കൊച്ചിയിൽ യു.എ.ഇ-കേരള ലോജിസ്റ്റിക് പാർക്ക്
text_fieldsമുഖ്യമന്ത്രി ഡി.പി.വേൾഡ് ചെയർമാനുമായി ചർച്ച നടത്തി
ദുബൈ: കൊച്ചി കേന്ദ്രീകരിച്ച് ലോജിസ്റ്റിക്സ് പാർക് വികസിപ്പിക്കാൻ ദുബൈ പോർട്ട് വേൾഡ് (ഡി.പി വേൾഡ്) സന്നദ്ധത അറിയിച്ചു. കേരള^യു.എ.ഇ സർക്കാറുകൾ ചേർന്നുള്ള ഉഭയകക്ഷി സംരംഭമായാണ് പാർക്ക് ആരംഭിക്കുക. യു.എ.ഇ സന്ദർശനത്തിെൻറ അവസാന ദിനമായ ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡി.പി വേൾഡ് ചെയർമാൻ സുൽത്താൻ അഹ്മദ് ബിൻ സുലായവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇൗ ധാരണ ഉരുത്തിരിഞ്ഞത്.
വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിെൻറ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുതിയ സംരംഭത്തിന് തുനിയുന്നതെന്ന് ഡി.പി.വേൾഡ് അധികൃതർ വ്യക്തമാക്കി. ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ പാർകിനു വേണ്ട സ്ഥലം ഏറ്റെടുത്തു നൽകാമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകി. കേരളത്തിൽ ഉൾനാടൻ ജലഗതാഗത മേഖലയിൽ വികസന പദ്ധതികൾ ആരംഭിക്കാനും ഡി പി വേൾഡ് താത്പര്യം അറിയിച്ചിട്ടുണ്ട്. 2020ൽ പൂർത്തീകരിക്കും വിധം കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജലപാതയിൽ ഉൾനാടൻ ജലഗതാഗതത്തിെൻറ സർവസാധ്യതകളും വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. ചരക്കുനീക്കവും ഗതാഗതവും സുഗമമായി നടത്താൻ ഈ പദ്ധതി ഫലപ്രദമാവും. ഡി.പി.വേൾഡ് സി.എഫ്.ഒ രാജ്ജിത്ത് സിംഗ് വാലിയ, വൈസ് പ്രസിഡൻറ് ഉമർ അൽ മുഹൈരി, നോർക്ക വൈസ്ചെയർമാനും ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവിയുമായ യൂസുഫലി എം.എ, റീജൻസി ഗ്രൂപ്പ് മേധാവി ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു. കേരളത്തിലെ ചെറുകിട തുറമുഖ വികസന പരിപാടിക്കും ഡി.പി വേൾഡ് താൽപര്യം അറിയിച്ചു. അഴീക്കൽ തുറമുഖമടക്കമുള്ളവ ഈ പദ്ധതിയിലുൾപെടുത്തി വികസിപ്പിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലെ കബോട്ടാഷ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി സംഭാഷണം നടത്തുമെന്നും വൻകിട കപ്പലുകളിൽ നിന്ന് ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടർ ചർച്ചകൾക്കായി പ്രിൻസിപ്പൾ സെക്രട്ടറി ഇളങ്കോവനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡി പി വേൾഡിെൻറ സംരംഭകത്വ സഹായം വഴി കേരളത്തിൽ തൊഴിലവസരം ഗണ്യമായി വർധിക്കുമെന്ന് മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിനു വേണ്ടി എന്ത് ഇടപെടലും ചുരുങ്ങിയ സമയംകൊണ്ട് നടത്തുമെന്ന് ഡി.പി വേൾഡ് ചെയർമാൻ ചർച്ചയിൽ വ്യക്തമാക്കി. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും നന്നായി പ്രവർത്തിക്കാൻ കഴിയുന്ന മേഖല കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക് വഴി ഒരു പുതിയ കൊച്ചി^ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (വ്യാവസായിക പാത) തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
നേരത്തെ ദുബൈ ഹോൾഡിംഗ്സ് ചെയർമാൻ അബ്ദുല്ല ഹബ്ബായിയുമായി മുഖ്യമന്ത്രി പിണറായി വിജയനും എം എ യൂസുഫലിയും ചർച്ച നടത്തിയിരുന്നു. സ്മാർട് സിറ്റി പദ്ധതികളുടെ പുരോഗതിയും കേരള സർക്കാർ നൽകുന്ന പിന്തുണയും ദുബൈ ഗവൺമെൻറിന് കൂടുതൽ ഊർജം പകർന്നിട്ടുണ്ടെന്ന് അബ്ദുല്ല ഹബ്ബായി മുഖ്യമന്ത്രിയെ അറിയിച്ചു.
ഡി പി വേൾഡ് കേന്ദ്രഒാഫീസിൽ എത്തിയ മുഖ്യമന്ത്രിയെ ഡി.പി വേൾഡ് ഉന്നതർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
