Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുടങ്ങിയ കേരള സിലബസ് പരീക്ഷ; ആശങ്കയിൽ വിദ്യാർഥികൾ

text_fields
bookmark_border
തുടർ പഠനത്തെ ബാധിക്കുമെന്നതിനാൽ നടപടി വേണമെന്ന്​ രക്ഷിതാക്കൾ
മുടങ്ങിയ കേരള സിലബസ് പരീക്ഷ; ആശങ്കയിൽ വിദ്യാർഥികൾ
cancel

അബൂദബി: മേഖലയിലെ സാഹചര്യങ്ങളെ തുടര്‍ന്ന് മുടങ്ങിയ കേരള സിലബസ് പരീക്ഷകൾ സംബന്ധിച്ച്​ തീരുമാനമാവാത്തതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക.

പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി രാജ്യത്ത് ആയിരത്തോളം വിദ്യാര്‍ഥികളാണ് കേരള സിലബസ് പിന്തുടരുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത് പ്ലസ് ടു പരീക്ഷ നടക്കാത്തതാണ്. ഉന്നത വിദ്യാഭ്യാസത്തിന് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും അപേക്ഷാ നടപടികള്‍ തുടങ്ങാനും ഇനി അധികം ദിവസങ്ങളില്ല. ഫലം പ്രഖ്യാപിക്കുന്നതോടെ മറ്റ് കുട്ടികള്‍ ഉയര്‍ന്ന പഠന മേഖലകളിലേക്കു തിരിയും. എന്നാല്‍, ഇപ്പോഴും കേരള സിലബസ് പ്ലസ് ടു പരീക്ഷയില്‍ തീരുമാനമാവാത്തതിനാല്‍ യു.എ.ഇയിലെ പ്ലസ്ടു കുട്ടികളുടെ ഭാവി തുലാസിലാകുന്നത്. പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍, ബന്ധപ്പെട്ട അധികൃതര്‍ പരിഹാരം നിര്‍ദേശിക്കുകയും നടപ്പാക്കാന്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതോടെ, ഇതുവരെ നടത്തിയ പരീക്ഷകളില്‍ കൂടുതല്‍ നേടിയ മാര്‍ക്കിന് ആനുപാതികമായി മറ്റ് വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കി ഫലം പ്രഖ്യാപിക്കാനാണ് സി.ബി.എസ്.ഇ തീരുമാനം. പ്ലസ് വണ്‍, പ്ലസ് ടു കോഴ്‌സുകളുടെ ഫലത്തിലും ഉടന്‍ തീരുമാനമാവുമെന്നാണ് സൂചന.

അതേസമയം, കേരള സിലബസ് പരീക്ഷകളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള അനുമതി യു.എ.ഇ അഡക് അധികൃതര്‍ നല്‍കുമെന്ന് കരുതാനാവില്ല. സി.ബി.എസ്.ഇ കൈക്കൊണ്ടതു പോലെയുള്ള പ്രായോഗിക ബദല്‍ പരിഹാരം സ്വീകരിച്ചാല്‍ യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് അത് അംഗീകരിക്കാനുള്ള സാധ്യത ഏറെയാണ്.

എന്നാല്‍ ഇതിന് ബന്ധപ്പെട്ട അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് കുട്ടുകളുടെയും രക്ഷിതാക്കളുടെയും പരാതി. മുമ്പ് നടത്തിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് പരിശോധിച്ച് തീരുമാനം എടുക്കാവുന്നതാണ്. എന്നാല്‍, ഈ പരീക്ഷകള്‍ സ്‌കൂളുകള്‍ അവരവരുടെ മാനദണ്ഡങ്ങളും തീരുമാനങ്ങളും അനുസരിച്ച് നടത്തിയതിനാല്‍, അക്കാദമിക് ലെവലില്‍ എത്രമാത്രം കൃത്യമാവും എന്നത് സംശയമാണ്. അതേസമയം, ഔദ്യോഗികമായ ഒരു പരീക്ഷയും കേരള സിലബസില്‍ നടത്തിയിട്ടില്ല എന്നതിനാല്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല എന്നതും പ്രതിസന്ധിയാണ്.

ഓരോ ദിവസം നീങ്ങുന്തോറും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിച്ചുവരികയാണ്. കേരള സര്‍ക്കാരോ, വിദ്യാഭ്യാസ വകുപ്പോ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മാസ് മെമ്മോറാണ്ടം സമര്‍പ്പിക്കാനും ആലോചനയുണ്ട്​. പ്രവാസി കുടുംബങ്ങളുടെ പ്രതിസന്ധിയായി കണ്ട് പൊതുസമൂഹം ഈ പ്രശ്‌നം ഏറ്റെടുക്കണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala syllabus exam postponed; students worried
Next Story