എയർ കേരളക്ക് പിന്തുണയുമായി കേരളം
text_fieldsഎയർ കേരള ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
ദുബൈ: വ്യോമയാന രംഗത്ത് മലയാളി സംരംഭകരുടെ ഉടമസ്ഥതയിൽ പറന്നുയരാൻ തയാറെടുക്കുന്ന എയർ കേരളക്ക് പൂർണ പിന്തുണയുമായി കേരളം. പ്രവർത്തന പുരോഗതി അറിയിക്കാൻ എയർ കേരള ചെയർമാൻ, വൈസ് ചെയർമാൻ, സി.ഇ.ഒ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.
എയർ കേരള എന്ന സ്വപ്ന പദ്ധതിക്ക് കേരള സർക്കാറിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചതായി ഉടമകൾ വ്യക്തമാക്കി. എയർ കേരള സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എന്ത് സഹായവും ഒരുക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രിയെ കൂടാതെ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ, റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സിയാൽ ഡയറക്ടർ ബോർഡ് അംഗം അൻവർ സാദത്ത് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ തുടങ്ങിയ നേതാക്കളുമായും സംഘം ചർച്ച നടത്തി. കൊച്ചി, കണ്ണൂർ എന്നിവ കൂടാതെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളെ കൂടി ബന്ധിപ്പിച്ചുള്ള സർവിസുകൾ കൂടി പ്രാവർത്തികമാക്കണമെന്നും കേരള വിനോദ സഞ്ചാര മേഖലക്ക് എയർ കേരള മുതൽക്കൂട്ടാകട്ടെയെന്നും പദ്ധതി കേരളത്തിന് അഭിമാനിക്കാൻ വകയുള്ളതാണെന്നും നേതാക്കൾ ആശംസിച്ചു.
എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, സി.ഇ.ഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപറേഷൻസ് മേധാവി ഷാമോൻ പട്ടവാതുക്കൽ, സയ്യിദ് മുഹമ്മദ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

