ഖോർഫക്കാൻ അപകടം: ബസിലുണ്ടായിരുന്നത് 83 പേർ
text_fieldsദുബൈ: ഞായറാഴ്ച രാത്രി ഖോർഫക്കാനിലെ വാദി വിശി സ്ക്വയറിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഏഷ്യൻ, അറബ് പൗരന്മാർ. അനുവദിച്ചതിൽ കൂടുതൽ പേർ ബസിലുണ്ടായിരുന്നതായി ഷാർജ പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
83 പേർ ബസിൽ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അമിത വേഗത്തിൽ വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിൽ തെന്നിമറിയുകയായിരുന്നു. വാരാന്ത്യ അവധി ദിനം ആഘോഷിക്കാനായി അജ്മാനിൽനിന്ന് പുറപ്പെട്ട സ്വകാര്യ കമ്പനി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ. ഒമ്പതു പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പരിക്കേറ്റ 75 പേർ ഖോർഫക്കാനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഖോർഫക്കാനിന്റെ പ്രവേശന കവാടമാണ് വാദി വിശി റൗണ്ട് എബൗട്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് ബസ് അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചതെന്ന് വടക്കൻ റീജ്യൻ പൊലീസ് ഡിപ്പാർട്മെന്റ് ബ്രിഗേഡിയർ ഡോ. അലി അൽ കെ അൽ ഹമൗദി പറഞ്ഞു.
പൊലീസ്, സിവിൽ ഡിഫൻസ്, നാഷനൽ ആംബുലൻസ് ടീമുകൾ സംയുക്തമായാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടസ്ഥലത്ത് കുതിച്ചെത്തിയ ഷാർജ പൊലീസിന്റെ പ്രത്യേക ടീം മറ്റു പ്രധാന അതോറിറ്റികളുമായി ഏകോപിപ്പിച്ച് നടത്തിയ രക്ഷപ്രവർത്തനമാണ് കൂടുതൽ അത്യാഹിതം ഒഴിവാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. റോഡ് ഉപഭോക്താക്കൾ ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ഷാർജ പൊലീസ് അഭ്യർഥിച്ചു. വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അപകടങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാനമാണ്. വളവുകൾ, ജങ്ഷനുകൾ, ടണലുകൾ എന്നിവിടങ്ങളിൽ വാഹനത്തിന്റെ വേഗം നിയന്ത്രിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

