Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊൻകിരീടവുമായി കെസിയയെത്തി; ആദരവുകൾക്ക്​ നടുവിലേക്ക്​

text_fields
bookmark_border
അബൂദബി സെന്‍റ്​ ജോസഫ്‌സ് സ്‌കൂളില്‍ ഊഷ്മള സ്വീകരണം
പൊൻകിരീടവുമായി കെസിയയെത്തി; ആദരവുകൾക്ക്​ നടുവിലേക്ക്​
cancel
camera_alt

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2026 കിരീടം നേടിയ ശേഷം, കെസിയ ലിസ് മെജോ താന്‍ പഠിച്ച അബൂദബി സെന്‍റ്​ ജോസഫ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍

അബൂദബി: മിസ് ഇന്ത്യ യൂനിവേഴ്‌സ് പുരസ്‌കാരം നേടിയ മുന്‍ വിദ്യാർഥിനി കെസിയ ലിസ് മെജോ അബൂദബി സെന്‍റ്​ ജോസഫ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു. സൗന്ദര്യറാണിയായി തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് തിരിച്ചെത്തിയ കെസിയ ലിസ് മെജോക്ക്​ അധ്യാപകരും വിദ്യാർഥികളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. സ്‌കൂള്‍ അങ്കണത്തിലെത്തിയ കെസിയയെ വിദ്യാഥികള്‍ ഹര്‍ഷാരവങ്ങളോടെയും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുമാണ് എതിരേറ്റത്. അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ സന്ദര്‍ശനം വിദ്യാലയത്തിന് ചരിത്രപരമായ ദിവസമായി മാറി.

ചടങ്ങില്‍ കെസിയ ലിസ് മെജോക്കായി പ്രത്യേക അധ്യാപക ആദരവും ഒരുക്കി. സ്‌കൂള്‍ കാലഘട്ടത്തിലെ ഊര്‍സ്വലയായ വിദ്യാർഥിനിയില്‍നിന്ന് ദേശീയ തലത്തില്‍ വലിയ അംഗീകാരങ്ങള്‍ നേടിയെടുക്കുന്ന തലത്തിലേക്ക് മാറിയ അവളുടെ അവിശ്വസനീയമായ യാത്രയെയും ചടങ്ങ് മനോഹരമായി ഓര്‍ത്തെടുത്തു. കെസിയയുടെ നേട്ടങ്ങളില്‍ തങ്ങള്‍ക്കുള്ള അഭിമാനം പ്രകടിപ്പിച്ച അധ്യാപകര്‍, ഭാവിയിലെ എല്ലാ ഉദ്യമങ്ങളിലും വിജയം ആശംസിച്ചു. വിദ്യാർഥികളും അധ്യാപകരും ഒരുപോലെ കെസിയയുടെ അനുഭവകഥകളും വാക്കുകളും ആവേശത്തോടെയും കൗതുകത്തോടെയുമാണ് കേട്ടിരുന്നത്. തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ തന്നെ ഒരു പ്രമുഖ വ്യക്തിത്വമായി തിരിച്ചെത്തിയതിന്‍റെ സന്തോഷം കുട്ടികളുടെ നിറഞ്ഞ കൈയടിയില്‍ പ്രകടമായിരുന്നു. അര്‍പ്പണബോധത്തോടും ആത്മവിശ്വാസത്തോടുംകൂടെ കഠിനാധ്വാനം ചെയ്താല്‍ ഏത് സ്വപ്‌നവും യാഥാർഥ്യമാക്കാമെന്നതിന്‍റെ ഉത്തമ മാതൃകയാണ് കെസിയയെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുരഞ്ജന, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീമ, അധ്യാപകരായ മരിയ ശിവകുമാര്‍, സജിത സതീശന്‍ എന്നിവരും, അക്കാദമിക് പ്രതിനിധികളായി 1997 ബാച്ചിലെ സിന്ധ്യ, 2003 ബാച്ചിലെ അമിത എന്നിവരും സംസാരിച്ചു.

19കാരിയായ കെസിയ ലിസ് മെജോ മിസ് യൂനിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളിയാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയയുടെ ബാല്യവും സ്‌കൂള്‍ ജീവിതത്തിന്‍റെ പ്രധാന ഭാഗവും അബൂദബിയിലായിരുന്നു. എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍, സെന്‍റ്​ ജോസഫ്‌സ് സ്‌കൂള്‍, അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം.

ആദ്യകാലം മുതല്‍ തന്നെ നൃത്തത്തിലും കലാരംഗത്തും സജീവമായിരുന്നു. 12 വര്‍ഷത്തോളം ക്ലാസിക്കല്‍ ഡാന്‍സ് പരിശീലിച്ചിട്ടുണ്ട്. മിസ് ടീന്‍സ് ദിവ 2024 കിരീടം നേടിയതിന് പിന്നാലെ 2025ലെ മിസ് ടീന്‍ ഇന്‍റര്‍നാഷനല്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണര്‍അപ്പ് ആയി. തുടര്‍ന്ന് മിസ് യൂനിവേഴ്​സ് കേരള 2026 കിരീടവും സ്വന്തമാക്കി. ആഗസ്റ്റ് 23ന് ജയ്പൂരില്‍ നടന്ന ദേശീയ മത്സരത്തില്‍ 52 മത്സരാർഥികളെ പിന്നിലാക്കിയാണ് മിസ് യൂനിവേഴ്‌സ് ഇന്ത്യ 2026 പട്ടം നേടിയത്.

ഇപ്പോള്‍ ബെംഗളൂരുവില്‍ നിയമപഠനം നടത്തുന്ന കെസിയ, മോഡലിങ്ങിലും അഭിനയത്തിലും സംഗീതത്തിലും താല്‍പര്യമുള്ളയാളാണ്. അബൂദബിയിലെ ബഹുസാംസ്‌കാരിക ജീവിതം തന്‍റെ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് കെസിയ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വേരുകളുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ട് ലോകത്തിന്‍റെ വിവിധ സംസ്‌കാരങ്ങളുമായി ഇടപഴകാന്‍ യു.എ.ഇയിലെ ജീവിതം തന്നെ സഹായിച്ചുവെന്നാണ് കെസിയയുടെ വാക്കുകള്‍.

കിരീടം നേടിയ ശേഷം നല്‍കിയ വാക്കുപോലെ, ഇപ്പോള്‍ മിസ് യൂനിവേഴ്‌സ് ഇന്ത്യ 2026 കിരീടവുമായി കെസിയ അബൂദബിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യു.എ.ഇ. സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്​യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്​യാനെയും കെസിയ സന്ദര്‍ശിച്ചിരുന്നു. ഇനി നവംബര്‍ 24ന് പ്യൂര്‍ട്ടോ റികോയില്‍ നടക്കുന്ന 75-ാമത് മിസ് യൂനിവേഴ്‌സ് മത്സരമാണ് കെസിയയുടെ ലക്ഷ്യം.

ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്‍റെയും സുജ മെജോയുടെയും മകളാണ് കെസിയ. സഹോദരി കേരന്‍ മെജോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kesiya Liz Majo Receives Warm Welcome at Abu Dhabi
Next Story