കേരള മോഡലിന് നിറം മങ്ങി - ചെന്നിത്തല
text_fieldsഫുജൈറയില്‍ ഇന്‍കാസ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അക്കാദമിക് എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങില്‍ രമേശ് ചെന്നിത്തല നിലവിളക്ക് കൊളുത്തുന്നു
ഫുജൈറ: കേരള മോഡലിന് നിറം മങ്ങിയെന്നും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളത്തിലുണ്ടായ പ്രതിസന്ധി വളരെ വലുതാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, മികച്ച വിദ്യാഭ്യാസവും ഉചിതമായ ശമ്പളത്തോട് കൂടിയ ജോലിയും യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഫുജൈറയില്‍ ഇന്‍കാസ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അക്കാദമിക് എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പത്തു വര്‍ഷക്കാലം ഒരു സർക്കാർ ഭരിച്ചിട്ട് മയക്കുമരുന്ന് നിയന്ത്രിക്കാനായില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥാജനകമാണ്. നമ്മുടെ കുട്ടികളെ അതില്‍നിന്ന് മോചിപ്പിക്കണം. ഇതിനെതിരൊയ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം. അതിന് പ്രവാസികളുടെയും കുടുംബങ്ങളുടെയും പൂർണ പിന്തുണ വേണം. ഫുജൈറ, ദിബ്ബ, ഖോര്‍ഫഖാന്‍ മേഖലകളിലെ വിവിധ സ്കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മികവ് തെളിയിച്ച അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
ഫുജൈറ ഇന്‍കാസ് പ്രസിഡന്റ് ജോജു മാത്യു ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് സുനില്‍ അസീസ്, മുഹമ്മദ് ജാബിര്‍, അശോക് കുമാര്‍, ബി.എ നാസര്‍, പി.സി ഹംസ, ലെസ്റ്റിന് ഉണ്ണി, ജി. പ്രകാശ്, ജിതിഷ് നമ്പറോണ്‍, ബിജോയി ഇഞ്ചിപറമ്പില്‍, ബേബി തങ്കച്ചന്, സജി ചെറിയാന് ഉൾപ്പെടെയുള്ളവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള, ഫുജൈറയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ അവാര്‍ഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

