Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightDil ki Dhadkanchevron_rightപത്തേമാരിയിലെത്തിയ...

പത്തേമാരിയിലെത്തിയ അനുഭവത്തിളക്കം

text_fields
bookmark_border
പത്തേമാരിയിലെത്തിയ അനുഭവത്തിളക്കം
cancel

അരനൂറ്റാണ്ടു​ മുമ്പ്​ പൊന്നുവിളയുന്ന പേർഷ്യൻ മരുഭൂമി ലക്ഷ്യമാക്കി സാഹസികയാത്ര ചെയ്ത​ തലമുറയാണ്​ മലയാളിയുടെ ഗൾഫ്​

പ്രവാസത്തിന്‍റെ തുടക്കക്കാർ. പത്തേമാരിയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ സഞ്ചരിച്ച്​ സ്വപ്നതുല്യമായ ജീവിതം പടുത്തുയർത്തിയ

പ്രവാസത്തിന്‍റെ കാരണവരുടെ ആ തലമുറയിലെ ചിലർ ഇന്നുമുണ്ട്​. അക്കാലത്ത്​ യു.എ.ഇയിലെത്തിയ, ലോകത്തോളം വളർന്ന ഈ നാടിനൊപ്പം സഞ്ചരിച്ച ഒരാളാണ്​ ജലീൽ ട്രേഡേഴ്​​സ്​ സ്ഥാപകനും ചെയർമാനുമായ എം.വി. കുഞ്ഞുമുഹമ്മദ്​ ഹാജി. അനുഭവങ്ങളുടെ തീച്ചൂളയിൽ വിളയിച്ചെടുത്ത സുവർണത്തിളക്കമുള്ള ഓർമകൾ പങ്കുവെക്കുകയാണദ്ദേഹം...


1960കളുടെ രണ്ടാം പാതി. കോഴിക്കോടുനിന്ന്​ ഖ്വാജാ മൊയ്തീൻ എന്ന പത്തേമാരി പേർഷ്യയിലേക്ക്​ പുറപ്പെടുന്നു. മുമ്പ്​ പുറപ്പെട്ടുപോയ പല ലോഞ്ചുകളും പാതിവഴിയിൽ തകർന്നതും യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ടതുമൊക്കെ വാർത്തകളായി അന്തരീക്ഷത്തിലുണ്ട്​. എങ്കിലും ജീവിതത്തിന്‍റെ മറുകരയിലെത്താൻ ഈ പായക്കപ്പലാണ്​ നിയോഗമെന്ന വിശ്വാസത്തിലാണ്​ യാത്രികർ​. 23 പേരാണ്​ ലോഞ്ചിലുള്ളത്​. കാറ്റിൽ മാത്രം സഞ്ചരിക്കുന്നതാണ്​ പായക്കപ്പൽ. കാറ്റ്​ ചതിച്ചാൽ പേർഷ്യക്കു​ പകരം മറ്റേതെങ്കിലും സ്ഥലത്തുമെത്താം. തകർന്നടിയുകയുമാകാം. എന്നാൽ, മിക്കവരെയും പ്രാരബ്ധങ്ങളുടെ ഭാണ്ഡവും യൗവനത്തിന്‍റെ ആവേശവും പിന്തിരിയാൻ സമ്മതിക്കുമായിരുന്നില്ല.


◀എം.വി. കുഞ്ഞുമുഹമ്മദ്​ ഹാജി സഹപ്രവർത്തകർക്കൊപ്പം. 1970കളിലെ ചിത്രം



കൂട്ടത്തിൽ തൃശൂർ ജില്ലയിലെ വടക്കേകാട് സ്വദേശി കുഞ്ഞുമുഹമ്മദുമുണ്ട്​. 13ാം വയസ്സിൽ പഠനമുപേക്ഷിച്ച്​ കോയമ്പത്തൂരിൽ പത്രവിൽപനയും അരിക്കച്ചവടവുമൊക്കെ നടത്തി വിജയിക്കാൻ കഴിയാതെ വന്നതോടെയാണ്​ അദ്ദേഹം കടൽകടക്കാൻ തീരുമാനിച്ചത്​. നേരത്തേ ഷാർജയിലും മറ്റുമെത്തിയ നാട്ടുകാരായ ചിലരുടെ സഹായം പ്രതീക്ഷിച്ചാണ്​ പുറപ്പെട്ടത്​. ആ പത്തേമാരി മലബാറിന്‍റെ കര വിട്ട്​ അറബിക്കടലിനെ കീറിമുറിച്ച്​ സഞ്ചരിച്ചു. ​40 ദിവസത്തെ സമുദ്രസഞ്ചാരത്തിനൊടുക്കം പേർഷ്യയെന്ന്​ അന്ന്​ വിളിച്ച ഗൾഫി​ന്‍റെ മണ്ണിൽ അവർ എത്തിച്ചേർന്നു. ഒമാൻ തീരദേശത്താണ്​ വന്നിറങ്ങുന്നത്​. പുലർച്ചെയായിരുന്നു. പുറത്തിറങ്ങി അടുത്തുള്ള ഒരു തോട്ടത്തിലേക്കു​ പോയി വെള്ളം കുടിച്ചു. അപ്പോൾ പള്ളിയിൽനിന്ന്​ ബാങ്ക്​ വിളി കേട്ടു. പള്ളിയിൽ പോയപ്പോൾ സ്വദേശിയായ ഒരാൾ 'മുസാഫിറുകളെ' വീട്ടിലേക്കു​ കൊണ്ടുപോയി. പത്തേമാരിയിൽ എത്തിയവരിൽ ഹിന്ദി അറിയുന്ന ഒരാളുണ്ടായിരുന്നു. അയാളാണ്​ സ്വദേശിയോട്​ സംസാരിച്ചത്​. സ്​നേഹനിധിയായ ഒമാനി എല്ലാവർക്കും ചായയും 'ബാലാലിയത്'​ എന്ന സേമിയ പോലുള്ള അറബികളുടെ ഭക്ഷണവും നൽകി. പിന്നീട്​ പൊലീസ്​ വന്ന്​ കുഞ്ഞുമുഹമ്മദ്​ അടക്കം എല്ലാവരെയും കൊണ്ടുപോയി.

യു.എ.ഇയുടെ മണ്ണിലേക്ക്​

ഇന്നത്തെ യു.എ.ഇയുടെ മണ്ണിലേക്ക്​ ആ സംഘത്തെ കയറ്റി അയക്കുന്നത്​ ഒമാനിലെ പൊലീസാണ്​. അതിർത്തി കടന്ന്​ എത്തിയത്​ ഖോർഫക്കാനിൽ. അവിടെവെച്ച്​ മൂന്നും നാലു ടീമായി ഒാരോ ട്രക്ക്​ വണ്ടികളിൽ കയറി പല ഭാഗങ്ങളിലേക്കായി പോയി. കുഞ്ഞുമുഹമ്മദ്​ ഷാർജ റോളയിലേക്കാണ്​ വന്നത്​. റോളയിൽ നാട്ടുകാരൻ കൂടിയായ എം.പി. മുഹമ്മദ് (ഈശ മുഹമ്മദ്​) ഒരു ഹോട്ടൽ നടത്തിയിരുന്നു. സഞ്ചരിച്ച ട്രക്കിന്‍റെ വാടക നൽകിയതും 10 ഖത്തർ റിയാൽ നൽകിയതും അ​ദ്ദേഹമാണ്​. അന്ന്​ യു.എ.ഇയുടെ പ്രദേശങ്ങളിൽ ഇന്ത്യയുടെ രൂപ മാർക്കറ്റിൽ എടുക്കുമായിരുന്നു. ഖത്തറിന്‍റെ റിയാൽ യു.എ.ഇയിൽ പ്രചാരം നേടി വരുന്നതേയുള്ളൂ. റോളയിൽ നിന്ന്​ ദുബൈയിലേക്ക്​ അന്ന്​ 10 കിലോമീറ്റർ മാത്രമായിരുന്നു റോഡുണ്ടായിരുന്നത്​. ബാക്കി മരുഭൂമിയിലൂടെ ഒാരോരുത്തരും സ്വന്തമായി വഴി കണ്ടെത്തി സഞ്ചരിക്കുകയായിരുന്നു. അഥവാ ഇന്നുകാണുന്ന വികസനമൊന്നും അന്ന്​ ഈ മണ്ണിലുണ്ടായിരുന്നില്ലെന്ന്​ കുഞ്ഞുമുഹമ്മദ് ഹാജി ഓർക്കുന്നു.

ഷാർജയിലുണ്ടായിരുന്ന നാട്ടുകാരുടെ കൂടെ കുറച്ചുകാലം താമസിച്ചു. ജോലി കിട്ടാതെ വന്നതോടെ റാസൽഖൈമയിലേക്കു​ പോയി. അവിടെയാണ്​ പ്രവാസജീവിതം പച്ചപിടിച്ചുതുടങ്ങിയത്​. ഒരു വീട്ടിൽ കറവക്കാരന്‍റെ ജോലിയാണ്​ ആദ്യം ലഭിച്ചത്​​. 100 രൂപയായിരുന്നു കൂലി. പിന്നീട്​ റാസൽഖൈമയിലെ ഭരണാധികാരിയുടെ വീട്ടിലേക്ക്​ ജോലിമാറ്റം ലഭിച്ചു. അന്നത്തെ കാലത്ത്​ ഈ പ്രദേശങ്ങളിലെല്ലാം ബ്രിട്ടീഷ്​ കൗൺസിൽ ഭരണമായിരുന്നു. അവരായിരുന്നു വിസ നൽകിയിരുന്നത്​. ട്രൂഷ്യൽ സ്​റ്റേറ്റ്​സ്​ കൗൺസിൽ എന്ന പേരിൽ ഏഴ്​ എമിറേറ്റുകളുടെ കൂട്ടായ്മ അന്നുണ്ടായിരുന്നു. അതിന്‍റെ ചെയർമാനായിരുന്ന റാസൽഖൈമ ഭരണാധികാരി ശൈഖ്​ സഖ്​ർ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ വീട്ടിലായിരുന്നു കുഞ്ഞുമുഹമ്മദ്​ ഹാജിക്ക്​​ 1968ൽ ജോലി ലഭിക്കുന്നത്​. അവിടത്തെ ജീവിതം മുന്നോട്ടുള്ള യാത്രക്ക്​ ഊർജവും പിന്തുണയും നൽകുന്നതായിരുന്നു.

ബിസിനസിന്‍റെ തുടക്കം

റാസൽഖൈമയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ 1972ലാണ്​ സ്വന്തമായി ചെറിയ ഒരു ബിസിനസ്​ തുടങ്ങുന്നത്​. കുറച്ച്​ പഴങ്ങൾ മാത്രമുള്ള ചെറിയ ഷോപ്പായിരുന്നു അത്​. പിതാവിലൂടെയും പിതാമഹനിലൂടെയും കച്ചവടപാരമ്പര്യം ഉള്ളതിനാലായിരിക്കണം ജോലിക്കിടയിൽ ബിസിനസിലേക്ക്​ നീങ്ങാൻ തോന്നിയത്​. ശൈഖിന്‍റെ വീട്ടിൽനിന്നാണ്​ പഴക്കച്ചവടത്തിന്​ പ്രചോദനം ലഭിച്ചത്​. അവർക്കുണ്ടായിരുന്ന തോട്ടത്തിൽനിന്ന്​ ലഭിക്കുന്ന ഫലങ്ങൾ വീട്ടിലേക്കും കുടുംബങ്ങളിലേക്കും എടുത്ത ശേഷം ബാക്കിയാവുന്നത്​ വിൽക്കാൻ നൽകുമായിരുന്നു. ഇത്​ വാങ്ങാനായി ദുബൈയിൽനിന്നും അൽഐനിൽനിന്നും ആളുകൾ വരുമായിരുന്നു. അൽഐനിൽനിന്ന്​ വരുന്നവരെ സഹായിക്കാനാണ്​ ആദ്യം കച്ചവടത്തിലിടപെടുന്നത്​. അപ്പോഴാണ്​ ശൈഖിന്‍റെ വീട്ടിൽനിന്ന്​ വാങ്ങുന്ന പഴങ്ങൾ അഞ്ചിരട്ടി വിലക്കാണ് അൽഐനിൽ ​വിൽക്കുന്നതെന്ന്​ മനസ്സിലാക്കിയത്​. ​അൽഐനിലേക്ക്​ കടൽതീരത്തുകൂടെ പിക്കപ്പിൽ പോകണമായിരുന്നു. അത്​ എല്ലാവർക്കും സാധിക്കുന്നതായിരുന്നില്ല. അന്ന്​ ഒരു വണ്ടി വാങ്ങി കച്ചവട മേഖലയിൽ പ്രവേശിച്ചു​. 1970ലാണത്​. അത്​ വാങ്ങാനായി പണം തന്നത്​ ശൈഖിന്‍റെ ഭാര്യയായിരുന്ന മാഹ്​റ ബിൻത്​ ഗുറൈറായിരുന്നു. അക്കാലത്ത്​ അവരുടെ ഡ്രൈവറായി പ്രവർത്തിക്കുകയായിരുന്നു. നല്ല ഒരു വ്യക്തിത്വമായിരുന്ന അവരോട്​ എന്നും കടപ്പാടുണ്ടെന്ന്​ കുഞ്ഞുമുഹമ്മദ്​ ഹാജി നന്ദിയോടെ സ്മരിക്കുന്നു. കുടുംബത്തിന്‍റെ തോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവരായിരുന്നു നോക്കിനടത്തിയിരുന്നത്​. തോട്ടത്തിലെ പഴങ്ങളുടെ വിൽപനയുടെ കണക്കുകൾ കൃത്യമായി നൽകിയിരുന്നതിനാൽ അവർക്ക്​ കുഞ്ഞുമുഹമ്മദ്​ ഹാജിയെ വലിയ വിശ്വാസമായി. ഇതാണ്​ വാഹനം വാങ്ങിത്തരുന്നതിന്​ കാരണമായത്​. ഈ വാഹനവുമായാണ്​ ബിസിനസിന്‍റെ ആരംഭം. അതിനുശേഷമാണ്​ ദുബൈയിലേക്ക്​ ബിസിനസിനായി കൂടുമാറുന്നത്​. ശൈഖിന്‍റെ വീട്ടിൽനിന്ന്​ പിരിയുന്നതിന​ുമുമ്പ്​ വിശ്വസ്തനായ ഒരു ഡ്രൈവറെ അവർക്ക്​ പകരക്കാരനായി നിയമിച്ചുനൽകി.

ദുബൈയിലെ കച്ചവടം

ദുബൈയിലെത്തിയശേഷമാണ്​ ബിസിനസിൽ പടിപടിയായി വളർച്ച കൈവരിക്കുന്നത്​. ദുബൈയുടെ വളർച്ചതന്നെ അത്ഭുതകരമാണെന്ന്​ കുഞ്ഞുമുഹമ്മദ്​ ഹാജി ഓർക്കുന്നു​. നാട്​ വളരുന്നതിനൊപ്പം ചെറുതായി ജലീൽ ട്രേഡേഴ്​സ്​ എന്ന കമ്പനിയും വളർന്നു. ഒരു വണ്ടി മാത്രമായിരുന്നത്​ പതിയെ ഒന്നും രണ്ടും മൂന്നും വാഹനങ്ങളായി. ഒരു ചെറിയ മുറി വാടകക്കെടുത്താണ്​ ദുബൈയിൽ കച്ചവടം ആരംഭിക്കുന്നത്​. പിന്നീട്​ റാശിദ്​ അൽ ഹുറൈസ്​ ബിൽഡിങ്ങിൽ ലൈസൻസോടെ പ്രവർത്തനം തുടങ്ങി. അന്ന്​ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ എല്ലാ വസ്തുക്കളും വന്നിരുന്നത്​ ഇറാനിൽനിന്നാണ്​. ഇവരിൽനിന്ന്​ സാധനങ്ങൾ വാങ്ങിയാണ്​ കച്ചവടം ചെയ്തിരുന്നത്​. പാകിസ്താനിൽനിന്ന്​ കിനു എന്ന നാരങ്ങ വന്നിരുന്നു. ബോംബെയിൽനിന്ന്​ 40 ബോക്സ്​ അൽഫോൺസ്​​ മാങ്ങ ആദ്യമായി എത്തിച്ചത്​ ഓർമയിലുണ്ട്​. പിന്നീട്​ ഇന്ത്യയിൽനിന്ന്​ എല്ലാവരും വരുത്താൻ തുടങ്ങി. ദുബൈ അൽ ഹംറിയ മാർക്കറ്റ്​ ആരംഭിച്ചപ്പോൾ കച്ചവടക്കാർ വളരെ വർധിച്ചു. അക്കാലത്ത്​ പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും പിടിച്ചുനിന്നു. പിന്നീട്​ കുവൈത്ത്​ യുദ്ധമാണ്​ ബിസിനസിൽ വഴിത്തിരിവായത്​. അക്കാലത്ത്​ സലാലയിൽ കച്ചവടമുണ്ടായിരുന്നതിനാൽ യുദ്ധം കാരണം ചരക്കുനീക്കം നിലച്ചപ്പോഴും യമനിലേക്ക്​ സാധനങ്ങൾ അയക്കാൻ സാധിച്ചതിനാൽ മികച്ച ലാഭം കിട്ടി. അതിനുശേഷം ഈസ്​റ്റേൺ കറിപൗഡറിന്‍റെ ഏജൻസി എടുത്തു. അതോടൊപ്പം മൂത്ത മകൻ സമീർ അമേരിക്കയിലെ പഠനശേഷം ബിസിനസിൽ ചേർന്ന ശേഷമാണ്​ കൂടുതൽ വിപുലമായ രീതിയിൽ കച്ചവടത്തിലേക്കു​ കടക്കുന്നത്​. പിന്നീടാണ്​ ദുബൈ​ അവീർ മാർക്കറ്റ്​ ആരംഭിക്കുന്നത്​. ഇപ്പോഴത്തെ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കച്ചവടക്കാർക്ക്​ വലിയ സാധ്യതകൾ തുറന്നുതന്നു. അദ്ദേഹം അവിടെ എല്ലാ നാട്ടുകാർക്കും അവസരം നൽകി. അവീറിൽ മാർക്കറ്റ്​ പണിത കാലത്ത്​ ഇന്ത്യക്കാരും പാകിസ്താൻകാരുമായ കച്ചവടക്കാരുടെ ആവശ്യ​ങ്ങൾ അദ്ദേഹത്തെ അറിയിക്കാൻ അവസരം ഒരുക്കിയിരുന്നു. ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ് എല്ലാവരെയും വിളിച്ചുവരുത്തി ആവശ്യങ്ങൾ ചോദിച്ചു. ഇവിടെ നമ്മളെല്ലാവരും ഒന്നാണ്​ എന്നു പറഞ്ഞാണ്​ അദ്ദേഹം തുടങ്ങിയത്​. കൂടെയുള്ള രണ്ടുപേരെ ചൂണ്ടിക്കാണിച്ച്​ മാർക്കറ്റിനെ കുറിച്ച്​ എന്തു​ പറയാനുണ്ടെങ്കിലും ഇവരെ അറിയിക്കാമെന്ന്​ പറഞ്ഞു. അവരിൽ ഒരാൾ നൽകിയ ധൈര്യത്തിലാണ്​ അവീറിൽ ജലീൽ ട്രേഡേഴ്​സ്​ കടയെടുക്കുന്നത്​. അതിൽ പിന്നെ കമ്പനിയുടെ മുഖച്ഛായ തന്നെ മാറി.

പ്രവാസി സൗഹൃദ നാട്​

യു.എ.ഇ രൂപവത്കരണത്തിനു മുമ്പ്, എമിറേറ്റുകളിലെ സ്വദേശി പൗരന്മാരുടെ പേരിൽ മാത്രമായിരുന്നു കമ്പനി ലൈസൻസുകൾ അനുവദിച്ചിരുന്നത്. പിന്നീടാണ്​ മറ്റ് എമിറേറ്റുകളിലെ പൗരന്മാരുടെ പേരിലും ലൈസൻസ്​ അനുവദിച്ചത്. ഇത്​ ആദ്യം തുടങ്ങിയത് ദു​ബൈയിലാണ്. ആദ്യമായി ലിമിറ്റഡ്​ ലയബിലിറ്റി കമ്പനിനിയമം കൊണ്ടുവന്നതും ഇവിടെതന്നെ. അതുപ്രകാരം പ്രവാസികൾക്കും കമ്പനിയിൽ ഷെയർ അനുവദിച്ചുതുടങ്ങി. 49 ശതമാനം പ്രവാസികൾക്കും 51 ശതമാനം സ്വദേശികൾക്കുമായി നിജപ്പെടുത്തി. പിന്നീട്​ വിഹിതത്തിൽ 20 ശതമാനം വരെ മാത്രം സ്വദേശിയായ സ്പോൺസർക്ക് നൽകിയാൽ മതിയെന്ന്​ നിയമം വന്നു. കഴിഞ്ഞ വർഷമാണ്​ പ്രവാസികൾക്ക്​ സ്വന്തം നിലയിൽ കമ്പനികൾ തുടങ്ങാമെന്ന നിയമം യു.എ.ഇയിൽ പാസായത്​. ഇത്തരത്തിൽ ദുബൈയിൽ പ്രവാസിസൗഹൃദപരമായ​ കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കിയത്​ ജലീൽ ഡ്രേഡേഴ്​സിനും ഏറെ സഹായകമായി. ആദ്യകാലത്ത്​ ദുബൈയിലെ പ്രവാസികൾക്ക് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു താമസച്ചെലവ്. സ്വകാര്യ വ്യക്തികളുടെ കീഴിലെ ഫ്ലാറ്റുകൾക്കും വില്ലകൾക്കും സർക്കാർ വാടകയേക്കാൾ മൂന്നുനാല് ഇരട്ടി നൽകേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽ

കുഞ്ഞുമുഹമ്മദ്​ ഹാജിക്ക് ഒരുഘട്ടത്തിൽ കുടുംബത്തെ നാട്ടിൽ അയക്കേണ്ടിവന്നു. ഈ സമയത്താണ്​ ദുബൈ ഗവൺമെന്‍റ് ഒരു പാർപ്പിട സമുച്ചയം അൽഷാബ്​ കോളനി എന്ന പേരിൽ ദുബൈയിൽ ആരംഭിച്ചത്. പ്രസ്തുത കോളനിയിൽ ഒരു വില്ല തരപ്പെടുത്തി നാട്ടിൽനിന്ന് കുടുംബത്തെ കൊണ്ടുവന്നു. ദുബൈ ഭരണകൂടത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ നിദർശനമായിരുന്നു ഇത്തരം പദ്ധതികൾ. കുഞ്ഞുമുഹമ്മദ്​ ഹാജിയുടെ മക്കളെല്ലാം ദുബൈയിൽ വളർന്നവരാണ്​. മൂത്ത മകൻ സമീറിന്​ പുറമെ മറ്റുമക്കളായ ഡോ. സാക്കിർ, അബ്​ദുൽ ഗഫൂർ എന്നിവരും ഇപ്പോൾ ബിസിനസിൽ ശ്രദ്ധിക്കുന്നു. പെരുമ്പടപ്പ്​ സ്വദേശിനി സുലൈഖയാണ്​ കുഞ്ഞുമുഹമ്മദ്​ ഹാജിയുടെ ജീവിതസഖി.

ഇമാറാത്തികൾ നന്മ നിറഞ്ഞവർ

പ്രയാസപൂർണമായ സാഹചര്യത്തിൽ ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാൻ കടൽകടന്നെത്തിയ കുഞ്ഞുമുഹമ്മദ്​ ഹാജിക്ക്​ യു.എ.ഇയിലെ ജനങ്ങ​ളെക്കുറിച്ച്​ നല്ല ഓർമകൾ മാത്രം. പല രാജ്യങ്ങളിൽ സന്ദർശിക്കുകയും കച്ചവടം ചെയ്യുകയും ചെയ്​തെങ്കിലും ഇമാറാത്തികളെപ്പോലെ സൽസ്വഭാവികളും വഞ്ചിക്കാത്തവരുമായ ജനങ്ങളെ മറ്റെവിടെയും കണ്ടിട്ടില്ല. അക്കൂട്ടത്തിൽ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ്​ റാശിദ് ബിൻ സഈദ്​ ആൽ മക്​തൂം​ ഏറ്റവും മാതൃകാ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ എല്ലാവർക്കും വിശ്വാസമായിരുന്നു. ആ നന്മ ഇവിടത്തെ എല്ലാവർക്കുമുണ്ട്​. സ്​പോൺസറായിരുന്ന മുഹമ്മദ്​ സാലിഹ്​ അബ്​ദുറഹ്​മാൻ അൽ റഈസി ഇത്തരത്തിൽ ഒരാളായിരുന്നു എന്ന് ​കുഞ്ഞുമുഹമ്മദ്​ ഹാജി നന്ദിയോടെ സ്മരിക്കുന്നു. ബിസിനസിലെ കോടിക്കണക്കിന്​ സ്വത്ത്​ അദ്ദേഹത്തിന്‍റെ പേരിലുണ്ടായിരുന്നു. എന്നാൽ, മരണത്തിനു​ മുമ്പ്​ മക്കളോട്​ അദ്ദേഹം പറഞ്ഞത്​ എന്‍റേത്​ ഇതിൽ ഒന്നുമില്ലെന്നായിരുന്നു. 100 ശതമാനം വിദേശികൾക്ക്​ കമ്പനി ഉടമകളാകാമെന്ന നിയമം വന്നപ്പോൾ ഒരു മടിയുമില്ലാതെ എല്ലാ പേപ്പറുകളും അദ്ദേഹത്തിന്‍റെ മൂത്തമകൻ ഒപ്പിട്ടുതന്നു. കമ്പനി രേഖകൾ മാറ്റുന്നതിന്​ പല പ്രാവശ്യം സർക്കാർ ഓഫിസിൽ​ ഒരു മടിയുമില്ലാതെ വന്നു. ഇത്ര നന്മയുള്ള മനുഷ്യരെവിടെയാണുണ്ടാവുക -കുഞ്ഞുമുഹമ്മദ്​ ഹാജി പറയുന്നു.


എം.വി. കുഞ്ഞുമുഹമ്മദ്​ ഹാജി ◀



എന്നും കടപ്പാടുള്ള ഇമാറാത്തികൾ അദ്ദേഹത്തിന്​ ധാരാളമുണ്ട്​. ​പ്രവാസത്തിന്‍റെ ആദ്യകാലത്ത്​ ജോലിയും സഹായങ്ങളും നൽകിയ റാസൽഖൈമ ഭരണാധികാരി ശൈഖ്​ സഖ്​ർ ബിൻ മുഹമ്മദ്​ അൽ ഖാസിമി, അദ്ദേഹത്തിന്‍റെ പത്നിയായിരുന്ന മാഹ്​റ ബിൻത്​ ഗുറൈറ്​ എന്നിവരിൽ തുടങ്ങി ദുബൈയിലെ ബിസിനസിൽ സഹായിച്ചവരും ചേർത്തുനിർത്തിയവരുമായി നിരവധി പേരുണ്ട്​. ഈ നാടിനോടും ഭരണാധികാരികളോടും എക്കാലവും കടപ്പാട്​ മാത്രമാണെന്ന്​ കുഞ്ഞുമുഹമ്മദ്​ ഹാജി നിറഞ്ഞ സംതൃപ്തിയോടെ പറയുന്നു.


സത്യസന്ധതയുണ്ടെങ്കിൽ വിജയിക്കാം

ബിസിനസിലേക്കു​ കടന്നുവരുന്ന പുതുതലമുറക്ക്​ വലിയ ഉപദേശത്തിന്‍റെ ആവശ്യമൊന്നും ഇല്ലെന്നാണ്​ കുഞ്ഞുമുഹമ്മദ്​ ഹാജിയുടെ പക്ഷം. ശരിയായ രീതിയിൽ പ്രവർത്തിക്കുകയും പടച്ചവന്‍റെ സഹായം ലഭിക്കുകയും ചെയ്​താൽ വിജയിക്കും. മറ്റു ചിലർ പരാജയപ്പെടുകയും ചെയ്യും. ആറു പതിറ്റാണ്ടിലേറെ നീണ്ട കച്ചവട അനുഭവത്തിന്‍റെ വെളിച്ചത്തിൽ സത്യസന്ധതയാണ്​ ബിസിനസിൽ ഏറ്റവും ആവശ്യമായ മൂല്യമെന്ന്​ അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഒമ്പതു വയസ്സുള്ളപ്പോൾ മൂത്തമ്മയുടെ പറമ്പിൽനിന്ന്​ ചോദിക്കാതെ തേങ്ങയെടുത്തപ്പോൾ ഉമ്മ ശാസിച്ചുകൊണ്ട്​ പകർന്ന പാഠമാണത്​. ആ മൂല്യം​ എക്കാലവും സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റൊരാളുടെ പണംകൊണ്ട്​ കച്ചവടം വിജയിപ്പിക്കാനാവില്ല. ഇന്ന്​ കൊടുക്കേണ്ടത്​ ഇന്നുതന്നെ നൽകണം. നാളേക്ക്​ വെക്കരുത്​. സ്ഥാപനം വളരണമെങ്കിൽ കൂടെയുള്ളവരെ പരിഗണിക്കണം. അവരുടെ പ്രയാസസന്ദർഭങ്ങളിൽ സഹായിക്കാൻ കഴിയണം. യു.എ.ഇയിലെ ആദ്യകാല പ്രവാസി കച്ചവടക്കാർ അത്തരത്തിൽ വളർന്നവരാണ്​. എം.എ. യൂസുഫലി ദുബൈയിൽ ആദ്യമായി കറാമയിൽ സ്റ്റോർ തുടങ്ങിയ കാലത്ത്​ അദ്ദേഹത്തിൽനിന്ന്​ ബിസിനസിലെ അഭിവൃദ്ധിക്കായി ഉപദേശങ്ങൾ സ്വീകരിക്കാൻ ധാരാളം പേർ എത്തുമായിരുന്നു. അവർക്കെല്ലാം പരിഹാരം നിർദേശിക്കാൻ യൂസുഫലി എന്നും തൽപരനായിരുന്നു. ബിസിനസ് എന്തായാലും കാലഘട്ടത്തിനനുസരിച്ച്​ ഗുണമേന്മയുള്ള ഉൽപന്നങ്ങളും മെച്ചപ്പെട്ട വിൽപനാനന്തര സേവനവും ലഭ്യമാക്കാൻ തയാറായാൽ അഭിവൃദ്ധിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്​. തന്‍റെ പിതാവിൽനിന്ന് കൈമാറിക്കിട്ടിയതും തനിക്കറിയാവുന്നതുമായ റീട്ടെയ്​ൽ മേഖലയിൽ ഒരു മാസ്റ്ററാവുക എന്നതാണ് അദ്ദേഹത്തിന്‍റെ ബിസിനസ്​ ലൈൻ. പലരും പല പദ്ധതികളുമായി അദ്ദേഹത്തെ സമീപിക്കുമ്പോൾ തന്‍റെ പ്രവർത്തനപാതയിൽനിന്നു വ്യതിചലിച്ചിട്ടില്ല. അതാണ് അദ്ദേഹത്തിന്‍റെ വിജയരഹസ്യമെന്നാണ്​ യൂസുഫലിയുടെ കൂടെ ഒന്നിലേറെ തവണ ദീർഘയാത്ര ചെയ്യാൻ അവസരം കിട്ടിയ കുഞ്ഞുമുഹമ്മദ്​ ഹാജി അഭിപ്രായപ്പെടുന്നത്​. ആദ്യകാല ബിസിനസ്​ വിജയികളുടെ പാത പിന്തുടർന്നാൽ പുതുതലമുറക്കും വിജയത്തിലെത്താമെന്ന്​ അദ്ദേഹം അടിവരയിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khaja MoidheenGulf Travel Experiences
News Summary - Khaja Moidheen Gulf Travel Experiences
Next Story