വരെയാണ് പരിപാടി അരങ്ങേറുന്നത്.
പരിപാടിയുടെ മുന്നോടിയായി നാലാമത് എഡിഷന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി സംഘാടക സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഷാർജ ചേംബറിലെ ഗവൺമെന്റ് റിലേഷൻസ് ഡയറക്ടർ ഖലീൽ അൽ മൻസൂരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഖോർഫക്കാൻ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് ഖൽഫാൻ അൽ നഖ്ബി, ഖോർ ഫക്കാനിലെ ചേംബർ ബ്രാഞ്ച് ഡയറക്ടർ മുഹമ്മദ് അഹമ്മദ് അൽ ദർമാക്കി എന്നിവർ പങ്കെടുത്തു.
കൂടാതെ പ്രാദേശിക കർഷകരും കാർഷിക പങ്കാളികളും പങ്കെടുത്തു. മാമ്പഴോത്സവത്തിന്റെ ക്രമീകരണങ്ങളും ആവശ്യമായ തയാറെടുപ്പുകളും യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വലിയ പിന്തുണയോടെ, നാലാമത് ഖോർഫക്കാൻ മാമ്പഴോത്സവത്തിൽ കർഷകരിൽനിന്നും പൊതുജനങ്ങളിൽനിന്നും കൂടുതൽ പങ്കാളിത്തമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

