കേരളീയ സമാജത്തില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം ഭരണസമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെ പുതിയ ഭരണസമിതിയിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു. നിലവിലെ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പാനലും മുന്‍ പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍െറ നേതൃത്വത്തിലുള്ള പാനലുമാണ് പത്രിക സമര്‍പ്പിച്ചത്. പി.വി. രാധാകൃഷ്ണപിള്ള പ്രസിഡന്‍റായുള്ള പാനലില്‍ ഇപ്പോഴത്തെ ജന.സെക്രട്ടറി എന്‍.കെ. വീരമണി തന്നെയാണ് ആ സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ഇപ്പോഴത്തെ ഭരണസമിതിയിലെ മൂന്നുപേര്‍ കൂടി ഈ പാനലില്‍ നിന്ന് പത്രിക നല്‍കിയിട്ടുണ്ട്. വിനയചന്ദ്രന്‍, മനോഹരന്‍ പാവറട്ടി, ദേവദാസ് കുന്നത്ത് എന്നിവരാണ് ഉള്‍പ്പെട്ടത്. സാഹിത്യവിഭാഗം, മെമ്പര്‍ഷിപ്പ്,അസി. സെക്രട്ടറി, ഇന്‍േറണല്‍ ഓഡിറ്റര്‍ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്ന സുധി പുത്തന്‍വേലിക്കര, രാകേഷ് രാജപ്പന്‍, സിറാജുദ്ദീന്‍, മനോജ്കുമാര്‍ എന്നിവര്‍ തുടരുന്നില്ളെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സ്ഥാനങ്ങളിലേക്ക് പുതിയവരെ പരിഗണിച്ചിട്ടുണ്ട്. ശിവകുമാര്‍ കൊല്ലറോത്ത്, കെ.സി.ഫിലിപ്പ്, ജഗദീഷ് ശിവന്‍, പ്രസാദ് ചന്ദ്രന്‍, ആഷ്ലി ജോര്‍ജ്, അനുതോമസ്, ഇ.കെ.പ്രദീപന്‍ എന്നിവരും രാധാകൃഷ്ണ പിള്ള പാനലിലുണ്ട്.
ജനാര്‍ദനന്‍ പാനലിലും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഭരണസമിതിയിലുണ്ടായിരുന്ന എസ്. മോഹന്‍കുമാറും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക നല്‍കി. ജന.സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീകുമാര്‍, അസി.സെക്രട്ടറി സ്ഥാനത്തേക്ക് ഹരി കുമാര്‍, കലാവിഭാഗത്തിലേക്ക് ശശിധരന്‍ എന്നിവരും വി.വി.മനോജ്, മുരളീധരന്‍ തമ്പാന്‍ എന്നിവരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.
മുന്‍ പ്രതിപക്ഷമായ ‘റിഫോമേഴ്സ്’ എന്ന കൂട്ടായ്മ നിലവില്‍ ‘പയനിയേഴ്സി’ന്‍െറ ജനാര്‍ദനന്‍ പാനലുമായി സഖ്യത്തിലാണ്. സമാജവുമായി വിഘടിച്ചുനില്‍ക്കുന്നവരെയെല്ലാം ഒന്നിച്ചുനിര്‍ത്തി വിജയം കാണാനാണ് ഇവരുടെ ശ്രമം. രാധാകൃഷ്ണപിള്ള പാനലിനൊപ്പം ‘പ്രതിഭ’,‘ജ്വാല’, ‘മാനവീയം’ തുടങ്ങിയ സംഘടനകളും പ്രബല ജാതി-മത കൂട്ടായ്മകളുമുണ്ട്. പോയ വര്‍ഷത്തെപ്പോലെ, ഇത്തവണവും തെരഞ്ഞെടുപ്പില്‍ സമാവായത്തിന് പകരം വാശിയേറിയ മത്സരം നടക്കുമെന്ന് ഉറപ്പാണ്.
സമാജത്തിലെ ഭൂരിപക്ഷ അംഗങ്ങളും മറ്റു പലകൂട്ടായ്മകളിലും അംഗങ്ങളും ഭാരവാഹികളുമാണ്. ഈ സംഘടനകളുടെ നിലപാട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ജാതി, മത, രാഷ്ട്രീയ സംഘടനകളെല്ലാം സമാജം ഭരണസമിതിയുടെ പങ്കുപറ്റാന്‍ തന്ത്രങ്ങള്‍ പയറ്റാറുണ്ട്. അത് ഇത്തവണയും തുടരുമെന്നാണ് അറിയുന്നത്.
മിക്ക ഭരണസമിതിയിലും ഒന്നോ രണ്ടോ പേര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം വിവിധ സംഘടനകളുടെ പിന്‍ബലത്തിലാണ് വരിക. ആര്‍.എസ്.എസുമായി പ്രത്യക്ഷ ബന്ധമുള്ളവര്‍ ഭരണസമിതിയില്‍ വരുന്നതിനെതിരെ ‘പ്രതിഭ’ ശക്തമായ നിലപാടെടുക്കുന്നുണ്ട്. അതിനിടെ, സമാജത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ലേബലില്‍ സ്ഥാനാര്‍ഥികള്‍ വരരുത് എന്ന നിലപാടും ഒരു വിഭാഗം അംഗങ്ങള്‍ക്കിടയിലുണ്ട്. 1400ല്‍പരം അംഗങ്ങളാണ് സമാജത്തിലുള്ളത്.
നോമിനേഷന്‍ പിന്‍വലിക്കാനുള്ള സമയം ഒരാഴ്ചയാണ്. മാര്‍ച്ച് അവസാനത്തോടെയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 31 വരെയാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി.
പോയവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് നടന്നത്. എങ്കിലും രാധാകൃഷ്ണ പിള്ള പാനല്‍ വന്‍ വിജയം നേടി. ഒരുവര്‍ഷം നടത്തിയ വൈവിധ്യമാര്‍ന്ന പരിപാടികളുടെ പിന്‍ബലത്തിലാകും രാധാകൃഷ്ണപിള്ള വിഭാഗം വീണ്ടും വോട്ടുതേടുക. എങ്കിലും നേരത്തെ ഭരണസമിതിയുമായി സഹകരിച്ച ചിലര്‍ പിന്മാറിയെന്ന് സൂചനയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ‘ജ്വാല’യുടെ അംഗത്തിനുവേണ്ടി പിടിമുറുക്കിയിരുന്നു. ഇതില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുകയാണ്. ഇപ്പോഴത്തെ ഒരു ഭരണസമിതി അംഗം തുടരുന്നതിനെതിരെയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഭരണം തുടങ്ങിയ യുനൈറ്റഡ് പാനല്‍ (രാധാകൃഷ്ണ പിള്ള വിഭാഗം) സ്ഥാനാര്‍ഥികളാണ് ഇപ്പോഴത്തെ ഭരണസമിതി. സമാജത്തില്‍ വര്‍ഷങ്ങളായി നിലനിന്ന യുനൈറ്റഡ് പാനല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുകെ പിളരുകയായിരുന്നു. തുടര്‍ന്ന്, പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പാനലും കെ.ജനാര്‍ദ്ദനന്‍െറ പാനലും തമ്മിലായിരുന്നു മത്സരം.
സമാജത്തെ ചുറ്റിപ്പറ്റിയുള്ള സംഘടനകളായ ‘ജ്വാല’, ‘പയനിയേഴ്സി’ലെ ഒരു വിഭാഗം, രാധാകൃഷ്ണപിള്ള പാനലിനെ പിന്തുണച്ച ‘പ്രതിഭ’ തുടങ്ങിയ സംഘടനകളിലുള്ളവരാണ് സമാജത്തിലെ ഭൂരിപക്ഷം അംഗങ്ങളും. പുതിയ ഭരണസമിതിയില്‍ ആരൊക്കെ എത്തണമെന്ന കാര്യം തീരുമാനിക്കാനായി ചെറുതും വലുതുമായ യോഗങ്ങളും ചര്‍ച്ചകളും ഏതാനും ആഴ്ചകളായി സജീവമാണ്. ചില പ്രമുഖ നേതാക്കളുടെ വീടുകളിലും ഈ വിഷയത്തില്‍ ഒത്തുചേരലുകള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയുടെയും സമാജം ഭരണസമിതിയുടെയും ഉള്‍പ്പിരിവുകള്‍ കൂട്ടിയിണക്കാനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ട്. സ്കൂള്‍ ഭരണസമിതിയിലുള്ള പലരും സമാജം പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ്.
ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണുമായി ഇപ്പോഴത്തെ സമാജം ഭരണസമിതി കൈകോര്‍ത്തത് വലിയ ചര്‍ച്ചയായിരുന്നു. ദേവന്‍ ഹരികുമാറാണ് പുതിയ തെരഞ്ഞെടുപ്പിന്‍െറ വരണാധികാരി. സമാജത്തിന്‍െറ 70ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്ന വര്‍ഷം എന്ന നിലയില്‍ വരുന്ന ഭരണസമിതിക്ക് മുന്നില്‍ വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
