പിറന്ന മണ്ണ് മുഖംതിരിച്ചു; ഒടുവിൽ ഖാദർ ഹാജിയെ പ്രവാസിമണ്ണ് ഏറ്റുവാങ്ങി
text_fieldsദുബൈ: സമ്മാനങ്ങളും നിറപുഞ്ചിരിയുമായി പ്രിയപ്പെട്ട ഉപ്പ വരില്ലെന്നറിയാം, എങ്കിലു ം ചേതനയറ്റ ആ ശരീരമെങ്കിലും തുണിയിൽ പൊതിഞ്ഞെത്തിയാൽ കൺനിറയെ ഒന്നു കാണാമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ആ മക്കൾ. എന്നാൽ പ്രിയപ്പെട്ടവരുടെ മനസ്സിലെ അടങ്ങാത്ത ആഗ്രഹം, കേന്ദ്ര സർക്കാറിെൻറ അപ്രഖ്യാപിത വിലക്കിൽ ഇല്ലാതായതോടെ ഒരു പ്രവാസി കൂടി പിറന്ന നാടണയാനാവാതെ മരുഭൂമിയിലെ മണ്ണിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം അബൂദബിയിൽ മരിച്ച കാസർകോട് കിന്നിംഗാർ ഖാദർ ഹാജിയുടെ കുടുംബത്തിനാണ്, കേന്ദ്ര സർക്കാറിെൻറ കണ്ണിൽചോരയില്ലാത്ത നടപടിയെ തുടർന്ന് കടലിനക്കരെനിന്ന് കണ്ണീർവാർക്കേണ്ടി വന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് പ്രവാസികൾ തിരികെ നാട്ടിലെത്തുന്നത് സമ്പൂർണമായി തടഞ്ഞതിനു പിന്നാലെ, പ്രവാസലോകത്തുനിന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ സ്വീകരിക്കുന്നതും വിലക്കിയിരിക്കുകയാണിപ്പോൾ കേന്ദ്രസർക്കാർ. കാലങ്ങളായി കുടുംബത്തെ വിട്ടുനിൽക്കുന്ന പ്രവാസികൾ, അവർ മരണപ്പെട്ടാൽ കുടുംബത്തിന് അവസാനമായി ഒരു നോക്കുകാണാനുള്ള അവകാശം പോലും നിഷേധിക്കുകയാണ് ഇൗ അപ്രഖ്യാപിത മൃതദേഹ വിലക്കിലൂടെ.
കാർഗോ വിമാനത്തിലെങ്കിലും ഭർത്താവിെൻറ മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ വീട്ടമ്മയുടെയും പ്രിയപ്പെട്ട പിതാവിനെ കാത്തിരുന്ന കുട്ടികളുടെയും കാര്യമോർത്ത് അബൂദബിയിലെ കെ.എം.സി.സി പ്രവർത്തകർ അനുമതിക്കായി മുട്ടാത്ത വാതിലുകളില്ല. പലരെയും കണ്ടും സ്വാധീനിച്ചും പലതവണ നടത്തിയ ശ്രമങ്ങളെല്ലാം വെറുെതയായപ്പോൾ പിറന്നുവീണ നാട്ടിലല്ല, അന്നം നൽകിയ നാട്ടിലാണ് ഖാദർ ഹാജിക്ക് ആറടി മണ്ണെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും ബനിയാസിൽ പരേതന് അന്ത്യയാത്രയൊരുക്കി. ജീവനുള്ള പ്രവാസികളോട് മാത്രമല്ല, ജീവനില്ലാത്ത പ്രവാസി മൃതദേഹത്തോടും കേന്ദ്രസർക്കാറിന് തികഞ്ഞ അവഗണനയാണെന്ന് തെളിയിക്കുന്നതായി നല്ല ജീവിതം തേടിയെത്തിയ മണ്ണിൽ അന്ത്യയാത്രക്കൊരുങ്ങേണ്ടിവന്ന ഖാദർ ഹാജിയുടെ വിധി. പരിശുദ്ധമാസം പിറന്ന വെള്ളിയാഴ്ചയിലെ ളുഹർ ബാങ്ക് മുഴങ്ങിയതോടെ അബൂദബി ബനിയാസിലെ മണ്ണ് വർഷങ്ങളായി ഇവിടെ ജീവിച്ച ഖാദർ ഹാജിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. സഹോദരനും ബന്ധുക്കളും കെ.എം.സി.സി നേതാക്കളും പ്രവർത്തകരുമടക്കം നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് ഖബറടക്കം നടന്നത്. സഹാദരൻ ഗഫൂറാണ് മയ്യിത്ത് കുളിപ്പിക്കാൻ നേതൃത്വം നൽകിയത്. മരുഭൂമിയിൽ പരന്നുകിടക്കുന്ന ആയിരക്കണക്കിന് മയ്യിത്തുകൾക്കരികിൽ എ6.എസ്2, 257 നമ്പർ ഖബറിലാണ് ഖാദർ ഹാജിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ബന്ധുവായ ലത്തീഫ് മൗലവി ഖബർസ്ഥാനിനരികെ മയ്യിത്ത് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
