വർഗീയ-വിഭാഗീയ പ്രചാരണങ്ങളെ കേരളം തള്ളി: പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ റിയാദ് ഘടകം സംഘടിപ്പിച്ച പൊതുയോഗത്തിൽ ജയൻ കൊടുങ്ങല്ലൂർ സംസാരിക്കുന്നു
റിയാദ്: കേരളത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻവിജയം, സാമൂഹിക വിഭജനം നടപ്പാക്കാനുള്ള സർക്കാർ നിലപാടിനും ഹിന്ദുത്വത്തോടുള്ള മൃദു സമീപനത്തിനുമെതിരെയുള്ള ശക്തമായ തിരിച്ചടിയാണെന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം സംഘടിപ്പിച്ച ‘ജനവിധി 2026’ പൊതുയോഗം അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഓൺലൈനായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു.
സാധാരണ മനുഷ്യരെ മുഖവിലക്കെടുക്കാത്ത സിൽവർ ലൈൻ പോലെയുള്ള വികസനവുമായി മുന്നോട്ടുപോകുന്നതും, വർഗീയത മാത്രം പറയുന്നവരെ നവോത്ഥാന നായകനാക്കി കാറിൽ കയറ്റുന്നതും ജനം സഹിക്കില്ലെന്ന് റസാഖ് പാലേരി ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിെൻറ പ്രവർത്തനങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിൽ പ്രവാസി കേന്ദ്രകമ്മിറ്റിയംഗം അംജദ് അലി ആമുഖപ്രഭാഷണം നടത്തി. ആർ.എസ്.എസ്, ബി.ജെ.പി ശക്തികൾക്കെതിരെ ആശയ പ്രതിരോധം തീർക്കേണ്ട ഇടതുപക്ഷം, കേരളത്തിലെ ബഹുസ്വരതയെ തകർക്കും വിധം പെരുമാറിയത് അവരുടെ തോൽവി എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റിയംഗം അഷ്റഫ് കൊടിഞ്ഞി യോഗത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് സംസാരിച്ചവർ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും ഇടതുപക്ഷം തങ്ങളുടെ തെറ്റായ നിലപാടുകൾ തിരുത്തുന്നതിെൻറ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, കെ.എം.സി.സി പ്രതിനിധി ഷാഫി കരുവാരക്കുണ്ട്, ഒ.ഐ.സി.സി നേതാക്കളായ അഡ്വ. എൽ.കെ. അജിത്, അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ നടത്തിയ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതവും പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അഡ്വ. ജമാൽ, ലബീബ് മാറഞ്ചേരി, അഫ്സൽ ഹുസൈൻ, അബ്ദുറഹ്മാൻ മൗണ്ടു, ഷമീർ മേലേതിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

