Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടുന്നു

text_fields
bookmark_border
ഫ്രണ്ട്ഷിപ്പ് കപ്പ് ക്രിക്കറ്റിന് കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് ടീം ബംഗളൂരുവിലേക്ക്
‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടുന്നു
cancel
camera_alt

കേരള ഓവർസീസ് ക്രിക്കറ്റേഴ്സ്​ ടീം

ദുബൈ: പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി, ‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടിയിറങ്ങുന്നു. പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും കളിയോടുള്ള അടങ്ങാത്ത ആവേശത്താൽ ബാറ്റുവീശുന്ന കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് (കെ.ഒ.സി) മറ്റൊരു പോരാട്ടത്തിനായി നാട്ടിലേക്ക് തിരിച്ചുപറക്കുകയാണ്. കേരള വെറ്ററൻസ് ക്രിക്കറ്റേഴ്സുമായി ഏറ്റുമുട്ടുന്ന 12-ാമത് ‘ഫ്രണ്ട്ഷിപ്പ് കപ്പ്’ ക്രിക്കറ്റ് ടൂർണമെന്‍റിൽ മാറ്റുരക്കാനാണ് കെ.ഒ.സി സംഘം യാത്രതിരിക്കുന്നത്.

കെ.വി.സിക്കെതിരെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 24ന് ബംഗളൂരു ബിഡദിയിലെ കിണി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കാനായി ടീം ഒക്ടോബർ 23ന് ബംഗളൂരുവിലേക്ക് തിരിക്കും. ബിജു തോമസ് ക്യാപ്റ്റനായും ബാലാജി നാരായണൻ വൈസ് ക്യാപ്റ്റനായുമാണ് ഇത്തവണ കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് ടീം കളത്തിലിറങ്ങുന്നത്.

വിവിധ തലങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച മുൻ സംസ്ഥാന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്നതാണ് കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് ടീം. മുൻ സംസ്ഥാന താരങ്ങൾ തന്നെ അണിനിരക്കുന്നതാണ് കേരള വെറ്ററൻസ് ക്രിക്കറ്റേഴ്സ്. വിദേശത്തും നാട്ടിലുമുള്ള മുൻ കേരള ക്രിക്കറ്റ് താരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 2013ലാണ് കെ.ഒ.സി രൂപീകൃതമായത്. മുൻ താരങ്ങൾക്ക് പരസ്പരം വീണ്ടും കാണാനും സൗഹൃദം പുതുക്കാനും മത്സര ക്രിക്കറ്റിലൂടെ കളിയിലുള്ള ആവേശം നിലനിർത്താനും അവസരമൊരുക്കുകയാണ് ടൂർണമെന്‍റിന്‍റെ പ്രധാന ലക്ഷ്യം.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പൂർണ പിന്തുണയോടെയാണ് 2013 മുതൽ ടൂർണമെന്‍റ് തുടർച്ചയായി സംഘടിപ്പിച്ചു വരുന്നത്. പഴയ സഹതാരങ്ങളും എതിരാളികളും വീണ്ടും മൈതാനത്ത് ഒന്നിക്കുന്നതോടെ കളിക്കണക്കിലെ വാശിക്കപ്പുറം സൗഹൃദത്തിന്‍റെ റണ്ണുകൾ പിറവിയെടുക്കുന്ന മത്സരങ്ങളാണ് ‘ഫ്രണ്ട്ഷിപ്പ് കപ്പ്’ ടൂർണമെന്‍റിന്‍റെ സവിശേഷത.

ഓർമകളുടെയും കാലത്തിനും കീഴടക്കാനാവാത്ത കളിയാവേശത്തിന്‍റെയും അവിസ്മരണീയമായ മറ്റൊരു അധ്യായത്തിനാണ് ഇത്തവണത്തെ പതിപ്പും സാക്ഷ്യം വഹിക്കുന്നത്. കപ്പൽ ലോജിസ്റ്റിക്സ്, ഗ്രാൻഡ്, ഹോണസ്റ്റ് സ്റ്റീൽ, സീൻസ് ബിസിനസ് സെന്‍റർ എന്നിവരാണ് ഇത്തവണത്തെ ഫ്രണ്ട്ഷിപ്പ് കപ്പ് ടൂർണമെന്‍റിന്‍റെ മുഖ്യ സ്പോൺസർമാർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Overseas Cricketers Team padding up Friendship Cup Cricket
Next Story